Monday, October 5, 2015

തിരുവനന്തപുരം: ജനമനസ്സറിഞ്ഞ് നഗരവികസനം

ജനമനസ്സറിഞ്ഞ് നഗരവികസനം തിരുവനന്തപുരം > അഭിമാനനേട്ടങ്ങളിലൂടെ മുന്നേറുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണത്തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫ് പ്രകടനപത്രിക ഒരുക്കുന്നത് നഗരവാസികള്‍. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 420 നിര്‍ദേശപ്പെട്ടിയില്‍നിന്ന് ലഭിച്ച 5642 നിര്‍ദേശം 19 മേഖലകളാക്കി തിരിച്ച് വിദഗ്ധരുടെയും പൊതുപ്രവര്‍ത്തകരുടെയും മുന്നില്‍വച്ച് ഒന്നൊന്നായി ചര്‍ച്ചചെയ്ത ശില്‍പ്പശാല ജനകീയവികസനത്തിന്റെ പുതുചരിത്രമായി. പാളയം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള ഒളിമ്പിയ ഹാളില്‍ പ്രകടനപത്രിക തയ്യാറാക്കുന്നതിനുവേണ്ടി ചേര്‍ന്ന ശില്‍പ്പശാലയില്‍ 178 വികസനപദ്ധതി നിര്‍ദേശമാണ് ക്രോഡീകരിക്കപ്പെട്ടത്. ഇവ വരുംദിവസങ്ങളില്‍ ഓരോ മേഖലയിലെയും സാങ്കേതികവിദഗ്ധരുടെകൂടി അംഗീകാരത്തോടെ എല്‍ഡിഎഫ് പ്രകടനപത്രികയായി പ്രസിദ്ധീകരിക്കും.

ജനകീയ കണ്‍വന്‍ഷനോടെയായിരുന്നു ശില്‍പ്പശാലയുടെ തുടക്കം. കണ്‍വന്‍ഷന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. സോളമന്‍ വെട്ടുകാട് അധ്യക്ഷനായി. പ്രകടനപത്രിക തയ്യാറാക്കുന്നതു സംബന്ധിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ആമുഖഭാഷണം നടത്തി. എല്‍ഡിഎഫ് നഗരസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കമ്മിറ്റി കണ്‍വീനര്‍ വി ശിവന്‍കുട്ടി എംഎല്‍എ ജനങ്ങളുടെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍, എല്‍ഡിഎഫ് നേതാക്കളായ ഡോ. എ നീലലോഹിതദാസന്‍ നാടാര്‍, വി സുരേന്ദ്രന്‍പിള്ള, എ സമ്പത്ത് എംപി, ആറ്റിങ്ങല്‍ രാമചന്ദ്രന്‍, പാളയം രാജന്‍, കാസിം, വി ഗംഗാധരന്‍നാടാര്‍, ജെ വേണുഗോപാലന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. മേയര്‍ കെ ചന്ദ്രിക സ്വാഗതം പറഞ്ഞു.കണ്‍വന്‍ഷനില്‍ നടന്ന ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ അഞ്ച് ഗ്രൂപ്പായി തിരിഞ്ഞ് ഓരോവിഷയവും ചര്‍ച്ചചെയ്തു. കൃഷി, മൃഗസംരക്ഷണം, മത്സ്യം, വ്യവസായം, ഗതാഗതം, വൈദ്യുതി, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലുറപ്പ്, പട്ടികജാതി- വര്‍ഗ ക്ഷേമം, വനിതാവികസനം, കുടുംബശ്രീ, അങ്കണവാടികള്‍, മദ്യപാനം, തെരുവുനായ്ക്കളുടെ ശല്യം, കല- കായിക രംഗം, ക്ഷേമപ്രവര്‍ത്തനങ്ങള്‍, ശുചിത്വം, പൊതുഭരണം, സമഗ്രപരിപാടി, വൈഫൈ ഇന്റര്‍നെറ്റ് സംവിധാനം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രകടനപത്രിക തയ്യാറാക്കുന്ന ചര്‍ച്ച. "എന്റെ നഗരം സുന്ദര നഗരം'&ൃറൂൗീ;പദ്ധതി പൂര്‍ണതയില്‍ എത്തിക്കുന്നതിനുവേണ്ടി അത്യാധുനിക പദ്ധതികള്‍ കൊണ്ടുവരുന്നതും വികേന്ദ്രീകരണപദ്ധതികള്‍ വിജയിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായി. ഡെപ്യൂട്ടി മേയര്‍ ജി ഹാപ്പികുമാര്‍ ഉള്‍പ്പെടെ നഗരഭരണത്തിലെ എല്‍ഡിഎഫ് പ്രതിനിധികള്‍ മുഴുവന്‍ ശില്‍പ്പശാലയില്‍ പങ്കാളികളായി. നിര്‍ദേശപ്പെട്ടികളില്‍ ലഭിച്ച നിര്‍ദേശങ്ങളില്‍ വാര്‍ഡുകളില്‍ ഒതുങ്ങുന്ന പദ്ധതികള്‍ വാര്‍ഡുകളിലെ എല്‍ഡിഎഫ് പ്രകടനപത്രികയ്ക്കായി കൈമാറിയിരുന്നു.

ജനങ്ങള്‍ക്കൊപ്പം ഇടതുപക്ഷം മാത്രം: വി എസ്

തിരുവനന്തപുരം > സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കുമൊപ്പം ഇടതുപക്ഷം മാത്രമാണുള്ളതെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷ മതേതര ജനാധിപത്യ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രകടനപത്രികയ്ക്ക് രൂപംകൊടുക്കുന്ന ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രക്ഷയില്ലാതെ വന്നപ്പോഴാണ് രാജ്യത്തെ ജനം കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നിറക്കിയത്. തുടര്‍ന്നുവന്ന ബിജെപി- സംഘപരിവാര്‍ സര്‍ക്കാരാകട്ടെ അധികാരം നിലനിര്‍ത്താനായി വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. അതിനായി ബിജെപി കിട്ടാവുന്ന മതസംഘടനകളെയെല്ലാം കൂട്ടുപിടിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപരേഖ തയ്യാറാക്കുന്നത്. അതിസമ്പന്നരായ ആഗോളശക്തികള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളെയും കര്‍ഷകരെയും സാധാരണക്കാരെയും പാവങ്ങളെയും സംരക്ഷിക്കാന്‍ ഇടതുപക്ഷം മാത്രമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേട്ടങ്ങള്‍ സംരക്ഷിക്കാനും പുതിയ മുന്നേറ്റങ്ങള്‍ സാധ്യമാക്കാനുമായി ഇടതുപക്ഷം ജനങ്ങളോടൊപ്പംനിന്ന് പ്രവര്‍ത്തിക്കുമെന്നും വി എസ് പറഞ്ഞു.

ജനം ആഗ്രഹിക്കുന്നത് നല്ലകാര്യങ്ങളുടെ തുടര്‍ച്ച: തോമസ് ഐസക്

തിരുവനന്തപുരം > കോര്‍പറേഷന്‍ അഞ്ചുവര്‍ഷംകൊണ്ടു നടത്തിയ നല്ലകാര്യങ്ങളുടെ തുടര്‍ച്ചയാണ് ജനം ആഗ്രഹിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പറഞ്ഞു. കോര്‍പറേഷനില്‍ എല്‍ഡിഎഫ് പ്രകടനപത്രികയ്ക്ക് രൂപംകൊടുക്കുന്ന ജനകീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ശുചിത്വനഗരങ്ങളില്‍ 79-ാം സ്ഥാനത്തുനിന്ന് എട്ടാംസ്ഥാനത്തേക്കാണ് തിരുവനന്തപുരം കോര്‍പറേഷനെ എല്‍ഡിഎഫ് ഭരണസമിതി ഉയര്‍ത്തിയത്. ഒന്നാമത്തേതായി അനന്തപുരിയെ മാറ്റുകയാണ് അടുത്ത ലക്ഷ്യം. ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്ന നല്ലകാര്യങ്ങളുടെ തുടര്‍ച്ചയിലൂടെ അതും സാധ്യമാകും. അതാണ് ജനം ആഗ്രഹിക്കുന്നത്. ഖരമാലിന്യ സംസ്കരണത്തില്‍ തിരുവനന്തപുരം സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു. മാലിന്യപ്രശ്നങ്ങളിലെ വെല്ലുവിളികളെ സ്വന്തം നിലയില്‍ അതിജീവിച്ചാണ് തിരുവനന്തപുരം ശുചിത്വനഗരപ്പട്ടികയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ചേരിനിര്‍മാര്‍ജനത്തിലും തലസ്ഥാനം സമാനതകളില്ലാത്ത മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. അധികാര വികേന്ദ്രീകരണത്തിലൂടെ കേരളം കരസ്ഥമാക്കിയ നേട്ടങ്ങളെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കി. തദ്ദേശവകുപ്പുകള്‍ ഭിന്നിപ്പിച്ച് പലവകുപ്പുകളാക്കിയത് അഴിമതിക്കായാണ്. ധനവിനിയോഗച്ചട്ടങ്ങളില്‍ മാറ്റംവരുത്തി തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് പണം നല്‍കാതെ സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ധനകമീഷന്‍ 30 ശതമാനം തുക തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഒറ്റവര്‍ഷംകൊണ്ട് സര്‍ക്കാര്‍ അതില്‍നിന്ന് 1200 കോടി രൂപയാണ് കവര്‍ന്നതെന്നും തോമസ് ഐസക് പറഞ്ഞു.

No comments:

Post a Comment