Monday, October 5, 2015

അന്യായങ്ങളുടെ വീകേന്ദ്രീകരണം

കണ്ണൂര്‍ > അധികാര ദുര്‍വിനിയോഗത്തിന്റെ വികേന്ദ്രീകൃത പരീക്ഷണമാണ് കണ്ണൂരില്‍ യുഡിഎഫ് നടപ്പാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ചെങ്കോട്ട കുലുക്കാനാവുമോ എന്നതാണ് നോട്ടം. അത് സാധിക്കില്ലെങ്കില്‍, കുത്സിത മാര്‍ഗങ്ങളിലൂടെ അല്‍പമെങ്കിലും നേട്ടമുണ്ടാക്കാനാണ് ഗൂഢശ്രമം. അശാസ്ത്രീമായി പുതിയ മുനിസിപ്പാലിറ്റികള്‍ രൂപീകരിച്ചതും മലയോര മേഖലയിലെ ജില്ലാപഞ്ചായത്ത് ഡിവിഷനുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുംവിധം വെട്ടിമുറിച്ചതും പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ സമീപ പഞ്ചായത്തുകളെ ഒഴിവാക്കിയതും ജനഹിതം അട്ടിമറിക്കാന്‍.

തീര്‍ത്തും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ പുനഃസംഘടിപ്പിച്ചത്. ജനസംഖ്യ, ഭൂമിശാസ്ത്രപരമായ കിടപ്പ്, നദികള്‍, കുന്നുകള്‍ എന്നീ പ്രകൃതിദത്ത അതിരുകള്‍, ജനങ്ങളുടെ യാത്രാസൗകര്യങ്ങള്‍ എന്നിവ പരിഗണിച്ചില്ല. ജില്ലയില്‍ 14 ബ്ലോക്ക് മണ്ഡലങ്ങളാണ് മുനിസിപ്പാലിറ്റികളും കോര്‍പറേഷനുമായി മാറ്റുന്നത്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ അഞ്ചിലാണ് പുനഃസംഘടന ഉണ്ടായത്. നഗരസഭകളോട് ചേര്‍ന്ന പഞ്ചായത്തുകള്‍ ഒഴിവാക്കി അവശേഷിക്കുന്നവ ചേര്‍ത്താണ് ഇവ പുനസംഘടിപ്പിച്ചത്. ഈ മാനദണ്ഡം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ രൂപീകരണത്തില്‍ പരിഗണിച്ചില്ല. 23 നിയോജകമണ്ഡലങ്ങളും വെട്ടിമുറിച്ച് പുതിയ മണ്ഡലങ്ങളാക്കി. ഇതിനതെരിരെ എല്‍ഡിഎഫ് നിയമനടപടി സ്വീകരിച്ചു.

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയെ വിഭജിച്ചതിന് പിന്നില്‍ ലീഗിന് ഭരണം പിടിക്കാനാവുമെന്ന വ്യാമോഹം മാത്രം. തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാന്‍ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന യുഡിഎഫിന് തിരിച്ചടി നല്‍കാന്‍ കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍. സര്‍ക്കാരിന്റെ ജനവഞ്ചനക്കും അഴീക്കല്‍ തുറമുഖം യാഥാര്‍ഥ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാന ലംഘനങ്ങള്‍ക്കുമെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ്. ജില്ലയില്‍ 1683 വാര്‍ഡിലേക്കാണ് തെരഞ്ഞെടുപ്പ്. കണ്ണൂര്‍ കോര്‍പറേഷനും നാലു നഗരസഭകളും പുതുതായി നിലവില്‍ വന്നപ്പോള്‍ പഞ്ചായത്തുകളുടെ എണ്ണം 81ല്‍നിന്ന് 71 ആയി. പഞ്ചായത്തുകളില്‍ 1,165 വാര്‍ഡുകളുണ്ട്. 11 ബ്ലോക്ക് പഞ്ചായത്തുകളും ഒമ്പത് മുനിസിപ്പാലിറ്റികളുമുണ്ട്. മുനിസിപ്പാലിറ്റികളില്‍ നാലെണ്ണം പുതുതായി രൂപീകരിച്ചതാണ്. മട്ടന്നൂരില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. ബാക്കി വരുന്ന എട്ട് നഗരസഭകളില്‍ 289 വാര്‍ഡുകളാണുള്ളത്.

പാനൂര്‍, ആന്തൂര്‍, ശ്രീകണ്ഠപുരം, ഇരിട്ടി എന്നിവയാണ് പുതുതായി രൂപീകരിച്ച നഗരസഭകള്‍. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 149 വാര്‍ഡുണ്ട്. ജില്ലാപഞ്ചായത്ത് ഡിവിഷന്റെ എണ്ണം 26ല്‍നിന്ന് 24 ആയി ചുരുങ്ങി. ആകെ വോട്ടര്‍മാരുടെ എണ്ണം 18,26,852 ആണ്. സ്ത്രീ വോട്ടമാരാണ് കൂടുതല്‍. സ്ത്രീ വോട്ടര്‍മാര്‍ 9,79,684 ഉം പുരുഷ വോട്ടര്‍മാര്‍ 8,47,164 ഉം. നാല് ഭിന്നലിംഗക്കാരുമുണ്ട്. 2010ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 81 പഞ്ചായത്തുകളില്‍ 56 എണ്ണവും 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തും എല്‍ഡിഎഫിനായിരുന്നു. ഒരു ബ്ലോക്ക് പഞ്ചായത്ത് നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫിന് നഷ്ടമായത്. ജില്ലാപഞ്ചായത്തില്‍ 26 ഡിവിഷനില്‍ ഇരുപതും എല്‍ഡിഎഫ് തൂത്തുവാരി. 16 പഞ്ചായത്തുകളില്‍ മുഴുവന്‍ സീറ്റും എല്‍ഡിഎഫ് നേടി. 28 സീറ്റില്‍ എല്‍ഡിഎഫിന് എതിരുണ്ടായില്ല. ആറ് മുനിസിപ്പാലിറ്റികളില്‍ അഞ്ചെണ്ണവും എല്‍ഡിഎഫിനൊപ്പം നിന്നു.
(പി സുരേശന്‍)

ജില്ലാപഞ്ചായത്ത് വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ

നാടിന് സമഗ്ര വികസനം പകരുകയെന്ന കര്‍ത്തവ്യമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നാളിതുവരെ നിര്‍വഹിച്ചിട്ടുള്ളത്. എസ്എസ്എല്‍സി വിജയ ശതമാനം കൂട്ടുന്നതിനുള്ള മുകുളം പദ്ധതി, കാര്‍ഷിക ബയോ ടെക്നോളജി വിഭാഗം, ജില്ലാ വികസന കേന്ദ്രം, അപ്പാരല്‍ പാര്‍ക്കുകള്‍, അഗ്രോ സര്‍വീസ് സെന്റര്‍, കാങ്കോല്‍ വിത്തുല്‍പാദന കേന്ദ്രം, ജില്ലാ ആശുപത്രി വികസനം, ജില്ലാജയിലിലെ ഹൈടെക് ഫാം, കുളങ്ങളുടെ നവീകരണം, ആയുര്‍വേദ ആശുപത്രിയിലെ ബാലമാനസം, ആരൂഢം, ഹോമിയോ ആശുപത്രിയിലെ അമ്മയും കുഞ്ഞും പരിപാടി, മോഡല്‍ സ്കൂളുകള്‍ എന്നിവ ജില്ലാ പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ തിളങ്ങുന്ന ഏടുകളാണ്. എല്‍ഡിഎഫ് അധികാരത്തിലിരുന്ന ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ നേട്ടങ്ങള്‍ കൊയ്തു. കോണ്‍ഗ്രസ് ഭരിച്ച മലയോര പഞ്ചായത്തുകളില്‍ ചിലത് അഴിമതിയുടെയും കാലുമാറ്റത്തിന്റെയും കേന്ദ്രമായി മാറി. അയ്യന്‍കുന്ന് പഞ്ചായത്തില്‍മാത്രം എട്ടുപേരെ കോടതി അയോഗ്യരാക്കി. കണ്ണൂര്‍ കോര്‍പറേഷന്‍കോര്‍പറേഷന്‍ രൂപീകരിച്ചുവെന്നല്ലാതെ അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നുമൊരുക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല.

കണ്ണൂര്‍ നഗരസഭയോടൊപ്പം പള്ളിക്കുന്ന്, പുഴാതി, എടക്കാട്, എളയാവൂര്‍, ചേലോറ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് കോര്‍പറേഷന്‍ രൂപീകരിച്ചത്. കോണ്‍ഗ്രസും ലീഗും അധികാരം പങ്കിട്ട കണ്ണൂര്‍ നഗരസഭ വികസന കാര്യത്തില്‍ പൂര്‍ണ പരാജയമായിരുന്നു. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കണ്ണൂര്‍ നഗരസഭയെ തീര്‍ത്തും നിറംകെടുത്തുന്നതായിരുന്നു യുഡിഎഫ് ഭരണം. പൊട്ടിപ്പൊളിഞ്ഞ റോഡുകളും തകര്‍ന്നുവീഴാറായ ബസ്സ്റ്റാന്‍ഡും സ്റ്റേഡിയം കോംപ്ലക്സുമാണ് ജില്ലാ ആസ്ഥാനംകൂടിയായ കണ്ണൂരിന്റെ മുഖമുദ്ര.

മലബാറിലെ ആദ്യ ഗ്യാസ് ശ്മശാനം

തലശേരി > മലബാറിലെ ആദ്യ ഗ്യാസ് ശ്മശാനമാണ് കതിരൂര്‍ പഞ്ചായത്തില്‍ കുണ്ടുചിറയില്‍ ഈമാസം പ്രവര്‍ത്തനം തുടങ്ങിയത്. വ്യവസായ എസ്റ്റേറ്റിന്റെ സമീപം പഞ്ചായത്തിന്റെ കൈവശമുള്ള 54 സെന്റ്് സ്ഥലത്താണ് കിണര്‍, പൂന്തോട്ടം സിലിണ്ടര്‍റൂം എന്നിവയുള്‍പ്പെടെ പൂര്‍ണമായും മാലിന്യമുക്ത ശ്മശാനം യാഥാര്‍ഥ്യമായത്. ജലനിധിയുടെ ശുചിത്വപദ്ധതിയില്‍പ്പെടുത്തി 52 ലക്ഷം രൂപ ചെലവഴിച്ചാണ് ശ്മശാനം നിര്‍മിച്ചത്. മൃതദേഹം കത്തുമ്പോഴുണ്ടാകുന്ന പുക വാട്ടര്‍ ട്രീറ്റ്മെന്റ്് നടത്തി 30 മീറ്റര്‍ ഉയരമുള്ള പുകക്കുഴല്‍ വഴി കടത്തിവിടും. ഒരു ശരീരം കത്തിത്തീരാന്‍ 10മുതല്‍ 12 കി.ഗ്രാം വരെ ഗ്യാസ് ചെലവാകും. ഏകദേശം ഒരു മണിക്കൂര്‍ സമയവുമെടുക്കും. എട്ട് ഗ്യാസ് കുറ്റികളില്‍നിന്ന് ഒരേസമയം ഒരേ അളവില്‍ ഗ്യാസ് കടത്തിവിടും. എട്ട് കുറ്റി ഗ്യാസുകൊണ്ട് 13 മൃതദേഹം ദഹിപ്പിക്കാനാവും. മൃതദേഹത്തില്‍ കര്‍പ്പൂരം കത്തിച്ചുവച്ച് ഫര്‍ണസിന്റെ വാതിലടച്ചാലേ തീ പടരുകയുള്ളൂ. ശവസംസ്കാരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരിക്കാനും കുളിക്കാനും വസ്ത്രം മാറ്റാനുമുള്ള സൗകര്യവുമുണ്ട്.

ഹരിതം വിളങ്ങുന്ന നാട്

കണ്ണൂര്‍ > മണ്ണില്‍ ഹരിതസമൃദ്ധി വിളങ്ങുന്നതു കാണാന്‍ കണ്ണൂര്‍ ജില്ലയിലേക്ക് വരിക. കാര്‍ഷിക വികസനത്തിന്റെ അത്ഭുതങ്ങളാണ് നിങ്ങളെ വരവേല്‍ക്കുക. കാര്‍ഷികമേഖലയെ അഭിവൃദ്ധിയിലേക്ക് നയിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ജില്ലാ പഞ്ചായത്തിന്റെ നേതൃത്വവും ശ്രദ്ധേയം. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നേട്ടങ്ങളാണ് കണ്ണൂരിന്റേത്. കരിമ്പം കൃഷിത്തോട്ടം, പാലയാട് കൃഷിത്തോട്ടം തുടങ്ങിയവ ഈ നേട്ടങ്ങള്‍ക്ക് മകുടം ചാര്‍ത്തുന്നു. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ബ്രീട്ടിഷ് സര്‍ക്കാര്‍ നിയമിച്ച ക്ഷാമാന്വേഷണ കമീഷന്‍ ശുപാര്‍ശപ്രകാരം സസ്യ ശാസ്ത്രജ്ഞനായ ഡോ. ബാര്‍ബര്‍ 1905ല്‍ കുരുമുളക് ഗവേഷണത്തിന് സ്ഥാപിച്ച കൃഷിത്തോട്ടം ഇന്ന് മുഴുവന്‍ വിളകളുടെയുടെയും പരിപാലന ഭൂമിയാണ്.

1996ലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥാപനം ജില്ലാപഞ്ചായത്തിന് കൈമാറിയത്. തുടര്‍ന്നാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാമിനുള്ള അവാര്‍ഡ് നേടിയത്. 56.35 ഹെക്ടര്‍ സ്ഥലത്ത് ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യ- ഫല വൃക്ഷങ്ങളും സസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ഔഷധങ്ങളും അപൂര്‍വ സമ്പത്താണ്. കരിമ്പം ജില്ലാകൃഷിത്തോട്ടത്തിലെ ബയോടെക്നോളജി ഡിവിഷന്‍ ഈ രംഗത്ത് നല്‍കുന്ന സേവനവും അമൂല്യം. 2012ല്‍ ഒരു ലക്ഷം ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈ ഉല്‍പാദിപ്പിച്ച് വിതരണം നടത്തി. 2015ല്‍ പുതിയ കെട്ടിടം പണിതതോടെ ടിഷ്യൂകള്‍ചര്‍ പ്രോഡക്ഷന്‍ യൂണിറ്റിലെ ഉല്‍പാദനം അഞ്ച് ലക്ഷമായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. റോബസ്റ്റ, ഗ്രാന്‍ഡ് നെയിന്‍, നേന്ത്ര വാഴ എന്നിവയുടെ ടിഷ്യൂകള്‍ച്ചര്‍ തൈകളാണ് ഉല്‍പാദിപ്പിക്കുന്നത്. ട്രൈകോഡര്‍മ എന്ന മിത്ര കുമിളും സ്യൂഡോമോണസും ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. കൂണ്‍ വിത്തും ലഭ്യമാണ്. 67 ഇനം മാവുകളുടെ ജനിതക ശേഖരമുള്ള ഈ കേന്ദ്രം രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനിതക സമ്പത്തുള്ള തോട്ടമാണ്. 222 സങ്കര ഇനം മാവുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. വര്‍ഷം നാല്‍പതിനായിരത്തോളം മാവ് ഗ്രാഫ്റ്റ് തൈകളും വിതരണത്തിന് തയ്യാറാക്കുന്നു.

സുഗന്ധ വ്യഞ്ജന സസ്യങ്ങള്‍, നെല്ല്, പച്ചക്കറി, ഔഷധ സസ്യങ്ങള്‍, അലങ്കാരച്ചെടികള്‍ എന്നിവയും വിവിധയിനം നടീല്‍ വസ്തുക്കളും വിതരണം ചെയ്യുന്നുണ്ട്്. ഈ വര്‍ഷത്തെ മികച്ച ഫാമിനും ഫാം സൂപ്രണ്ടിനുമുള്ള സംസ്ഥാന പുരസ്കാരത്തിലൂടെ ഇരട്ടനേട്ടം കൊയ്ത പാലയാട് ഫാമിന്റെ പ്രവര്‍ത്തനം വിസ്മയകരവും മാതൃകാപരവുമാണ്. പ്രധാനമായും തെങ്ങിന്‍ തൈ ഉല്‍പാദനമാണ് നടക്കുന്നതെങ്കിലും ചൊരിമണലില്‍ കൃഷിയിനങ്ങളെല്ലാം വിളയുമെന്ന പാഠമാണ് ഫാം നല്‍കുന്നത്. നാടന്‍ പശ്ചിമതീര നെടിയ ഇനം, ടി ഇന്റു ഡി, കുറിയ ഇനം തുടങ്ങിയ ഏതാണ്ട് മുക്കാല്‍ ലക്ഷത്തോളം തെങ്ങിന്‍ തൈ പ്രതിവര്‍ഷം വില്‍ക്കും. ഒന്നേമുക്കാല്‍ ലക്ഷത്തോളം കുരുമുളക് ചെടി, കശുമാവ് ഗ്രാഫ്റ്റ്, പച്ചക്കറി വിത്തുകള്‍, ഔഷധച്ചെടി, അലങ്കാരസസ്യങ്ങള്‍, ജൈവവളം തുടങ്ങി 11 ഏക്കറില്‍നിന്ന് കര്‍ഷകര്‍ക്ക് വേണ്ടതെല്ലാം ഇവിടെ ലഭ്യമാണ്. കാങ്കോലിലെ നെല്‍വിത്ത് ഉല്‍പാദനകേന്ദ്രമാണ് ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംരംഭം. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വേങ്ങാട് സീഡ് ഫാമിലും പ്രധാനമായി നെല്‍വിത്താണ് ഉല്‍പാദിപ്പിക്കുന്നത്.

(സതീഷ് ഗോപി)

പഠനമികവിന്റെ നെറുകയിലേക്ക്

കണ്ണൂര്‍ > രാഷ്ട്രീയ കലാപങ്ങളുടെ ഭൂമിയെന്ന് കണ്ണൂരിനെ ആക്ഷേപിക്കുന്നവരുടെ വായടപ്പിക്കുന്നതാണ് വിദ്യാഭ്യാസ മേഖലയില്‍ ജില്ല കൈവരിച്ച നേട്ടം. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ ഭാവനാത്മക പദ്ധതികള്‍ രാജ്യം ഉറ്റുനോക്കുകയാണ്. ഭരണതലത്തിലുള്ള സര്‍ഗാത്മക ഇടപെടലിന്റെ ലോകമാതൃകയായി കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ ഇടപെടലിനെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ വിശേഷിപ്പിക്കുന്നതും അതുകൊണ്ടാണ്. പത്തുവര്‍ഷത്തിനുള്ളില്‍ സ്വപ്നതുല്യനേട്ടങ്ങള്‍ കൈവരിച്ച പദ്ധതിയെന്ന് മുകുളത്തെ വിശേഷിപ്പിക്കാം.

എസ്എസ്എല്‍സി പരീക്ഷയിലെ പഠനമികവ് വര്‍ധിപ്പിക്കുന്നതിന് 1996ല്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ വിജയശതമാനം 64 ആയിരുന്നു. ഇപ്പോഴത് 99.36ല്‍ എത്തിനില്‍ക്കുന്നു. ഈ വര്‍ഷം 99 ശതമാനത്തിനുമേല്‍ വിജയശതമാനം കൈവരിച്ച മൂന്ന് ജില്ലകളിലൊന്നാണ് കണ്ണൂര്‍. ഒമ്പതു വര്‍ഷത്തിനിടെ രണ്ടുതവണയൊഴികെ വിജയശതമാനത്തില്‍ കണ്ണൂര്‍ ഒന്നാമതെത്തിയത് മുകുളത്തിന്റെ ചിറകേറിയാണ്. കണക്ക്, ഇംഗ്ലീഷ്, സാമൂഹ്യപാഠം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള പ്രത്യേക പഠന പരിപാടികളുമായാണ്് മുകുളം പദ്ധതിയുടെ തുടക്കം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റു വിഷയങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

ആദ്യ വര്‍ഷംതന്നെ എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ മുകുളത്തിന്റെ നേട്ടം പ്രതിഫലിച്ചു. സംസ്ഥാനത്ത് കണ്ണൂര്‍ ഒന്നാമതായി. സമീപവര്‍ഷങ്ങളില്‍ ഹയര്‍സെക്കന്‍ഡറിയിലേക്കും മുകുളം വ്യാപിപ്പിച്ചു. വിദ്യാഭ്യാസ- ഫിഷറീസ്, സാമൂഹ്യക്ഷേമ, പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പുകള്‍, ഡയറ്റ്, എസ്എസ്എ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മുകുളത്തിന്റെ ഭാഗമായുള്ള "എന്റെ കുട്ടികള്‍' പദ്ധതി പ്രകാരം എട്ടാംതരത്തിലേക്ക് പ്രത്യക പരിശീലനം വ്യാപിപ്പിച്ചുകഴിഞ്ഞു.

പിന്നോക്കാവസ്ഥയിലുള്ള വിഷയങ്ങളില്‍ ഉന്നതനിലവാരം കൈവരിക്കാന്‍ പ്രാപ്തമാക്കുന്ന "തിളക്ക'വും "മുന്നേറ്റ'വും മറ്റൊരു ഇടപെടലാണ്. കുട്ടികളിലെ ശാസ്ത്രബോധവും യുക്തിബോധവും സാമൂഹ്യബോധവും വളര്‍ത്തുന്നതിനായി നടപ്പാക്കിയ "കിഡ്സ് സയന്റിസ്റ്റ്സ് @ കണ്ണൂര്‍' പദ്ധതിയും ഭാവനാത്മകമായ ചുവടുവെപ്പാണ്. സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ജില്ലാ പഞ്ചായത്ത് നബാര്‍ഡ് സഹായത്തോടെ നടപ്പാക്കിയ ഹയര്‍സെക്കന്‍ഡറി കോംപ്ലക്സുകളും മറ്റൊരിടത്തും കാണാനാവില്ല. ജില്ലയെ ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് ആരംഭിച്ച "ആരൂഢം' പദ്ധതി ഉദ്ഘാടനംചെയ്തത് കഴിഞ്ഞ ദിവസമാണ്. കുറ്റ്യാട്ടൂര്‍ ചട്ടുകപ്പാറയില്‍ നാലുകെട്ട് മാതൃകയിലാണ് ഇതിന്റെ കെട്ടിടം. 86 ലക്ഷം രൂപ ചെലവിലാണ് ഒന്നാംഘട്ട പ്രവര്‍ത്തനം. ജില്ലയിലെ 21 ഐസിഡിഎസ് പ്രോജക്ടുകളില്‍നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കാണ് ആരൂഢത്തില്‍ പ്രവേശനം. രണ്ടാംഘട്ടത്തില്‍ കുടുംബശ്രീ ബാലസഭകളില്‍നിന്നുള്ള ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികളെയും പ്രവേശിപ്പിക്കും. കാര്‍ഷിക സംസ്കാരം, മാനുഷിക മൂല്യങ്ങള്‍ സംബന്ധിച്ച പഠനം, മുത്തശ്ശിക്കഥകള്‍, മാതൃഭാഷ പഠനം, പാട്ട്, കളി എന്നിവയാണ് ആരൂഢത്തില്‍ അഭ്യസിക്കുക. രാജ്യത്ത് ആദ്യമായാണ് ജില്ലാപഞ്ചായത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

(പി പി സതീഷ് കുമാര്‍)

No comments:

Post a Comment