Saturday, October 3, 2015

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നവം. രണ്ടിനും അഞ്ചിനും

തിരുവനന്തപുരം> സംസ്ഥാനത്ത് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നവംബര്‍ രണ്ട്, അഞ്ച് തീയതികളില്‍ നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ ഏഴിന് വിജ്ഞാപനം വരും.

രണ്ടിന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലും നവംബര്‍ അഞ്ചിന് കോട്ടയം, പത്തനംതിട്ട. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ്. നവംബര്‍ ഏഴിനാണ് വോട്ടെണ്ണല്‍.

ഒക്ടോബര്‍ 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 17വരെപത്രിക പിന്‍വലിക്കാം. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ എല്ലാം ഉടന്‍നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പിവിസി ഫ്ളക്സുകള്‍ പ്രചരത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും കമ്മീഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രമാണ് വോട്ടിങ്ങിന് ഉപയോഗിക്കുക. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്കായി മൂന്ന് വോട്ടിങ് യന്ത്രങ്ങള്‍ ഉണ്ടാകും. മൂന്ന് വോട്ട് ചെയ്യുമ്പോള്‍ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാകും. മൂന്നുവോട്ടുകള്‍ ചെയ്യാത്തവര്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് എണ്ട് ബട്ടണ്‍ ഉപയോഗിക്കണം. വോട്ടിങ് യന്ത്രത്തില്‍ നോട്ട ഉള്‍പ്പെടുത്തിയിട്ടില്ല. ഫോട്ടോ പതിച്ച ബാലറ്റും ഇല്ല. 35000ത്തോളം പോളിങ് സ്റ്റേഷനുകളിലാണ് വോട്ടിങ് നടക്കുക.

രണ്ട് കോടി അമ്പത് ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. പുതിയ വോട്ടര്‍മാരുടെ എണ്ണം അഞ്ച് ലക്ഷത്തിലേറെയാണ്. ഒക്ടോബര്‍ അഞ്ചുവരെ വോട്ടര്‍പട്ടികയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ട്. അതിനാല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വ്യത്യാസം ഉണ്ടാകും. പുതിയതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളുടെയും ഒരു കോര്‍പ്പറേഷന്റെയും വോട്ടര്‍ പട്ടി ഇപ്പോള്‍മാത്രമാണ് പ്രസിദ്ധീകരിച്ചത്. വോട്ടര്‍ പട്ടികയിലെ പകാപ്പിഴകള്‍ തിരുത്തുന്നതിനും അഞ്ചുവരെ അവസരമുണ്ടാകും.

നേരത്തെ പ്രതീക്ഷിച്ച ദിവസത്തെക്കാള്‍ മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായത് യുദ്ധകാലാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിച്ചതിനാലാണ് സാധിച്ചതെന്ന് കെ ശശിധരന്‍ നായര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുണ്ടായപ്പോള്‍ വിളിച്ചുചേര്‍ത്ത സര്‍വ്വ കഷിയോഗത്തില്‍ ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് എല്ലാ രാഷ്ട്രീയ കഷികളും നിലപാടറിയിച്ചിരുന്നു.

സംസ്ഥാന പൊലീസിനൊപ്പം തമിഴ്നാട് സംസ്ഥാന പൊലീസിന്റെ സേവനവും തെരഞ്ഞെടുപ്പ് നടത്തിപ്പിനായി തേടും. കേന്ദ്രസേനയുടെ സേവനം ഉണ്ടാവില്ല. പ്രശ്ന ബാധിത ബൂത്തുകള്‍ ഏതൊക്കെയാണെന്ന് നിര്‍ണ്ണയിച്ച് അത്തരം ബൂത്തുകളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കും. പെരുമാറ്റ ചട്ടത്തിന്റെ വിശദാംശങ്ങള്‍ കമ്മീഷന്റെ സൈറ്റില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment