Monday, October 5, 2015

ആലുവയില്‍ കണ്ടത് അഴിമതിയുടെ ശിവരാത്രി

ആലുവ > സൗരോര്‍ജവിളക്കുമുതല്‍ കുട്ടികളുടെ പാര്‍ക്കിലേക്ക് കളിപ്പാട്ടം വാങ്ങിയതില്‍വരെ അഴിമതി. വികസനത്തിന്റെ പേരില്‍ ലണ്ടനിലേക്ക് ചെയര്‍മാന്റെയും കൂട്ടരുടെയും ഉല്ലാസയാത്ര. ആലുവ മുനിസിപ്പാലിറ്റിയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം ജനമനസ്സിലവശേഷിപ്പിക്കുന്നത് വികസനത്തിന്റെയും ക്ഷേമത്തിന്റെയും ചിത്രമല്ല, മറിച്ച് തൊട്ടതിലെല്ലാം അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ നാണക്കേടിന്റെ അടയാളമാണ്. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയിട്ടും കോണ്‍ഗ്രസിലെ എ-ഐ മൂപ്പിളമതര്‍ക്കമാണ് ഭരണത്തിലെ കൂട്ടുത്തരവാദിത്തത്തിന് തുരങ്കംവച്ചത്. മുരടിച്ചത് ആലുവയുടെ വികസനവും.

ഐ വിഭാഗം കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും കൗണ്‍സിലില്‍നിന്നും നഗരസഭയുടെ പൊതുപരിപാടികളില്‍നിന്നും പതിവായി വിട്ടുനില്‍ക്കുകയായിരുന്നു. ഭരണമേന്മ പരിശോധിക്കാനായി നാലുതവണ വീണുകിട്ടിയ ഉപതെരഞ്ഞെടുപ്പുകള്‍ മാത്രംമതി വോട്ടര്‍മാരുടെ മനസ്സറിയാന്‍. നാലില്‍ മൂന്നുതവണയും ജനം യുഡിഎഫിനെ കൈയൊഴിഞ്ഞു. അധികാരത്തിലേറിയ നാള്‍മുതല്‍ അഴിമതിയും തുടങ്ങി. മുനിസിപ്പാലിറ്റിക്ക് ചൂണ്ടിയിലുള്ള 87 സെന്റ് സ്ഥലം ചുളുവിലയ്ക്ക് ഭൂമാഫിയക്ക് വില്‍ക്കാനുള്ള നീക്കം കോടതിയില്‍നിന്ന് സ്റ്റേഓര്‍ഡര്‍ വാങ്ങിയാണ് എല്‍ഡിഎഫ് തടഞ്ഞത്. ചെയ്ത ജോലിക്ക് കൂലിചോദിച്ച കണ്ടിന്‍ജന്റ് ജീവനക്കാരനെ പൊലീസിനെക്കൊണ്ട് അറസ്റ്റ്ചെയ്യിച്ച് പീഡിപ്പിച്ച സംഭവവുമുണ്ടായി. പീഡനത്തില്‍ മനംനൊന്ത് മുരുകനെന്ന കണ്ടിന്‍ജന്റ് ജീവനക്കാരന്‍ ആത്മഹത്യചെയ്തു.

ലക്ഷങ്ങള്‍മുടക്കി കുട്ടികള്‍ക്കു വാങ്ങിയ നിലവാരമില്ലാത്ത കളിയുപകരണങ്ങള്‍ ദിവസങ്ങള്‍ക്കകം നശിച്ചു. പുളിഞ്ചോട് കവലയില്‍ സ്ഥാപിച്ച സൗരോര്‍ജവിളക്കുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച വിളക്കുകള്‍ ഒരുമാസമെത്തുംമുമ്പേ മിഴിയടച്ചു. അറ്റകുറ്റപ്പണിക്ക് കരാറുണ്ടാക്കാത്തതിനാല്‍ കരാറുകാരന്‍ കിട്ടിയ പണവുമായി പൊടിയും തട്ടിപ്പോയി. മൂക്കുപൊത്താതെ നഗരത്തില്‍ വഴിനടക്കാനാവില്ലെന്നതാണിപ്പോള്‍ സ്ഥിതി. മാലിന്യം നിറച്ച ചാക്കുകള്‍ ടൗണ്‍ഹാള്‍വളപ്പില്‍ കുന്നുകൂട്ടിയിരിക്കുന്നു. മാര്‍ക്കറ്റിനുമുന്നിലും ദേശീയപാതയോരത്തും മുനിസിപ്പാലിറ്റിയിലെ മാലിന്യംതള്ളല്‍ പതിവായിരുന്നു. മലിനജല ശുദ്ധീകരണപ്ലാന്റ് വര്‍ഷങ്ങളോളം നന്നാക്കാതെ കേടായിക്കിടന്നു. അദൈ്വതാശ്രമത്തിലെ സ്വാമിമാര്‍ പ്രതിഷേധിച്ചപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍നിന്നുള്ള ഏഴുലക്ഷം ചെലവഴിച്ച് പ്ലാന്റ് പുതുക്കിയെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ കേടായി.

ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനവുമായി തറക്കല്ലിട്ട പൊതുമാര്‍ക്കറ്റിന്റെ നിര്‍മാണം 14 മാസം കഴിഞ്ഞിട്ടും തുടങ്ങിയില്ല. എല്‍ഡിഎഫ് ഭരണകാലത്ത് കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനംനടത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കച്ചവടക്കാര്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. ബ്രിട്ടീഷ് ഹൈകമീഷനുകീഴിലുള്ള അറ്റ്കിന്‍സ് ഇന്റര്‍നാഷണലുമായി ചേര്‍ന്ന് നഗരവികസന മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയെന്നു വീമ്പുപറഞ്ഞവര്‍ ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ വികസനത്തെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടുന്നില്ല. ചെയര്‍മാനും പരിവാരങ്ങളും ഈ ചെലവില്‍ ലണ്ടന്‍യാത്ര നടത്തിയതുമാത്രം മിച്ചം. കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതി പണികഴിപ്പിച്ച ഇ എം എസ് സ്മാരക സാംസ്കാരികകേന്ദ്രവും ഓപ്പണ്‍എയര്‍ ഓഡിറ്റോറിയവും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാതെ കുപ്പത്തൊട്ടിയാക്കി. ആലുവ പട്ടണത്തിന്റെ തീരാശാപമായ വെള്ളക്കെട്ടിനു പരിഹാരംകാണാനുള്ള ചെറുശ്രമംപോലും നടത്താത്തതിനാല്‍ കച്ചവടക്കാരും പ്രതിഷേധത്തിലാണ്.

No comments:

Post a Comment