Saturday, October 3, 2015

വോട്ടര്‍മാര്‍ 16,29,576, 1569 ഡിവിഷനുകള്‍ 'ആലപ്പുഴ ജില്ല'

തദ്ദേശസ്ഥാപനങ്ങളില്‍ വനിതകള്‍ക്കു 50 ശതമാനം സീറ്റുസംവരണം ഏര്‍പ്പെടുത്തിയശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പിനു ആലപ്പുഴ ജില്ല തയ്യാറെടുക്കുന്നു. 23 അംഗ ജില്ലാപഞ്ചായത്ത്, 12 ബ്ലോക്ക് പഞ്ചായത്തുകള്‍, 72 ഗ്രാമപഞ്ചായത്തുകള്‍, ആറ് നഗരസഭകള്‍ എന്നിവിടങ്ങളിലേക്കാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ്. 2010ലെ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ അഞ്ചു നഗരസഭകളായിരുന്നു ഉണ്ടായിരുന്നത്. ഇക്കുറി പുതുതായി രൂപീകരിച്ച ഹരിപ്പാട് അടക്കം നഗരസഭകള്‍ ആറെണ്ണം.ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് ആലപ്പുഴ ജില്ലയില്‍ 16,29,576 വോട്ടര്‍മാരുണ്ട്.

വനിതാവോട്ടര്‍മാര്‍ 8,57,726 പേര്‍. പുരുഷവോട്ടര്‍മാര്‍ 7,71,847.13 ഹിജഡ വോട്ടര്‍മാരുണ്ട് ഇക്കുറി ജില്ലയില്‍. 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 15,75,978 വോട്ടര്‍മാരാണ ഉണ്ടായിരുന്നത്. ഇക്കുറി 53,598 വോട്ടര്‍മാര്‍ കൂടുതല്‍.കഴിഞ്ഞകുറി ജില്ലയില്‍ 73 ഗ്രാമപഞ്ചായത്തുകള്‍ ഉണ്ടായിരുന്നു. ഇത്തവണ ചാരുംമൂട്, അര്‍ത്തുങ്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ പുതുതായി രൂപീകരിച്ചു. എന്നാല്‍ ഇതുള്‍പ്പെടെ സംസ്ഥാനത്ത് 69 ഗ്രാമപഞ്ചായത്ത് പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. അതേസമയം ഹരിപ്പാട് ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തിയതോടെ മൊത്തം ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ജില്ലയില്‍ 73ല്‍നിന്നു 72 ആയി കുറഞ്ഞു.ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയിലായി 1569 ഡിവിഷനുകളാണുള്ളത്. ജില്ലാപഞ്ചായത്ത്-23, ബ്ലോക്ക് പഞ്ചായത്ത്-158, ഗ്രാമപഞ്ചായത്ത്-1173, നഗരസഭകള്‍-215 എന്നിങ്ങനെയാണ് ഡിവിഷനുകള്‍.

ആലപ്പുഴ-52 ചേര്‍ത്തല-35, കായംകുളം-44, മാവേലിക്കര-28, ചെങ്ങന്നൂര്‍-27, ഹരിപ്പാട്-29 എന്നിങ്ങനെയാണ് നഗരസഭകളിലെ ഡിവിഷനുകളുടെ എണ്ണം. കഴിഞ്ഞതവണ ആകെയുണ്ടായിരുന്ന 1553 ഡിവിഷനുകളിലായി 5146 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. തൈക്കാട്ടുശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട്, അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂര്‍, ഹരിപ്പാട്, മാവേലിക്കര, ഭരണിക്കാവ്, മുതുകുളം എന്നിവയാണ് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍. ഇവയില്‍ പട്ടണക്കാട്, മുതുകുളം എന്നിവിടങ്ങളില്‍ 14 വീതവും ശേഷിച്ച പത്തിടങ്ങളില്‍ 13 വീതവും ഡിവിഷനുകള്‍ ഉണ്ട്. ജില്ലാപഞ്ചായത്തും ആലപ്പുഴ, മാവേലിക്കര നഗരസഭകളും എല്‍ഡിഎഫ് ഭരിക്കുന്നു. ചേര്‍ത്തല, കായംകുളം, ചെങ്ങന്നൂര്‍ നഗരസഭകളില്‍ യുഡിഎഫ്. 12 ബ്ലോക്ക് പഞ്ചായത്തില്‍ അഞ്ചെണ്ണം എല്‍ഡിഎഫിനും ഏഴെണ്ണം യുഡിഎഫിനുമാണ്. കഞ്ഞിക്കുഴി, ആര്യാട്, വെളിയനാട്, മാവേലിക്കര, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തുകളാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 38 ഉം യുഡിഎഫ് 35 ഉം ഭരിക്കുന്നു.തെരഞ്ഞെടുപ്പ് നേരിടാന്‍ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് രംഗത്തിറങ്ങുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങള്‍ക്തെിരെ നടത്തിവരുന്ന ജനകീയപ്രക്ഷോഭം എല്‍ഡിഎഫിനു വലിയ ആത്മവിശ്വാസം പകരുന്നു.

എല്‍ഡിഎഫ് ഭരണസമിതികള്‍ നടപ്പാക്കുന്ന ജനപക്ഷ വികസനപദ്ധതികളും എല്‍ഡിഎഫിന്റെ തുറുപ്പുചീട്ടാകും. അതേസമയം, അഴിമതിയും സാമ്പത്തികക്രമക്കേടും വികസനമുരടിപ്പും നിഴലിക്കുന്ന യുഡിഎഫ് ഭരണസമിതികള്‍ ജനങ്ങളില്‍ കടുത്ത അവമതിപ്പു ഉണ്ടാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായിനിന്ന കെ ആര്‍ ഗൗരിയമ്മ നയിക്കുന്ന ജെഎസ്എസും എം വി രാഘവന്റെ സിഎംപിയില്‍ ഒരു വിഭാഗവും എല്‍ഡിഎഫിനൊപ്പമാണ്. ഈ മാറ്റവും ജില്ലയില്‍ എല്‍ഡിഎഫിനു കരുത്തുപകരും. ജനജീവിതം ഇത്രമേല്‍ തകര്‍ത്തെറിയപ്പെട്ട കാലം ഉണ്ടായിട്ടില്ല. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ഇത്രകണ്ട് ഭീതിദമായ സാഹചര്യവും മുമ്പുണ്ടായിട്ടില്ല. ഇക്കാരണത്താല്‍തന്നെ വോട്ടര്‍മാരുടെ രാഷ്ട്രീയമനസ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതില്‍ അത്ഭുതമില്ല. ജനങ്ങളെ ശത്രുക്കളായി കണ്ടുള്ള നടപടികള്‍ ഒന്നൊന്നായി എടുക്കുമ്പോഴും അതിനെതിരെ അതിശക്തമായ ജനകീയചെറുത്തുനില്‍പ്പും ഉയര്‍ന്നു. അത്തരം എതിര്‍പ്പുകളെ അടിച്ചമര്‍ത്താനുള്ള ഭരണകൂടങ്ങളുടെ ശ്രമങ്ങളെ എതിരിട്ടു നാട്ടിലെങ്ങും ജനകീയപ്രതിരോധം ശക്തിപ്പെടുന്ന അനുഭവം ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയസവിശേഷത. ആലപ്പുഴ സീമാസ് സമരം, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കില്‍ 11 ദിവസം നീണ്ട കയര്‍സമരം എന്നിവയൊക്കെ വിജയം കണ്ട ജനകീയസമരങ്ങളായി മാറി. കേരളത്തിന്റെ നെല്ലറികളില്‍ ഒന്നായ കുട്ടനാട് തകര്‍ച്ചയുടെ വക്കില്‍. ഏറെ കൊട്ടിഘോഷിച്ച കുട്ടനാട് പാക്കേജ് യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. കയര്‍, മത്സ്യം, കശുവണ്ടി തുടങ്ങി ജില്ലയുടെ നട്ടെല്ലായ പരമ്പരാഗതവ്യവസായങ്ങള്‍ തകര്‍ന്നു. ഈ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും അതിശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ഡോ. മീനാകുമാരി റിപ്പോര്‍ട്ട് കടലിന്റെ മക്കളുടെ ജീവിതം തകര്‍ത്തു. ഇത്തരം നയങ്ങള്‍ക്കെതിരെ സിപിഐ എം സ്വന്തംനിലയിലും എല്‍ഡിഎഫും നടത്തിയത് എണ്ണമറ്റ പ്രക്ഷോഭങ്ങള്‍. ഈ പ്രക്ഷോഭങ്ങളുടെ ഉയര്‍ന്നരൂപമായിരുന്നു ആഗസ്ത് 11നു സിപിഐ എം സംഘടിപ്പിച്ച ജനകീയപ്രതിരോധം. സംഘപരിവാര്‍ ശക്തികള്‍ അഴിച്ചുവിടുന്ന കടുത്തവര്‍ഗീയഭ്രാന്തിനെതിരായി വലിയ ചെറുത്തുനില്‍പും പ്രക്ഷോഭങ്ങളും നാട്ടില്‍ അലയടിച്ചുയരുന്നു. ഇതിനു ചുക്കാന്‍പിടിക്കുന്നതും സിപിഐ എം. ജനങ്ങള്‍ ഭരണവര്‍ഗത്തിന്റ നെറികേടിനും ജനവിരുദ്ധതയ്ക്കും എതിരായി ശക്തമായ വിധിയെഴുത്തിനു തയ്യാറെടുക്കുകയാണ്. മറുവശത്ത് പാളയത്തില്‍പ്പടയും ചേരിപ്പോരും കാരണം യുഡിഎഫ് കിതയ്ക്കുന്നു. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസ് ഗ്രൂപ്പുവടംവലിയും ചേരിപ്പോരും കാരണം ജനങ്ങളില്‍നിന്നു ഒറ്റപ്പെട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ്പുവൈരം ഘടകകക്ഷികള്‍ക്കിടയില്‍ അതൃപ്തി പടര്‍ത്തി. ഇതു യുഡിഎഫ് ക്യാമ്പില്‍ അങ്കലാപ്പ് ഉയര്‍ത്തുന്നു.

ജൈവപച്ചക്കറികൃഷിനാട് നെഞ്ചേറ്റിയ മാതൃക

ആലപ്പുഴ > അങ്കമാലിയ്ക്കടുത്ത് തുറവൂരില്‍ വാതക്കോട് ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷം പുറത്തിറങ്ങിയവര്‍ ജൈവ പച്ചക്കറി നിറച്ച കിറ്റുകളുമായാണ് വീടുകളിലേക്ക് മടങ്ങിയത്. മാര്‍പ്പാപ്പയുടെ ചാക്രിക ലേഖനം "ലൌദാത്തോ സി' പള്ളിയില്‍ വായിച്ച ദിവസമായിരുന്നു അന്ന്. ഈ രേഖ സംബന്ധിച്ച പ്രസംഗത്തിനിടെ അമിത രാസവള കീടനാശിനി പ്രയോഗത്തിനെതിരെ ജൈവകൃഷി എന്ന മാതൃക ഉയര്‍ത്തിക്കാണിച്ചു. അങ്ങനെയാണ് കുര്‍ബാനയ്ക്കുശേഷം പള്ളിമുറ്റത്ത് ജൈവ പച്ചക്കറി വില്‍പന സംഘടിപ്പിച്ചത്. സിപിഐ എം വാതക്കോട് ബ്രാഞ്ച് വിളയിച്ച പച്ചക്കറികളായിരുന്നു അതെന്ന് അവിടം സന്ദര്‍ശിച്ചശേഷം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സിപിഐ എം നേതൃത്വത്തില്‍ സംസ്ഥാനമാകെ സംഘടിപ്പിച്ച ജനകീയ ജൈവപച്ചക്കറി കൃഷിയുടെ ഭാഗമായാണ് ഇവിടെയും കൃഷിയിറക്കിയത്്. ഓണക്കാലത്ത് ഇത്തരം ആയിരത്തോളം ജൈവ പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ സംസ്ഥാനമാകെ തുറന്നു. 2014 നവംബര്‍ 30ന് കഞ്ഞിക്കുഴിയില്‍ നടന്ന സംസ്ഥാനതല ജൈവപച്ചക്കറി കൃഷി സെമിനാറിലാണ് ഇതുസംബന്ധിച്ച ജനകീയ ബദലിന് രൂപം നല്‍കിയത്. ചൊരിമണലില്‍ ഹരിതവിപ്ലവം തീര്‍ത്ത "കഞ്ഞിക്കുഴി മോഡല്‍' സംസ്ഥാനത്ത് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എകെജി പഠന ഗവേഷണ കേന്ദ്രമാണ് തിരുവനന്തപുരം ഇഎംഎസ് അക്കാദമിയില്‍ ശില്‍പ്പശാലയും പിന്നീട് സെമിനാറും സംഘടിപ്പിച്ചത്. ജൈവ പച്ചക്കറി ഉല്‍പാദിപ്പിക്കാന്‍ ഇപ്പോള്‍ നാടാകെ ഉല്‍സാഹത്തോടെ രംഗത്തിറങ്ങുന്നു.

സര്‍ക്കാര്‍ പുറമ്പോക്കുകള്‍, കൃഷിയില്ലാത്ത സ്ഥലങ്ങള്‍, വീട്ടുമുറ്റങ്ങള്‍, ടെറസുകള്‍ തുടങ്ങി ഒരു നാമ്പെങ്കിലും മുളയ്ക്കാന്‍ ഇടയുള്ള എല്ലായിടവും ഹരിതാഭമാകുന്നു. വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ വിവിധ സംഘടനകള്‍ തുടങ്ങി സമൂഹമൊന്നാകെ ഏറ്റെടുക്കുകയാണ്. ജനകീയ കാര്‍ഷിക മാതൃകകളും വിവിധയിനം പച്ചക്കറികളുടെ കൃഷിരീതികളും കീടനിയന്ത്രണ മാര്‍ഗങ്ങളും പകര്‍ന്നുനല്‍കാന്‍ പ്രത്യേക ഹരിതസേന പ്രവര്‍ത്തിക്കുന്നു. കഞ്ഞിക്കുഴി ബ്ലോക്ക്തല പച്ചക്കറിത്തൈ ഉല്‍പ്പാദനകേന്ദ്രത്തിലെ പോളി ഹൗസില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറിത്തൈകള്‍, പോളി ഹൗസുകള്‍, ഗ്രോ ബാഗുകള്‍ എന്നിവയെല്ലാം ജൈവകൃഷിമാതൃകയെ ജനകീയമാക്കി. ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ സംസ്ഥാന കൃഷി വകുപ്പ് ആവിഷ്കരിച്ച പദ്ധതി കടലാസില്‍ വിശ്രമിക്കുമ്പോഴാണ് ഈ ബദല്‍ മാതൃക ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധ നേടുന്നത്. ജനകീയ ജൈവ പച്ചക്കറി കൃഷിയും വില്‍പ്പനയും ജില്ലയില്‍ വന്‍ മുന്നേറ്റമായി.

ഓണക്കാലത്ത് 4000 ടണ്‍ പച്ചക്കറി ജില്ലയിലെ വിപണിയിലെത്തിച്ചു. 400 ഏക്കറോളം വരുന്ന സ്ഥലത്ത് പുതുതായി കൃഷിയിറക്കി. ഏത്തയ്ക്ക, ചെറുപഴം, തക്കാളി, പയര്‍, വെണ്ട, പാവല്‍, പടവലം, മത്തന്‍, വെള്ളരി, ചീര, വഴുതന, ചേന, ചേമ്പ് തുടങ്ങിയവ ഉല്‍പ്പാദിപ്പിച്ചു. ഓണക്കാലം ലക്ഷ്യംവച്ച് ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും സമിതികള്‍ രൂപീകരിച്ചായിരുന്നു കൃഷി. ചെങ്ങന്നൂരിലെ കാരയ്ക്കാട് ജില്ലാതല ഉദ്ഘാടനം ജി സുധാകരന്‍ എംഎല്‍എയാണ് നിര്‍വഹിച്ചത്. ഇതോടൊപ്പം പാര്‍ടി അംഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും പാര്‍ടി ഓഫീസുകളിലും മുറ്റത്തും മട്ടുപ്പാവിലും "മുറ്റം നിറയെ പച്ചക്കറി" എന്ന ക്യാമ്പയിന്‍ നടന്നു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് പച്ചക്കറിതൈത്തകള്‍ നട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

രാസവളവും രാസകീടനാശിനിയും തളിച്ച വിഷംകലര്‍ന്ന പച്ചക്കറികള്‍ക്ക് ബദലായി പുതിയ കാര്‍ഷിക സംസ്കാരവും അതിനുള്ള അവബോധവും സൃഷ്ടിക്കുന്നതില്‍ പാര്‍ടിയുടെ ഈ പ്രവര്‍ത്തനം നല്ല പങ്ക് വഹിച്ചു. ഇതരസംസ്ഥാന പച്ചക്കറികളുടെ വരവ് നിയന്ത്രിക്കാനും വിലനിലവാരം പിടിച്ചുനിര്‍ത്താനും കഴിഞ്ഞു. എല്ലാ ഉത്സവനാളുകളിലും ഇത്തരം വിപണനകേന്ദ്രങ്ങള്‍ ഒരുക്കാനും സ്ഥിരമായി വിഷരഹിത പച്ചക്കറി ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ പ്രസ്ഥാനം.

ജനകീയമാതൃക സൃഷ്ടിച്ച് ജില്ലാ പഞ്ചായത്ത്

ആലപ്പുഴ > എല്‍ഡിഎഫ് നയിക്കുന്ന ആലപ്പുഴ ജില്ലാപഞ്ചായത്ത് അഞ്ചുവര്‍ഷം നടപ്പാക്കിയ ജനകീയപദ്ധതികള്‍ സംസ്ഥാനത്തിനു തന്നെ മാതൃകയായി. വനിതാശാക്തീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്ത്രീസൗഹൃദകേന്ദ്രം ഇതില്‍ വേറിട്ടുനില്‍ക്കുന്നു. സ്ത്രീ സുരക്ഷിതത്വവും സ്വാശ്രയത്വവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീസൗഹൃദകേന്ദ്രം സ്ഥാപിച്ചത്. ആറുകോടി രൂപ ചെലവില്‍ 60 സെന്റ് സ്ഥലത്ത് 8200 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ രണ്ട് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം 50 മുറികള്‍ ഉള്ളതാണ്. ഈ സംരംഭം രാജ്യത്ത് ആദ്യത്തേതാണ്.കാര്‍ഷികമേഖലയിലും ജില്ലാപഞ്ചായത്ത് ഒട്ടേറെ ജനകീയമാതൃകകള്‍ സൃഷ്ടിച്ചു. "തരിശുരഹിത ഹരിതജില്ല' എന്നപേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കി. തരിശുകിടന്ന എണ്ണമറ്റ പാടശേഖരങ്ങളില്‍ നെല്‍കൃഷി പുനരാരംഭിച്ചു. പച്ചക്കറി കൃഷി വ്യാപകമാക്കി. ഇടവിളകൃഷി പ്രോത്സാഹിപ്പിച്ചു. കൃഷിക്ക് അഞ്ചുവര്‍ഷം 17,87,88,838 രൂപ ചെലവിട്ടു.

വനിതാഗ്രൂപ്പുകള്‍ രൂപീകരിച്ച് പരിശീലനം നല്‍കി. കാറ്ററിങ്, ബയോഗ്യാസ് പ്ലാന്റ് നിര്‍മാണം, മുളകുപൊടി ഉല്‍പാദനം, ബൂ്യട്ടിപാര്‍ലര്‍ നടത്തിപ്പ്, കയര്‍പിരി, യന്ത്രവല്‍കൃത കയര്‍പിരി, കടലാസുബാഗ് നിര്‍മാണം എന്നിവയില്‍ വനിതകള്‍ക്കു പരിശീലനം നല്‍കി. പട്ടികജാതി വനിതകള്‍ക്ക് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിന്റെ സഹായത്തോടെ തൊഴിലുറപ്പു നല്‍കുന്ന ഹോട്ടല്‍ മാനേജ്മെന്റ് പരിശീലനം നല്‍കി. ഇതിന് 25 ലക്ഷം രൂപ ചെലവിട്ടു. പട്ടികജാതി വിഭാഗങ്ങളിലെ പത്താംക്ലാസ്, പ്ലസ്ടു വിദ്യാര്‍ഥികളുടെ പഠനിലവാരം മെച്ചപ്പെടുത്താനും കമ്പ്യൂട്ടര്‍ പരിജ്ഞാനം ലഭ്യമാക്കാനും 48 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പാക്കി. പട്ടികജാതി കോളനികളുടെ ആധുനികവല്‍കരണത്തിനു 24 കോടിരൂപ ചെലവിട്ടു. ഈ വിഭാഗത്തിലെ വനിതകളുടെ വീട് നവീകരിക്കാന്‍ 38.25 ലക്ഷംരൂപ അനുവദിച്ചു.ആലപ്പുഴ ജില്ലയെ സമ്പൂര്‍ണ പാലിയേറ്റീവ് ജില്ലയാക്കിയത് മറ്റൊരു ചരിത്രനേട്ടം. കാരുണ്യം തേടുന്നവരുടെ പരിചരണത്തിന് 73 പാലിയേറ്റീവ് നേഴ്സുമാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയശേഷം ഒരു ഗ്രാമപഞ്ചായത്തിനു ഒരാളെ എന്ന കണക്കില്‍ നല്‍കി. പഠനിലവാരം ഉയര്‍ത്താനും ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനും നടപ്പാക്കിയ പദ്ധതിയാണ് "പഠനശ്രീ'.

ഇതിനുപുറമേ വിദ്യാദീപ്തി, തീരദേശ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു നടപ്പാക്കിയ തീരജ്യോതി, അക്ഷരദീപം, അക്ഷരവൃക്ഷ, മൊഴി തുടങ്ങിയ വിദ്യാഭ്യാസപദ്ധതികളും ഈ രംഗത്തു ഗുണപരമായ മാറ്റമുണ്ടാക്കി. ഈ പദ്ധതികള്‍ക്കു അഞ്ചുവര്‍ഷം ചെലവാക്കിയത് 9,74,60,349 രൂപ. ഈ രംഗത്തെ ശ്രദ്ധേയമായ മറ്റൊരു പദ്ധതിയാണ് "സ്റ്റുഡന്റ്സ് ഡോക്ടര്‍'. കുട്ടികള്‍ക്ക് പ്രഥമശുശ്രൂഷാ പരിശീലനവും മാനസികക്കരുത്തു വര്‍ധിപ്പിക്കലും ലക്ഷ്യമിട്ടാണിത്. ഇക്കാലയളവില്‍ ജില്ലാപഞ്ചായത്ത് നേരിട്ട് 31 അങ്കണവാടികള്‍ സ്ഥാപിച്ചു. പുതിയ കെട്ടിടം പണിതാണ് ഇവ സ്ഥാപിച്ചത്. വിവിധ ഏജന്‍സികളുടെ ഭവനിര്‍മാണപദ്ധതികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ മുന്‍കൈയെടുത്തു. ഇഎംഎസ് ഭവനിര്‍മാണത്തിനു 2.50 കോടി, ഐഎവൈ പദ്ധതിക്ക് 12.41 കോടി, അഗതി, ആശ്രയ ഭവനപദ്ധതിക്ക് 1.30 കോടി, വികലാംഗരുടെ ഭവനപദ്ധതിക്ക് 48 ലക്ഷം എന്നിങ്ങനെ വിവിധ അഞ്ചുവര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത് ചെലവിട്ടത് 25,57,01,630 രൂപ. ഭൂസംരക്ഷണം, പൂകൃഷി വ്യാപിപ്പിക്കല്‍ ലക്ഷ്യമിട്ടു നടപ്പാക്കിയ പുഷ്പജാലകം, ഉപയോഗശൂന്യമായ ജലാശയങ്ങളില്‍ നടപ്പാക്കിയ താമരപ്പൂവ്-ആമ്പല്‍പ്പൂവ് കൃഷി, എച്ച്ഐവി ബാധിതര്‍ക്കായി നടപ്പാക്കിയ പോഷകാഹാരപദ്ധതിയും അനുബന്ധനടപടികളും, തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍, പൊതുമരാമത്ത് പ്രവൃത്തികള്‍ എന്നിവയൊക്കെ ജില്ലാപഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതിയുടെ നേട്ടങ്ങളില്‍പ്പെടുന്നു.

ഉറവിടമാലിന്യ സംസ്കരണത്തില്‍ ആലപ്പുഴ മോഡല്‍

ആലപ്പുഴ > തലസ്ഥാന നഗരത്തില്‍ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട ചാല മാര്‍ക്കറ്റ് ശുചീകരിച്ചതോടെ ആലപ്പുഴമോഡല്‍ ശുചീകരണം നാടിെന്‍റ ബഹുജന പങ്കാളിത്തമുള്ള മാതൃകയായി. കോടികള്‍ ചെലവിട്ട് നിര്‍മിച്ച കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഉറവിട മാലിന്യ സംസ്കരണവും അതിനായി ബഹുജന പ്രസ്ഥാനവും രൂപംകൊണ്ടത്. ഉറവിട മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളെ ബഹുജനപ്രസ്ഥാനമായി വികസിപ്പിക്കാന്‍ എകെജി പഠന ഗവേഷണ കേന്ദ്രം ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറാണ് തീരുമാനിച്ചത്. തുടര്‍ന്ന് നഗരസഭ വിജയിപ്പിച്ച "നിര്‍മല ഭവനം; നിര്‍മല നഗരം' പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിച്ചു. നഗരങ്ങള്‍ ഉല്‍പാദിപ്പിക്കുന്നവയില്‍ 75-80ശതമാനംവരെ ജൈവമാലിന്യമാണ്. പ്ലാസ്റ്റിക്കും കടലാസുംകൂടി 12 ശതമാനം. ലോഹങ്ങള്‍, തുണി, ഗ്ലാസ്, റബ്ബര്‍, ലതര്‍, റെക്സിന്‍ തുടങ്ങിയവയാണ് ബാക്കിയുള്ളവ. ഈ മാലിന്യത്തിന്റെ 75-85 ശതമാനവും കമ്പോസ്റ്റായോ ഇന്ധനമായോ മാറ്റാമെങ്കിലും ശരിയായ ആസൂത്രണമുണ്ടായിരുന്നില്ല. നഗരങ്ങളില്‍ പ്രതിദിനം ഉല്‍പാദിപ്പിക്കുന്ന 50 ടണ്ണിലേറെ മാലിന്യം ഒന്നിച്ച് സംസ്ക്കരിക്കാനാണ് പല നഗരസഭകളും ശ്രമിച്ചത്.

ഈ സാഹചര്യത്തിലാണ് ഡോ. ടി എം തോമസ് ഐസക് എംഎല്‍എയുടെ നേതൃത്വത്തില്‍ ആലപ്പുഴ നഗരസഭ "നിര്‍മല ഭവനം-നിര്‍മല നഗരം' പദ്ധതി ജനശ്രദ്ധയാകര്‍ഷിച്ചത്. പൊതുനിരത്തുകള്‍, ഇടത്തോടുകള്‍, മറ്റ് ജലാശയങ്ങള്‍, മാലിന്യം നിക്ഷേപിക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ വൃത്തിയാക്കി. ബയോഗ്യാസ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും അറ്റകുറ്റപ്പണിക്കുമായി ടീം രൂപീകരിച്ചു. രണ്ടായിരത്തോളം വീടുകളില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. പൈപ്പ് കമ്പോസ്റ്റ്, എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച വാട്സാന്‍ പാര്‍ക്കുകള്‍ പദ്ധതിയുടെ ജനപ്രിയത വര്‍ധിപ്പിച്ചു. കിടങ്ങാംപറമ്പ്, കറുകയില്‍, കരളകം വാര്‍ഡുകള്‍ സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളായി. 550ഓളം വീടുകളില്‍ ബയോഗ്യാസ് പ്ലാന്റും ആയിരത്തിലധികം വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റും സ്ഥാപിച്ചു. മറ്റ് വാര്‍ഡുകളില്‍ പദ്ധതി പുരോഗമിക്കുന്നു. വിദേശ പ്രതിനിധികളടക്കം പദ്ധതിയെക്കുറിച്ച് പഠിക്കാനെത്തി.

ജൈവമാലിന്യം ഇന്ധനമായി മാറ്റുന്നതുവഴി പ്രതിവര്‍ഷം 71,000 കിലോഗ്രാം എല്‍പിജിക്ക് സമാനമായ ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നു. മാലിന്യം സര്‍വോദയപുരത്തെ ഡമ്പിങ് യൂണിറ്റിലേക്ക് കയറ്റി അയക്കുന്നത് അവസാനിപ്പിച്ചതോടെ ചരക്കുകടത്ത് ഇനത്തില്‍ വര്‍ഷം 11,712 ലിറ്റര്‍ ഡീസലും ലാഭമായി. രണ്ടായിരത്തഞ്ഞൂറോളം ബയോഗ്യാസ് പ്ലാന്റുകളാണ് നഗരത്തിലെ വീടുകളില്‍ സ്ഥാപിച്ചത്. പ്രോജക്ട് ലക്ഷ്യം പൂര്‍ത്തീകരിക്കുമ്പോള്‍ പ്രതിവര്‍ഷം 1,67,076 കിലോഗ്രാം എല്‍പിജിക്ക് സമാനമായ ബയോഗ്യാസ് ഉല്‍പാദിപ്പിക്കാനാകും. 6857 ടണ്‍ ഖരമാലിന്യവും 6357 ടണ്‍ ദ്രവമാലിന്യവും ബയോഗ്യാസ് പ്ലാന്റുകളും മറ്റും വഴി സംസ്കരിക്കപ്പെടും. നിര്‍മലഭവനം-നിര്‍മല നഗരം പദ്ധതിയിലൂടെ നടപ്പാക്കിയ ഊര്‍ജ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ആലപ്പുഴ നഗരസഭയ്ക്ക് സര്‍ക്കാരിന്റെ ഊര്‍ജ സംരക്ഷണ അവാര്‍ഡും ലഭിച്ചു.

No comments:

Post a Comment