Monday, October 5, 2015

ഭരണംപോലെ ചീഞ്ഞുനാറി ചെങ്ങന്നൂര്‍ നഗരം

ചെങ്ങന്നൂര്‍ > ഭരണവും നഗരവും ഒരുപോലെ ചീഞ്ഞുനാറി ചെങ്ങന്നൂര്‍ നഗരസഭ. നഗരശുചീകരണം അമ്പേ പരാജയപ്പെട്ട മട്ടാണ്. നഗരത്തിന്റെ വിവിധ കോണുകളില്‍ മാലിന്യം കുമിഞ്ഞുകൂടി. ചെറിയമഴയില്‍പോലും ഇവയില്‍നിന്നും മലിനജലം ഒഴുകിപ്പരന്ന് ദുര്‍ഗന്ധം പരത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഖരമാലിന്യസംസ്കരണകേന്ദ്രം. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും നഗരസഭ ഭരണനേതൃത്വം ഇതിന്മേല്‍ ചെറുവിരല്‍പോലും അനക്കിയിട്ടില്ല. ഖരമാലിന്യ സംസ്കരണകേന്ദ്രം ആരംഭിക്കണമെന്നുകാട്ടി ഹൈക്കോടതിയും ഓംബുഡ്സ്മാനും നിര്‍ദേശങ്ങളും ശാസനയും നല്‍കിയിട്ടും നഗരസഭാ നേതൃത്വത്തിന് കുലുക്കമില്ല.

2010ല്‍ ഇതിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനായി രൂപീകരിച്ച സബ്കമ്മിറ്റി അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരുതവണമാത്രമാണ് കൂടിയത്. നിലവില്‍ നഗരത്തിലെ മാലിന്യം തള്ളുന്നത് ചെങ്ങന്നൂരിലെ കായികപ്രേമികളുെൂട ചിരകാല സ്വപ്നമായ പെരുങ്കളം പാടത്താണ്. ഇതുമൂലം സമീപവാസികള്‍ക്ക് പകര്‍ച്ചവ്യാധിള്‍ പകരുന്നു. ആരോഗ്യരംഗത്ത് ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയുടെ സ്ഥിതിയും ദയനീയമാണ്. അടിസ്ഥാനസൗകര്യങ്ങളോ ഡോക്ടര്‍മാരോ ഇപ്പോഴും ഇവിടെയില്ല. നഗരസഭയുടെ കീഴിലുള്ള ഈ ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തുമെന്ന വാഗ്ദാനം ഉണ്ടായെങ്കിലും നടപടികള്‍ നീങ്ങിയിട്ടില്ല.

കുടിവെള്ളംപോലും ഇവിടെ പലപ്പോഴും കിട്ടാക്കനിയാണ്. ശ്മശാനം ഇല്ലാത്ത കേരളത്തിലെ നഗരസഭയായി ചെങ്ങന്നൂര്‍ നഗരസഭ മാറി. ഇതുമൂലം കഴിഞ്ഞദിവസം പാവപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തിയുടെ ശവശരീരം റോഡില്‍ ചിതകൂട്ടി ദഹിപ്പിക്കേണ്ട അവസ്ഥവരെയെത്തി നില്‍ക്കുന്നു. നഗരസഭയുടെ പ്രധാന വരുമാനസ്രോതസായ ശാസ്താപുരം ഷോപ്പിങ് കോംപ്ലക്സ് ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇതുമൂലം നഗരസഭയുടെ ഫണ്ടില്‍ തനതുവരുമാനത്തില്‍നിന്ന് ഒരുരൂപയുടെ മരാമത്തുജോലികള്‍പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. നികുതിപിരിവ് ഉള്‍പ്പെടെ കാര്യക്ഷമമാക്കാത്തതിന്റെ പോരായ്മയാണ് ഇതിന്റെ കാരണങ്ങളിലൊന്ന്.

കായിക സ്വപ്നങ്ങള്‍ക്കുള്ള മറുപടിയെന്ന നിലയില്‍ ദേശീയ ഗെയിംസ് സെക്രട്ടറിയറ്റിന്റെ സ്റ്റേഡിയം നിര്‍മാണത്തില്‍ കോടികളുടെ അഴിമതിയാണ് മണക്കുന്നത്. മണ്ണടിച്ച് പാടം നികത്തിയതല്ലാതെ കാര്യമായ പുരോഗതി ഇവിടെയും നടക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതൃത്വം വന്‍വാഗ്ദാനമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. റെയില്‍വേയുടെ "ശബരിമലയുടെ കവാടം' എന്ന നിലയിലുള്ള വികസനം, പാണ്ഡവന്‍പാറ കുടിവെള്ളപദ്ധതി, പട്ടികജാതി വിഭാഗങ്ങള്‍ക്കുവേണ്ടി പ്രത്യേക പാക്കേജ്, താലൂക്ക് കേന്ദ്രമെന്ന നിലയില്‍ റോഡുകളുടെ വികസനം, കെഎസ്ആര്‍ടിസി ബസ്സ്റ്റേഷന്‍ നവീകരണം തുടങ്ങി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണനേതൃത്വം ഇവ മറന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നാല് ചെയര്‍പേഴ്സണ്‍മാരും മൂന്ന് വൈസ് ചെയര്‍മാന്‍മാരും നാല് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുമാണ് ഇവിടെ മാറിമാറി വന്നത്.

1 comment: