Wednesday, October 7, 2015

ചുവപ്പിന്റെ ഹൃദയപക്ഷം

കൊല്ലം > തൊഴിലാളികളുടെ വിയര്‍പ്പിന്റെ മണമുണ്ട് കൊല്ലത്തിന്റെ മണ്ണിന്. ഓരോ മണല്‍തരികളിലും ചരിത്രമുറങ്ങുന്ന നാടിനെ ഇടതുപക്ഷത്തേക്ക് ചേര്‍ത്തുനിര്‍ത്തുന്നത് തൊഴിലാളി പ്രക്ഷോഭങ്ങളാണ്. കയര്‍, കൈത്തറി, കശുവണ്ടി ഉള്‍പ്പെടെ പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമാണ് ഇവിടം. രണ്ടു ലക്ഷത്തിലധികം കശുവണ്ടിത്തൊഴിലാളികളില്‍ ഭൂരിപക്ഷവും സ്ത്രീകള്‍. തൊഴിലും കൂലിയുമില്ലാതെ കശുവണ്ടി മേഖലയില്‍ അരാജകത്വം പടരുന്നു. സ്വകാര്യ കശുവണ്ടി മുതലാളിമാര്‍ ചൂഷണത്തിനിറങ്ങി.

എല്‍ഡിഎഫ് ഭരണത്തില്‍ വര്‍ഷം മൊത്തം തൊഴില്‍ ലഭ്യമായിരുന്ന സുവര്‍ണകാലം കശുവണ്ടിത്തൊഴിലാളികള്‍ക്ക് ഇന്ന് ഓര്‍മ മാത്രം. മത്സ്യ ലഭ്യത കുറഞ്ഞതും മണ്ണെണ്ണ സബ്സിഡി വെട്ടിക്കുറച്ചതും കുത്തകകളെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളും മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കി. ഒരുകാലത്ത് റാട്ടിന്റെയും തൊണ്ടുതല്ലിന്റെയും താളത്തില്‍ മുഖരിതമായിരുന്ന ജില്ലയിലെ കയര്‍ ഗ്രാമങ്ങളില്‍നിന്ന് ഉയരുന്നത് ദാരിദ്ര്യത്തിന്റെ നെടുവീര്‍പ്പ്. കിഴക്കന്‍ മേഖലയിലെ തോട്ടങ്ങളില്‍ ഇടതു ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ കൂലിവര്‍ധനയ്ക്കായുള്ള സമരം ശക്തിയാര്‍ജിക്കുന്നു.

ജില്ലയിലെ വന്‍കിട പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളായ ചവറയിലെ കെഎംഎംഎല്ലും ഐആര്‍ഇയും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ചാത്തന്നൂര്‍ സഹകരണ സ്പിന്നിങ് മില്ലിനു താഴുവീണു. പള്ളിമുക്കിലെ മീറ്റര്‍ കമ്പനിയില്‍ ഉല്‍പ്പാദനം നിലച്ചു. മറ്റൊരു തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തുമ്പോള്‍ ജില്ലയോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയാണ് പ്രധാന ചര്‍ച്ചാവിഷയം.

ജില്ലയിലെ 20,11,296 വോട്ടര്‍മാര്‍ ഇക്കുറി ത്രിതലങ്ങളിലേക്ക് 1639 പ്രതിനിധികളെ തെരഞ്ഞെടുക്കും. വോട്ടര്‍മാരില്‍ സ്ത്രീകളാണ് കൂടുതല്‍-10,59,160. പുരുഷന്മാര്‍: 9,52,136. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി കേരള കോണ്‍ഗ്രസ് ബി ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. ആര്‍എസ്പി യുഡിഎഫ് പാളയത്തിലെത്തി. പുതിയ വാര്‍ഡ് വിഭജനത്തില്‍ തൃക്കടവൂര്‍ പഞ്ചായത്ത് കൊല്ലം നഗരസഭയോടു ചേര്‍ത്തു. എന്നാല്‍, നഗരസഭാ വാര്‍ഡുകളുടെ എണ്ണം കൂടിയിട്ടില്ല. 55 തന്നെ. 70 പഞ്ചായത്തുകള്‍ ഉണ്ടായിരുന്നത് 68 ആയി കുറഞ്ഞു. കൊട്ടാരക്കര നാലാമത്തെ മുനിസിപ്പാലിറ്റിയായി. കൊട്ടാരക്കര പഞ്ചായത്തിലെ 18 വാര്‍ഡ് വിഭജിച്ച് രൂപീകരിച്ച മുനിസിപ്പാലിറ്റിയില്‍ 29 ഡിവിഷനുണ്ട്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം.

കൊല്ലം നഗരസഭയും ജില്ലാ പഞ്ചായത്തും മൂന്നു മുനിസിപ്പാലിറ്റികളില്‍ രണ്ടും എല്‍ഡിഎഫ് ഭരണത്തില്‍. 70 പഞ്ചായത്തില്‍ 42 ഇടത്ത് എല്‍ഡിഎഫ് ഭരണമാണ്. 11 ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് എട്ട് അംഗങ്ങളുണ്ട്. കക്ഷിനില: കൊല്ലം നഗരസഭ- എല്‍ഡിഎഫ്(28): സിപിഐ എം-20, സിപിഐ-ഏഴ്, പിഡിപി-ഒന്ന്. യുഡിഎഫ് (27): കോണ്‍ഗ്രസ്-17, ആര്‍എസ്പി-എട്ട്, മുസ്ലിം ലീഗ്-ഒന്ന്, ജെഎസ്എസ്-ഒന്ന്.ജില്ലാ പഞ്ചായത്ത്- എല്‍ഡിഎഫ്(16): സിപിഐ എം-10, സിപിഐ- ആറ്, യുഡിഎഫ് (ഒമ്പത്): കോണ്‍ഗ്രസ്- നാല്, ആര്‍എസ്പി- മൂന്ന്, കേരള കോണ്‍ഗ്രസ് ബി- രണ്ട്. മൂന്നു മുനിസിപ്പാലിറ്റികളില്‍ പുനലൂരും പരവൂരും എല്‍ഡിഎഫിനും കരുനാഗപ്പള്ളി യുഡിഎഫിനുമാണ്. കക്ഷിനില: പുനലൂര്‍ (35)- എല്‍ഡിഎഫ് (24): സിപിഐ എം-18, സിപിഐ-ആറ്. കോണ്‍ഗ്രസ്: 11. പരവൂര്‍ (32)- എല്‍ഡിഎഫ് (15): സിപിഐ എം-14, സിപിഐ-ഒന്ന്, യുഡിഎഫ്(16): കോണ്‍ഗ്രസ്-13, മുസ്ലിംലീഗ്- ഒന്ന്, ജെഎസ്എസ്-ഒന്ന്, ആര്‍എസ്പി- ഒന്ന്. ബിജെപി- ഒന്ന്. കരുനാഗപ്പള്ളി (35)- യുഡിഎഫ് (19): കോണ്‍ഗ്രസ്- 19, മുസ്ലിം ലീഗ്- രണ്ട്, ആര്‍എസ്പി- ഒന്ന്. എല്‍ഡിഎഫ്(13): സിപിഐ എം-ഒമ്പത്, സിപിഐ- മൂന്ന, ജെഎസ്എസ്-ഒന്ന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ പത്തിടത്തും എല്‍ഡിഎഫ് വിജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടി

by സനല്‍ ഡി പ്രേം on 08-October-2015

വികസനം, അംഗീകാരം ജില്ലാ പഞ്ചായത്തിന് 

കൊല്ലം > സമൂഹിക പ്രതിബദ്ധതയുടെ കൈയൊപ്പു പതിഞ്ഞ വ്യത്യസ്ത പദ്ധതികളിലൂടെ ജില്ലാ പഞ്ചായത്ത് രാജ്യത്തിനു മാതൃകയായി. സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫിക്കു പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ രാജീവ്ഗാന്ധി ശാക്തീകരണ്‍ പുരസ്കാരവും എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന ജില്ലാ പഞ്ചായത്തിനെ തേടിയെത്തി. വിദ്യാഭ്യാസം, മാലിന്യനിര്‍മാര്‍ജനം, കൃഷി, ആതുര ശുശ്രൂഷ, ക്ഷീര വികസനം, സ്ത്രീശാക്തീകരണം തുടങ്ങി ജില്ലാ പഞ്ചായത്തിന്റെ കൈയൊപ്പു പതിയാത്ത മേഖലകള്‍ വിരളം. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജില്ലയിലെ 26 ഡിവിഷനുകളെയും ഒന്നായിക്കണ്ട് നടപ്പാക്കിയ വികസന മുന്നേറ്റങ്ങള്‍ക്കു ലഭിച്ച അംഗീകാരമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി.

രാജ്യത്തെ മികച്ച തദ്ദേശ സ്ഥാപനത്തിനുള്ള 2014-15ലെ രാജീവ്ഗാന്ധി ശാക്തീകരണ്‍ പുരസ്കാരം 50 ലക്ഷവും മൊമെന്റോയും ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ ഏറ്റുവാങ്ങി. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി(2014), 2013ലും 2015ലും ആരോഗ്യ കേരളം പുരസ്ക്കാരം, വനമിത്ര അവാര്‍ഡ്(2014), ഫാമുകളുടെ മികച്ച പ്രവര്‍ത്തനത്തിന് ഹരിതകീര്‍ത്തി പുരസ്ക്കാരം(2013) എന്നിവയും ലഭിച്ചു.

സമൂഹത്തിന്റെ എല്ലാ മേഖലകളിലെ ജനങ്ങള്‍ക്കു ഗുണകരമാകുന്ന വിവിധ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പാക്കിയത്. ജില്ലയുടെ കാര്‍ഷിക- ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ 90 ശതമാനത്തിലേറെ ഫണ്ട് ചെലവഴിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി. ആദിവാസി ഗര്‍ഭിണികള്‍ക്ക് പോഷകാഹാര വിതരണവും പട്ടികവര്‍ഗത്തില്‍പെട്ട അവശത അനുഭവിക്കുന്നവര്‍ക്കായി നടപ്പാക്കിയ ആഹാരവിതരണ പദ്ധതിയും സംസ്ഥാനത്തിനു മാതൃകയായി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 27 കോടിയാണ് മാറ്റിവച്ചത്. അതില്‍ പട്ടികജാതി വിഭാഗത്തിന് 74 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തിന് 95 ശതമാനവും ചെലവഴിക്കാനായി.

പത്താംതരം തുല്യതാ പരീക്ഷയില്‍ 2013-14 വര്‍ഷം സംസ്ഥാനത്ത് ഉയര്‍ന്ന വിജയശതമാനം നേടാന്‍ ജില്ലയ്ക്കായതിനു പിന്നില്‍ ജില്ലാ പഞ്ചായത്തിന്റെ സാക്ഷരതാ പ്രവര്‍ത്തനങ്ങളാണ്. തമിഴ്നാട്ടുകാര്‍ ഏറെയുള്ള ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പത്താംതരം തമിഴ് തുല്യത ക്ലാസ് ആരംഭിച്ചു. അവിടെനിന്ന് 50 പഠിതാക്കളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. ബെറ്റര്‍ എഡ്യൂക്കേഷന്‍ പദ്ധതിയിലൂടെ പട്ടികജാതി കുട്ടികള്‍ക്ക് റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കി. വിദ്യാഭ്യാസ പുരോഗതിക്ക് 2013-14 വര്‍ഷം 1.53 കോടി ചെലവഴിച്ചു.

അഞ്ചല്‍ കോട്ടുക്കല്‍ കൃഷിഫാമിലെ 135 ഹെക്ടറില്‍ കദളീവനം പദ്ധതി വിജയകരമായി നടപ്പാക്കി. ഫാമിലെ പത്തേക്കറില്‍ വിവിധയിനം പഴവര്‍ഗങ്ങളുടെ 1000 തൈ നട്ടു. മാവും പ്ലാവും മുതല്‍ ദുരിയാന്‍ വരെ 12 ഇനം പഴവര്‍ഗച്ചെടികളാണ് സമൃദ്ധമായി വളരുന്നത്. ജില്ലാ പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി ഓരോ മാസവും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എത്തി മരുന്നും ചികിത്സയും ലഭ്യമാക്കുന്നു. മുട്ട ഉല്‍പ്പാദനത്തില്‍ ജില്ലയെ സ്വയംപര്യാപ്തമാക്കാനായി നടപ്പാക്കിയ എഗ്ഗ് ടു എഗ്ഗ് പദ്ധതി വിജയകരമാണെന്നു തെളിഞ്ഞു. സ്ത്രീകള്‍ക്കായി അലങ്കാര മത്സ്യക്കൃഷി നടപ്പാക്കി. എയ്ഡ്സ് ബാധിതരായ മുന്നൂറോളം പേര്‍ക്ക് പോഷകാഹാരം നല്‍കുന്നു. സംസ്ഥാനത്ത് ആദ്യമായി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത്കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും നല്‍കി. ആയൂര്‍ തോട്ടത്തറയിലെ സെറികള്‍ച്ചര്‍ ഫാമില്‍ ആധുനിക ഹാച്ചറി യൂണിറ്റ് തുടങ്ങി.

കുരിയോട്ടുമല ഫാം ശുദ്ധമായ പാല്‍ വിപണിയില്‍ ഇറക്കി. ആദിവാസി സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥ മുതല്‍ കുഞ്ഞ് ജനിച്ച് ഒരു വയസ്സുവരെ നടപ്പാക്കുന്ന പോഷകാഹാരപദ്ധതി സംസ്ഥാനത്തിനു മാതൃകയാണ്. ആദിവാസി ശിശുമരണം ഇല്ലാത്ത ജില്ലയായി കൊല്ലം മാറി. 60 വയസ്സ് കഴിഞ്ഞ ആദിവാസികള്‍ക്ക് മാസം 500 രൂപയുടെ പോഷകാഹാരക്കിറ്റ് സൗജന്യമായി നല്‍കുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിന് അഞ്ചു സെന്ററുകള്‍ തുടങ്ങി. ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ പത്താംക്ലാസ് വിജയശതമാനം ഉയര്‍ത്താന്‍ വിജയസോപാനം പദ്ധതി നടപ്പാക്കി. പാവപ്പെട്ടവര്‍ക്ക് വീടുവച്ചു നല്‍കുന്നതിനുള്ള ഇന്ദിര ആവാസ് യോജന പദ്ധതിക്ക് സംസ്ഥാനത്ത് കൂടുതല്‍ തുക ചെലവഴിച്ചത് കൊല്ലം ജില്ലാ പഞ്ചായത്താണ്

കൊല്ലം നഗരസഭമുഖഛായ മാറ്റിയ സ്വപ്ന പദ്ധതികള്‍

കൊല്ലം > "കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട' എന്നത് പഴമൊഴി. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടിയിരുന്ന കൊല്ലം നഗരവും ഇന്ന് പഴങ്കഥ. നഗരത്തിനു ശാപമോക്ഷം നല്‍കിയത് ഇച്ഛാശക്തിയോടെ എല്‍ഡിഎഫ് ഭരണസമിതികള്‍ നടപ്പാക്കിയ രണ്ടു ബൃഹത് പദ്ധതികള്‍. സാങ്കേതിക തടസ്സങ്ങളെയും നിയമക്കുരുക്കുകളെയും പല കോണുകളില്‍നിന്ന് ഉയര്‍ന്ന എതിര്‍പ്പുകളെയും അതിജീവിച്ച് യാഥാര്‍ഥ്യമാക്കിയ ആശ്രാമം നാലുവരിപ്പാതയും ചിന്നക്കട അടിപ്പാതയും നഗരഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്.

ആധുനിക കൊല്ലം നഗരത്തിന്റെ രൂപീകരണത്തിനുശേഷം മാറ്റങ്ങളൊന്നുമില്ലാതെ തുടര്‍ന്ന ഗതാഗത സംവിധാനം പൊളിച്ചെഴുതിയത് ഈ പദ്ധതികളാണ്. നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച കൊല്ലം പോര്‍ട്ട് റോഡും പതിറ്റാണ്ടുകളായി ഇഴഞ്ഞുനീങ്ങുന്ന കൊല്ലം ബൈപാസും ലിങ്ക് റോഡില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തു തുടങ്ങി ദേശീയപാതയില്‍ തോപ്പില്‍കടവില്‍ ചേരുന്ന റോഡുപദ്ധതിയും യാഥാര്‍ഥ്യമാകുന്നതോടെ കൊല്ലം നഗരത്തിലെ ഗതാഗത വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും.

നിയമതടസ്സങ്ങള്‍ നീങ്ങി പോര്‍ട്ട് റോഡ് നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. തോപ്പില്‍കടവ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ നടപടിയായി. നഗരസഭ ഭരണസമിതിയുടെ അഞ്ചുവര്‍ഷത്തെ വികസന പദ്ധതികളില്‍ ഏറ്റവും തിളക്കമേറിയതാണ് ചിന്നക്കട അടിപ്പാത. എഡിബി ധനസഹായത്തോടെയുള്ള അടിപ്പാത പദ്ധതി യാഥാര്‍ഥ്യമാകാന്‍ നിരവധി കടമ്പകള്‍ താണ്ടേണ്ടിവന്നു. 2007ല്‍ ആണ് 4.85 കോടി അനുവദിച്ചത്. എന്നാല്‍, പദ്ധതിക്കായി റെയില്‍വേ 21.5 സെന്റ് ലഭ്യമാകുന്നതിലെ കാലതാമസമാണ് വലിയ പ്രതിസന്ധിയായത്. ഒടുവില്‍ അന്നത്തെ മേയര്‍ പ്രസന്ന ഏണസ്റ്റും കെ എന്‍ ബാലഗോപാല്‍ എംപിയും ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി സി പി ജോഷിയെ നേരില്‍കണ്ട് ഭൂമിക്കുള്ള അനുമതി നേടി. ഭൂമിക്കായി 4.98 കോടി നഗരസഭ റെയില്‍വേയ്ക്കു നല്‍കി. യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു വര്‍ഷംകൊണ്ട് സ്വപ്നപദ്ധതി പൂര്‍ത്തിയാക്കിയപ്പോള്‍ ആകെ ചെലവായത് ഒമ്പതു കോടി.

ഇരുമ്പുപാലത്തിനു സമാന്തരപാലവും കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് നിര്‍മിച്ച ആശ്രാമം നാലുവരിപ്പാതയും നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമായി. നഗരസഭ രൂപീകൃതമായശേഷം തുടര്‍ച്ചയായ മൂന്നാം തവണയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തുന്നത്

കരുനാഗപ്പള്ളിയില്‍ റിയല്‍ എസ്റ്റേറ്റ്' ഭരണം

കരുനാഗപ്പള്ളി > കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയെ ദുര്‍ഗന്ധപൂരിതമാക്കുന്നത് മാലിന്യത്തേക്കാള്‍ അഴിമതിക്കഥകളാണ്. അഞ്ചുവര്‍ഷംമുമ്പ് മുനിസിപ്പാലിറ്റി രൂപീകൃതമായശേഷം ആദ്യമായി അധികാരമേറ്റ യുഡിഎഫ് ഭരണസമിതിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ എണ്ണിയാല്‍ തീരില്ല. കരാര്‍ പണി സ്വന്തമായി ഏറ്റെടുത്തു നടത്തുന്ന കൗണ്‍സിലര്‍മാരും ഇവിടെ ഉണ്ട്. വികസനം പ്രതീക്ഷിച്ച് യുഡിഎഫുകാരെ അധികാരത്തിലേറ്റിയ കരുനാഗപ്പള്ളിക്കാര്‍ നിരാശരായി. വികസനത്തിന്റെ പേരില്‍ നടത്തിയ ഭൂമി ഇടപാടുകള്‍ക്കു പിന്നില്‍ ഭരണസമിതി അംഗങ്ങളുടെ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളാണെന്ന് കോണ്‍ഗ്രസുകാരും പറയുന്നു. ഭവനരഹിതര്‍ക്ക് ഫ്ളാറ്റ് പണിയാനായി കേശവപുരത്തു 40 സെന്റു വാങ്ങി. വഴിയില്ലാത്ത ഭൂമി വാങ്ങിയത് എന്തിനുവേണ്ടിയെന്ന് ഇന്നും ദുരൂഹം. ഫ്ളാറ്റ് പദ്ധതി നടപ്പായില്ല. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനെന്ന പേരില്‍ മാര്‍ക്കറ്റിനോടു ചേര്‍ന്ന് ചതുപ്പുനിലം വാങ്ങി. മണ്ണിട്ടു നികത്തി അടിസ്ഥാന സൗകര്യ വികസനത്തിനു ഒരു കോടിയോളം മുടക്കി. ഫലമോ, ഒരു ബസ് പോലും സ്റ്റാന്‍ഡിലേക്ക് കയറില്ല. ബസ് സ്റ്റാന്‍ഡിനു ചുറ്റുമുള്ള ഭൂഉടമകളെയും റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിനെയും സഹായിക്കുകയായിരുന്നു ലക്ഷ്യം. ശ്മശാനത്തിനായി വസ്തു വാങ്ങിയ ഇനത്തില്‍ കിട്ടിയ കൈമടക്ക് വീതംവച്ചത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ പരസ്യമായ തര്‍ക്കമുണ്ടായി

പുനലൂരില്‍വികസന മുന്നേറ്റം

പുനലൂര്‍ > പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ ഭരണസമിതി വികസനനേട്ടം കൊയ്തതിന്റെ അഭിമാനത്തിലാണ്. മുനിസിപ്പാലിറ്റിയുടെ ചരിത്രത്തില്‍ നാലുവര്‍ഷമൊഴികെ എല്‍ഡിഎഫിനാണ് ഭരണസാരഥ്യം ലഭിച്ചത്. ഇപ്പോള്‍ തുടര്‍ച്ചയായി 15 വര്‍ഷവും ഈ ഭരണമികവാണ് പുനലൂരിന്റെ വികസനനേട്ടങ്ങള്‍ക്ക് കരുത്തു പകരുന്നത്. ജില്ലാആശുപത്രി പദവിയിലേക്ക് പരിഗണിക്കുന്ന താലൂക്കാശുപത്രിയിലെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ മുനിസിപ്പാലിറ്റിയെ കൂടുതല്‍ ജനകീയമാക്കി. ആശുപത്രിയില്‍ എല്ലാവര്‍ക്കും സൗജന്യമായി ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം നല്‍കുന്ന പാഥേയം പദ്ധതിയും സൗജന്യമായി ഡയാലിസിസ് സൗകര്യമുള്ള അത്യാധുനിക ഡയാലിസിസ് യൂണിറ്റും നിലാവ് എന്ന പാലിയേറ്റീവ് കെയര്‍ വാര്‍ഡുമെല്ലാം മുനിസിപ്പാലിറ്റി വിഭാവനം ചെയ്ത് നടപ്പാക്കിയതാണ്. സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ ആദ്യമായി നീര്‍ത്തട മാതൃകാ പദ്ധതി നടപ്പാക്കിയത് പുനലൂരിലാണ്. മുനിസിപ്പല്‍ കാര്യാലയം പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ചു. പുനലൂരില്‍ പ്രകൃതി ചികിത്സാകേന്ദ്രം സ്ഥാപിച്ചു. മുനിസിപ്പല്‍ കാര്യാലയത്തിനു സമീപം പുതിയ വ്യാപാര സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ചെമ്മന്തൂര്‍ സ്റ്റേഡിയത്തല്‍ ജിംനേഷ്യം, കായികപരിശീലന കേന്ദ്രം എന്നിവ സ്ഥാപിച്ചു

പരവൂരില്‍ അവാര്‍ഡ് തിളക്കം

ചാത്തന്നൂര്‍ > പുരസ്കാര നിറവിലാണ് പരവൂര്‍ മുനിസിപ്പാലിറ്റി. പൊതുജനാരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുനിസിപ്പാലിറ്റിക്ക് സംസ്ഥാന സര്‍ക്കാരിന്റെ 2014-15 ലെ ആരോഗ്യകേരളം അവാര്‍ഡ് ലഭിച്ചു. ആരോഗ്യമേഖലയില്‍ വന്‍മുന്നേറ്റമാണ് എല്‍ഡിഎഫ് ഭരണസമിതി നടത്തിയത്. നെടുങ്ങോലം താലൂക്കാശുപത്രി വികസനം, സര്‍ക്കാര്‍ ഹോമിയോ-ആയുര്‍വേദ ആശുപത്രികളുടെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തല്‍, വയോജന സംരക്ഷണം, ജീവിതശൈലിരോഗ ക്ലിനിക്, സര്‍ക്കാര്‍ സ്കൂളുകളുടെ നവീകരണം, ശൗചാലയങ്ങള്‍, വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് എയ്റോബിക് കമ്പോസ്റ്റ് ഇന്‍സിനേറ്റര്‍, ബയോഗ്യാസ് പ്ലാന്റ്, പിഎച്ച് സെന്ററുകളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം തുടങ്ങി നേട്ടങ്ങളുടെ പട്ടിക നീളുന്നു. നെടുങ്ങോലം രാമറാവു ആശുപത്രിയില്‍ അഞ്ചുവര്‍ഷത്തിനിടെ കോടികളുടെ വികസനമാണ് നടന്നത്. സംസ്ഥാനത്ത് ആദ്യമായി കംപ്യൂട്ടര്‍വല്‍ക്കരിച്ച ജന-മരണ-വിവാഹ രജിസ്ട്രേഷന്‍ പരവൂര്‍ മുനിസിപ്പാലിറ്റിയാണ് നടപ്പാക്കിയത്. സങ്കേതം സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി കെട്ടിടനിര്‍മാണ അനുമതി നല്‍കിയ ആദ്യ മുനിസിപ്പാലിറ്റിയും പരവൂരാണ്. പത്തുവര്‍ഷമായി എല്‍ഡിഎഫ് ഭരണത്തിലാണ് മുനിസിപ്പാലിറ്റി

Monday, October 5, 2015

അന്യായങ്ങളുടെ വീകേന്ദ്രീകരണം

കണ്ണൂര്‍ > അധികാര ദുര്‍വിനിയോഗത്തിന്റെ വികേന്ദ്രീകൃത പരീക്ഷണമാണ് കണ്ണൂരില്‍ യുഡിഎഫ് നടപ്പാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ചെങ്കോട്ട കുലുക്കാനാവുമോ എന്നതാണ് നോട്ടം. അത് സാധിക്കില്ലെങ്കില്‍, കുത്സിത മാര്‍ഗങ്ങളിലൂടെ അല്‍പമെങ്കിലും നേട്ടമുണ്ടാക്കാനാണ് ഗൂഢശ്രമം. അശാസ്ത്രീമായി പുതിയ മുനിസിപ്പാലിറ്റികള്‍ രൂപീകരിച്ചതും മലയോര മേഖലയിലെ ജില്ലാപഞ്ചായത്ത് ഡിവിഷനുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുംവിധം വെട്ടിമുറിച്ചതും പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ സമീപ പഞ്ചായത്തുകളെ ഒഴിവാക്കിയതും ജനഹിതം അട്ടിമറിക്കാന്‍.

തീര്‍ത്തും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ പുനഃസംഘടിപ്പിച്ചത്. ജനസംഖ്യ, ഭൂമിശാസ്ത്രപരമായ കിടപ്പ്, നദികള്‍, കുന്നുകള്‍ എന്നീ പ്രകൃതിദത്ത അതിരുകള്‍, ജനങ്ങളുടെ യാത്രാസൗകര്യങ്ങള്‍ എന്നിവ പരിഗണിച്ചില്ല. ജില്ലയില്‍ 14 ബ്ലോക്ക് മണ്ഡലങ്ങളാണ് മുനിസിപ്പാലിറ്റികളും കോര്‍പറേഷനുമായി മാറ്റുന്നത്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ അഞ്ചിലാണ് പുനഃസംഘടന ഉണ്ടായത്. നഗരസഭകളോട് ചേര്‍ന്ന പഞ്ചായത്തുകള്‍ ഒഴിവാക്കി അവശേഷിക്കുന്നവ ചേര്‍ത്താണ് ഇവ പുനസംഘടിപ്പിച്ചത്. ഈ മാനദണ്ഡം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ രൂപീകരണത്തില്‍ പരിഗണിച്ചില്ല. 23 നിയോജകമണ്ഡലങ്ങളും വെട്ടിമുറിച്ച് പുതിയ മണ്ഡലങ്ങളാക്കി. ഇതിനതെരിരെ എല്‍ഡിഎഫ് നിയമനടപടി സ്വീകരിച്ചു.

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയെ വിഭജിച്ചതിന് പിന്നില്‍ ലീഗിന് ഭരണം പിടിക്കാനാവുമെന്ന വ്യാമോഹം മാത്രം. തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാന്‍ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന യുഡിഎഫിന് തിരിച്ചടി നല്‍കാന്‍ കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍. സര്‍ക്കാരിന്റെ ജനവഞ്ചനക്കും അഴീക്കല്‍ തുറമുഖം യാഥാര്‍ഥ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാന ലംഘനങ്ങള്‍ക്കുമെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ്. ജില്ലയില്‍ 1683 വാര്‍ഡിലേക്കാണ് തെരഞ്ഞെടുപ്പ്. കണ്ണൂര്‍ കോര്‍പറേഷനും നാലു നഗരസഭകളും പുതുതായി നിലവില്‍ വന്നപ്പോള്‍ പഞ്ചായത്തുകളുടെ എണ്ണം 81ല്‍നിന്ന് 71 ആയി. പഞ്ചായത്തുകളില്‍ 1,165 വാര്‍ഡുകളുണ്ട്. 11 ബ്ലോക്ക് പഞ്ചായത്തുകളും ഒമ്പത് മുനിസിപ്പാലിറ്റികളുമുണ്ട്. മുനിസിപ്പാലിറ്റികളില്‍ നാലെണ്ണം പുതുതായി രൂപീകരിച്ചതാണ്. മട്ടന്നൂരില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. ബാക്കി വരുന്ന എട്ട് നഗരസഭകളില്‍ 289 വാര്‍ഡുകളാണുള്ളത്.

പാനൂര്‍, ആന്തൂര്‍, ശ്രീകണ്ഠപുരം, ഇരിട്ടി എന്നിവയാണ് പുതുതായി രൂപീകരിച്ച നഗരസഭകള്‍. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 149 വാര്‍ഡുണ്ട്. ജില്ലാപഞ്ചായത്ത് ഡിവിഷന്റെ എണ്ണം 26ല്‍നിന്ന് 24 ആയി ചുരുങ്ങി. ആകെ വോട്ടര്‍മാരുടെ എണ്ണം 18,26,852 ആണ്. സ്ത്രീ വോട്ടമാരാണ് കൂടുതല്‍. സ്ത്രീ വോട്ടര്‍മാര്‍ 9,79,684 ഉം പുരുഷ വോട്ടര്‍മാര്‍ 8,47,164 ഉം. നാല് ഭിന്നലിംഗക്കാരുമുണ്ട്. 2010ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 81 പഞ്ചായത്തുകളില്‍ 56 എണ്ണവും 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തും എല്‍ഡിഎഫിനായിരുന്നു. ഒരു ബ്ലോക്ക് പഞ്ചായത്ത് നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫിന് നഷ്ടമായത്. ജില്ലാപഞ്ചായത്തില്‍ 26 ഡിവിഷനില്‍ ഇരുപതും എല്‍ഡിഎഫ് തൂത്തുവാരി. 16 പഞ്ചായത്തുകളില്‍ മുഴുവന്‍ സീറ്റും എല്‍ഡിഎഫ് നേടി. 28 സീറ്റില്‍ എല്‍ഡിഎഫിന് എതിരുണ്ടായില്ല. ആറ് മുനിസിപ്പാലിറ്റികളില്‍ അഞ്ചെണ്ണവും എല്‍ഡിഎഫിനൊപ്പം നിന്നു.
(പി സുരേശന്‍)

ജില്ലാപഞ്ചായത്ത് വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ

നാടിന് സമഗ്ര വികസനം പകരുകയെന്ന കര്‍ത്തവ്യമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നാളിതുവരെ നിര്‍വഹിച്ചിട്ടുള്ളത്. എസ്എസ്എല്‍സി വിജയ ശതമാനം കൂട്ടുന്നതിനുള്ള മുകുളം പദ്ധതി, കാര്‍ഷിക ബയോ ടെക്നോളജി വിഭാഗം, ജില്ലാ വികസന കേന്ദ്രം, അപ്പാരല്‍ പാര്‍ക്കുകള്‍, അഗ്രോ സര്‍വീസ് സെന്റര്‍, കാങ്കോല്‍ വിത്തുല്‍പാദന കേന്ദ്രം, ജില്ലാ ആശുപത്രി വികസനം, ജില്ലാജയിലിലെ ഹൈടെക് ഫാം, കുളങ്ങളുടെ നവീകരണം, ആയുര്‍വേദ ആശുപത്രിയിലെ ബാലമാനസം, ആരൂഢം, ഹോമിയോ ആശുപത്രിയിലെ അമ്മയും കുഞ്ഞും പരിപാടി, മോഡല്‍ സ്കൂളുകള്‍ എന്നിവ ജില്ലാ പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ തിളങ്ങുന്ന ഏടുകളാണ്. എല്‍ഡിഎഫ് അധികാരത്തിലിരുന്ന ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ നേട്ടങ്ങള്‍ കൊയ്തു. കോണ്‍ഗ്രസ് ഭരിച്ച മലയോര പഞ്ചായത്തുകളില്‍ ചിലത് അഴിമതിയുടെയും കാലുമാറ്റത്തിന്റെയും കേന്ദ്രമായി മാറി. അയ്യന്‍കുന്ന് പഞ്ചായത്തില്‍മാത്രം എട്ടുപേരെ കോടതി അയോഗ്യരാക്കി. കണ്ണൂര്‍ കോര്‍പറേഷന്‍കോര്‍പറേഷന്‍ രൂപീകരിച്ചുവെന്നല്ലാതെ അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നുമൊരുക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല.

കണ്ണൂര്‍ നഗരസഭയോടൊപ്പം പള്ളിക്കുന്ന്, പുഴാതി, എടക്കാട്, എളയാവൂര്‍, ചേലോറ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് കോര്‍പറേഷന്‍ രൂപീകരിച്ചത്. കോണ്‍ഗ്രസും ലീഗും അധികാരം പങ്കിട്ട കണ്ണൂര്‍ നഗരസഭ വികസന കാര്യത്തില്‍ പൂര്‍ണ പരാജയമായിരുന്നു. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കണ്ണൂര്‍ നഗരസഭയെ തീര്‍ത്തും നിറംകെടുത്തുന്നതായിരുന്നു യുഡിഎഫ് ഭരണം. പൊട്ടിപ്പൊളിഞ്ഞ റോഡുകളും തകര്‍ന്നുവീഴാറായ ബസ്സ്റ്റാന്‍ഡും സ്റ്റേഡിയം കോംപ്ലക്സുമാണ് ജില്ലാ ആസ്ഥാനംകൂടിയായ കണ്ണൂരിന്റെ മുഖമുദ്ര.

മലബാറിലെ ആദ്യ ഗ്യാസ് ശ്മശാനം

തലശേരി > മലബാറിലെ ആദ്യ ഗ്യാസ് ശ്മശാനമാണ് കതിരൂര്‍ പഞ്ചായത്തില്‍ കുണ്ടുചിറയില്‍ ഈമാസം പ്രവര്‍ത്തനം തുടങ്ങിയത്. വ്യവസായ എസ്റ്റേറ്റിന്റെ സമീപം പഞ്ചായത്തിന്റെ കൈവശമുള്ള 54 സെന്റ്് സ്ഥലത്താണ് കിണര്‍, പൂന്തോട്ടം സിലിണ്ടര്‍റൂം എന്നിവയുള്‍പ്പെടെ പൂര്‍ണമായും മാലിന്യമുക്ത ശ്മശാനം യാഥാര്‍ഥ്യമായത്. ജലനിധിയുടെ ശുചിത്വപദ്ധതിയില്‍പ്പെടുത്തി 52 ലക്ഷം രൂപ ചെലവഴിച്ചാണ് ശ്മശാനം നിര്‍മിച്ചത്. മൃതദേഹം കത്തുമ്പോഴുണ്ടാകുന്ന പുക വാട്ടര്‍ ട്രീറ്റ്മെന്റ്് നടത്തി 30 മീറ്റര്‍ ഉയരമുള്ള പുകക്കുഴല്‍ വഴി കടത്തിവിടും. ഒരു ശരീരം കത്തിത്തീരാന്‍ 10മുതല്‍ 12 കി.ഗ്രാം വരെ ഗ്യാസ് ചെലവാകും. ഏകദേശം ഒരു മണിക്കൂര്‍ സമയവുമെടുക്കും. എട്ട് ഗ്യാസ് കുറ്റികളില്‍നിന്ന് ഒരേസമയം ഒരേ അളവില്‍ ഗ്യാസ് കടത്തിവിടും. എട്ട് കുറ്റി ഗ്യാസുകൊണ്ട് 13 മൃതദേഹം ദഹിപ്പിക്കാനാവും. മൃതദേഹത്തില്‍ കര്‍പ്പൂരം കത്തിച്ചുവച്ച് ഫര്‍ണസിന്റെ വാതിലടച്ചാലേ തീ പടരുകയുള്ളൂ. ശവസംസ്കാരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരിക്കാനും കുളിക്കാനും വസ്ത്രം മാറ്റാനുമുള്ള സൗകര്യവുമുണ്ട്.

ഹരിതം വിളങ്ങുന്ന നാട്

കണ്ണൂര്‍ > മണ്ണില്‍ ഹരിതസമൃദ്ധി വിളങ്ങുന്നതു കാണാന്‍ കണ്ണൂര്‍ ജില്ലയിലേക്ക് വരിക. കാര്‍ഷിക വികസനത്തിന്റെ അത്ഭുതങ്ങളാണ് നിങ്ങളെ വരവേല്‍ക്കുക. കാര്‍ഷികമേഖലയെ അഭിവൃദ്ധിയിലേക്ക് നയിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ജില്ലാ പഞ്ചായത്തിന്റെ നേതൃത്വവും ശ്രദ്ധേയം. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നേട്ടങ്ങളാണ് കണ്ണൂരിന്റേത്. കരിമ്പം കൃഷിത്തോട്ടം, പാലയാട് കൃഷിത്തോട്ടം തുടങ്ങിയവ ഈ നേട്ടങ്ങള്‍ക്ക് മകുടം ചാര്‍ത്തുന്നു. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ബ്രീട്ടിഷ് സര്‍ക്കാര്‍ നിയമിച്ച ക്ഷാമാന്വേഷണ കമീഷന്‍ ശുപാര്‍ശപ്രകാരം സസ്യ ശാസ്ത്രജ്ഞനായ ഡോ. ബാര്‍ബര്‍ 1905ല്‍ കുരുമുളക് ഗവേഷണത്തിന് സ്ഥാപിച്ച കൃഷിത്തോട്ടം ഇന്ന് മുഴുവന്‍ വിളകളുടെയുടെയും പരിപാലന ഭൂമിയാണ്.

1996ലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥാപനം ജില്ലാപഞ്ചായത്തിന് കൈമാറിയത്. തുടര്‍ന്നാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാമിനുള്ള അവാര്‍ഡ് നേടിയത്. 56.35 ഹെക്ടര്‍ സ്ഥലത്ത് ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യ- ഫല വൃക്ഷങ്ങളും സസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ഔഷധങ്ങളും അപൂര്‍വ സമ്പത്താണ്. കരിമ്പം ജില്ലാകൃഷിത്തോട്ടത്തിലെ ബയോടെക്നോളജി ഡിവിഷന്‍ ഈ രംഗത്ത് നല്‍കുന്ന സേവനവും അമൂല്യം. 2012ല്‍ ഒരു ലക്ഷം ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈ ഉല്‍പാദിപ്പിച്ച് വിതരണം നടത്തി. 2015ല്‍ പുതിയ കെട്ടിടം പണിതതോടെ ടിഷ്യൂകള്‍ചര്‍ പ്രോഡക്ഷന്‍ യൂണിറ്റിലെ ഉല്‍പാദനം അഞ്ച് ലക്ഷമായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. റോബസ്റ്റ, ഗ്രാന്‍ഡ് നെയിന്‍, നേന്ത്ര വാഴ എന്നിവയുടെ ടിഷ്യൂകള്‍ച്ചര്‍ തൈകളാണ് ഉല്‍പാദിപ്പിക്കുന്നത്. ട്രൈകോഡര്‍മ എന്ന മിത്ര കുമിളും സ്യൂഡോമോണസും ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. കൂണ്‍ വിത്തും ലഭ്യമാണ്. 67 ഇനം മാവുകളുടെ ജനിതക ശേഖരമുള്ള ഈ കേന്ദ്രം രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനിതക സമ്പത്തുള്ള തോട്ടമാണ്. 222 സങ്കര ഇനം മാവുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. വര്‍ഷം നാല്‍പതിനായിരത്തോളം മാവ് ഗ്രാഫ്റ്റ് തൈകളും വിതരണത്തിന് തയ്യാറാക്കുന്നു.

സുഗന്ധ വ്യഞ്ജന സസ്യങ്ങള്‍, നെല്ല്, പച്ചക്കറി, ഔഷധ സസ്യങ്ങള്‍, അലങ്കാരച്ചെടികള്‍ എന്നിവയും വിവിധയിനം നടീല്‍ വസ്തുക്കളും വിതരണം ചെയ്യുന്നുണ്ട്്. ഈ വര്‍ഷത്തെ മികച്ച ഫാമിനും ഫാം സൂപ്രണ്ടിനുമുള്ള സംസ്ഥാന പുരസ്കാരത്തിലൂടെ ഇരട്ടനേട്ടം കൊയ്ത പാലയാട് ഫാമിന്റെ പ്രവര്‍ത്തനം വിസ്മയകരവും മാതൃകാപരവുമാണ്. പ്രധാനമായും തെങ്ങിന്‍ തൈ ഉല്‍പാദനമാണ് നടക്കുന്നതെങ്കിലും ചൊരിമണലില്‍ കൃഷിയിനങ്ങളെല്ലാം വിളയുമെന്ന പാഠമാണ് ഫാം നല്‍കുന്നത്. നാടന്‍ പശ്ചിമതീര നെടിയ ഇനം, ടി ഇന്റു ഡി, കുറിയ ഇനം തുടങ്ങിയ ഏതാണ്ട് മുക്കാല്‍ ലക്ഷത്തോളം തെങ്ങിന്‍ തൈ പ്രതിവര്‍ഷം വില്‍ക്കും. ഒന്നേമുക്കാല്‍ ലക്ഷത്തോളം കുരുമുളക് ചെടി, കശുമാവ് ഗ്രാഫ്റ്റ്, പച്ചക്കറി വിത്തുകള്‍, ഔഷധച്ചെടി, അലങ്കാരസസ്യങ്ങള്‍, ജൈവവളം തുടങ്ങി 11 ഏക്കറില്‍നിന്ന് കര്‍ഷകര്‍ക്ക് വേണ്ടതെല്ലാം ഇവിടെ ലഭ്യമാണ്. കാങ്കോലിലെ നെല്‍വിത്ത് ഉല്‍പാദനകേന്ദ്രമാണ് ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംരംഭം. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വേങ്ങാട് സീഡ് ഫാമിലും പ്രധാനമായി നെല്‍വിത്താണ് ഉല്‍പാദിപ്പിക്കുന്നത്.

(സതീഷ് ഗോപി)

പഠനമികവിന്റെ നെറുകയിലേക്ക്

കണ്ണൂര്‍ > രാഷ്ട്രീയ കലാപങ്ങളുടെ ഭൂമിയെന്ന് കണ്ണൂരിനെ ആക്ഷേപിക്കുന്നവരുടെ വായടപ്പിക്കുന്നതാണ് വിദ്യാഭ്യാസ മേഖലയില്‍ ജില്ല കൈവരിച്ച നേട്ടം. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ ഭാവനാത്മക പദ്ധതികള്‍ രാജ്യം ഉറ്റുനോക്കുകയാണ്. ഭരണതലത്തിലുള്ള സര്‍ഗാത്മക ഇടപെടലിന്റെ ലോകമാതൃകയായി കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ ഇടപെടലിനെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ വിശേഷിപ്പിക്കുന്നതും അതുകൊണ്ടാണ്. പത്തുവര്‍ഷത്തിനുള്ളില്‍ സ്വപ്നതുല്യനേട്ടങ്ങള്‍ കൈവരിച്ച പദ്ധതിയെന്ന് മുകുളത്തെ വിശേഷിപ്പിക്കാം.

എസ്എസ്എല്‍സി പരീക്ഷയിലെ പഠനമികവ് വര്‍ധിപ്പിക്കുന്നതിന് 1996ല്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ വിജയശതമാനം 64 ആയിരുന്നു. ഇപ്പോഴത് 99.36ല്‍ എത്തിനില്‍ക്കുന്നു. ഈ വര്‍ഷം 99 ശതമാനത്തിനുമേല്‍ വിജയശതമാനം കൈവരിച്ച മൂന്ന് ജില്ലകളിലൊന്നാണ് കണ്ണൂര്‍. ഒമ്പതു വര്‍ഷത്തിനിടെ രണ്ടുതവണയൊഴികെ വിജയശതമാനത്തില്‍ കണ്ണൂര്‍ ഒന്നാമതെത്തിയത് മുകുളത്തിന്റെ ചിറകേറിയാണ്. കണക്ക്, ഇംഗ്ലീഷ്, സാമൂഹ്യപാഠം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള പ്രത്യേക പഠന പരിപാടികളുമായാണ്് മുകുളം പദ്ധതിയുടെ തുടക്കം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റു വിഷയങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

ആദ്യ വര്‍ഷംതന്നെ എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ മുകുളത്തിന്റെ നേട്ടം പ്രതിഫലിച്ചു. സംസ്ഥാനത്ത് കണ്ണൂര്‍ ഒന്നാമതായി. സമീപവര്‍ഷങ്ങളില്‍ ഹയര്‍സെക്കന്‍ഡറിയിലേക്കും മുകുളം വ്യാപിപ്പിച്ചു. വിദ്യാഭ്യാസ- ഫിഷറീസ്, സാമൂഹ്യക്ഷേമ, പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പുകള്‍, ഡയറ്റ്, എസ്എസ്എ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മുകുളത്തിന്റെ ഭാഗമായുള്ള "എന്റെ കുട്ടികള്‍' പദ്ധതി പ്രകാരം എട്ടാംതരത്തിലേക്ക് പ്രത്യക പരിശീലനം വ്യാപിപ്പിച്ചുകഴിഞ്ഞു.

പിന്നോക്കാവസ്ഥയിലുള്ള വിഷയങ്ങളില്‍ ഉന്നതനിലവാരം കൈവരിക്കാന്‍ പ്രാപ്തമാക്കുന്ന "തിളക്ക'വും "മുന്നേറ്റ'വും മറ്റൊരു ഇടപെടലാണ്. കുട്ടികളിലെ ശാസ്ത്രബോധവും യുക്തിബോധവും സാമൂഹ്യബോധവും വളര്‍ത്തുന്നതിനായി നടപ്പാക്കിയ "കിഡ്സ് സയന്റിസ്റ്റ്സ് @ കണ്ണൂര്‍' പദ്ധതിയും ഭാവനാത്മകമായ ചുവടുവെപ്പാണ്. സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ജില്ലാ പഞ്ചായത്ത് നബാര്‍ഡ് സഹായത്തോടെ നടപ്പാക്കിയ ഹയര്‍സെക്കന്‍ഡറി കോംപ്ലക്സുകളും മറ്റൊരിടത്തും കാണാനാവില്ല. ജില്ലയെ ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് ആരംഭിച്ച "ആരൂഢം' പദ്ധതി ഉദ്ഘാടനംചെയ്തത് കഴിഞ്ഞ ദിവസമാണ്. കുറ്റ്യാട്ടൂര്‍ ചട്ടുകപ്പാറയില്‍ നാലുകെട്ട് മാതൃകയിലാണ് ഇതിന്റെ കെട്ടിടം. 86 ലക്ഷം രൂപ ചെലവിലാണ് ഒന്നാംഘട്ട പ്രവര്‍ത്തനം. ജില്ലയിലെ 21 ഐസിഡിഎസ് പ്രോജക്ടുകളില്‍നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കാണ് ആരൂഢത്തില്‍ പ്രവേശനം. രണ്ടാംഘട്ടത്തില്‍ കുടുംബശ്രീ ബാലസഭകളില്‍നിന്നുള്ള ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികളെയും പ്രവേശിപ്പിക്കും. കാര്‍ഷിക സംസ്കാരം, മാനുഷിക മൂല്യങ്ങള്‍ സംബന്ധിച്ച പഠനം, മുത്തശ്ശിക്കഥകള്‍, മാതൃഭാഷ പഠനം, പാട്ട്, കളി എന്നിവയാണ് ആരൂഢത്തില്‍ അഭ്യസിക്കുക. രാജ്യത്ത് ആദ്യമായാണ് ജില്ലാപഞ്ചായത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

(പി പി സതീഷ് കുമാര്‍)

നെല്ലറയില്‍ കരുത്തോടെ ഇടതുപക്ഷം

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെന്നപോലെ തദ്ദേശ തെരഞ്ഞെടുപ്പിലുംഇടതുപക്ഷത്തിന് ഗംഭീര വിജയം സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിന്റെ നെല്ലറയായ പാലക്കാടന്‍ ഗ്രാമങ്ങള്‍. ഇടതുപക്ഷത്തിന്റെ സ്വാധീനവും ബഹുജനപിന്തുണയും കഴിഞ്ഞ കാലയളവില്‍ കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമുണ്ടായിരുന്ന പല സംഘടനകളും ഇന്ന് എല്‍ഡിഎഫിനൊപ്പമാണ്. കൂടാതെ പാര്‍ടി യില്‍നിന്ന് അകന്നുനിന്നവരെയൊക്കെ തിരിച്ചുകൊണ്ടുവരുവാന്‍ സിപിഐ എമ്മിന് സാധിച്ചു.അതിന്റെ പ്രതിഫലനംകഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ പ്രകടമാണ്.

2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങള്‍ എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ അഞ്ച്് മണ്ഡലങ്ങളാണ് യുഡിഎഫിന് ലഭിച്ചത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എം ബി രാജേഷും (106300 വോട്ടിന്റെ ഭൂരിപക്ഷം) ആലത്തൂര്‍ മണ്ഡലത്തില്‍ പി കെ ബിജു (ഭൂരിപക്ഷം 37312)വും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ലോക്സഭാതെരഞ്ഞെടുപ്പില്‍ 91 പഞ്ചായത്തുകളില്‍ 70 പഞ്ചായത്തുകളിലും നാലില്‍ മൂന്ന് നഗരസഭകളിലും എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം നേടാനായി.പാലക്കാട് നഗരസഭയിലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. ചിറ്റൂര്‍-തത്തമംഗലം നഗരസഭ മാത്രമാണ് യുഡിഎഫിന് അനുകൂലമായി നിന്നത്. 27 പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചു പൊല്‍പ്പുള്ളി, മാത്തൂര്‍, കണ്ണാടി, ചെര്‍പ്പുളശേരി, വെള്ളിനേഴി, തൃക്കടീരി, ചളവറ, മുതുതല, മുണ്ടൂര്‍, പുതുപ്പരിയാരം, മരുതറോഡ്, എലപ്പുള്ളി, കൊടുമ്പ്, കോങ്ങാട്, കേരളശേരി,നാഗലശേരി, വാണിയംകുളം, അമ്പലപ്പാറ, പെരുവെമ്പ്, പെരുമാട്ടി, തേങ്കുറുശി, എരിമയൂര്‍, പല്ലശന, എലവഞ്ചേരി, കണ്ണമ്പ്ര, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം എന്നിവയാണ് ഈ പഞ്ചായത്തുകള്‍. ഇവിടെ ജനപിന്തുണ കൂടുതല്‍ ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. അതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ അവഗണന എല്ലാ മേഖലയിലും പ്രകടമാണ്. കാര്‍ഷികമേഖലയിലാണ് ഇത് കൂടുതല്‍ പ്രതിഫലിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം പത്ത് കര്‍ഷകര്‍ കടത്തില്‍മുങ്ങി ആത്മഹത്യ ചെയ്തു. അട്ടപ്പാടിയില്‍ നവജാത ശിശുക്കളുടെ മരണം തുടരുന്നു. വ്യവസായമേഖലയായ കഞ്ചിക്കോട് കടുത്ത പ്രതിസന്ധിയിലാണ്. പരമ്പരാഗത വ്യവസായങ്ങളും തകര്‍ച്ചയിലാണ്.

പാലക്കാടിന്റെ സ്വന്തം വൈദ്യുതി

മീന്‍വല്ലം ചെറുകിട ജലവൈദ്യുതപദ്ധതിയില്‍നിന്ന് രണ്ട് പുതിയ വൈദ്യുതപദ്ധതികള്‍കൂടി ആരംഭിക്കുന്നതോടെ ഒന്നിനുപിറകെ മൂന്നിരട്ടി നേട്ടവുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്. ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിയ മീന്‍വല്ലത്തിന്റെ ഒന്നാംവാര്‍ഷികദിനത്തില്‍ ഇതിനുള്ള നടപടിതുടങ്ങി. മീന്‍വല്ലം പദ്ധതിയുടെ ടര്‍ബൈന്‍തിരിച്ച് പുഴയിലേക്ക് ഒഴുക്കിവിടുന്ന ഭാഗത്താണ് 40 കിലോവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പദ്ധതി ആരംഭിക്കുന്നത്. അതോടൊപ്പം മീന്‍വല്ലംപദ്ധതിയുടെ പവര്‍ ഹൗസിനുമുകളില്‍ സോളാര്‍പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുംആലോചിക്കുന്നു. അമ്പത് കിലോവാട്ട് ഉല്‍പ്പാദനശേഷിയുള്ള സോളാര്‍ പദ്ധതിയാണ് തുടങ്ങുക. രണ്ട് പദ്ധതികള്‍കൂടി ആരംഭിക്കുന്നതോടെ വൈദ്യുതോല്‍പ്പാദനരംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന രാജ്യത്തെ ആദ്യജില്ലാ പഞ്ചായത്ത് എന്ന പദവിയും പാലക്കാടിന് സ്വന്തമാകുന്നു. ഇതോടൊപ്പം കിഴക്കഞ്ചേരി പഞ്ചായത്തിലെ തിണ്ടില്ലത്തുനിന്നും ഒരുമെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിക്കുകൂടി നടപടി തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞവര്‍ഷം ആഗസ്ത് 29ന് കമീഷന്‍ചെയ്ത മീന്‍വല്ലം ചെറുകിട ജലവൈദ്യുതപദ്ധതി ഒരുവര്‍ഷംകൊണ്ട് 66 ലക്ഷംയൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. മൂന്ന് മെഗാവാട്ട് ശേഷിയുള്ള പദ്ധതി അതിന്റെ ലക്ഷ്യംകൈവരിച്ചു. ഒരുവര്‍ഷംകൊണ്ട് വൈദ്യുതി വിറ്റവകയില്‍ ജില്ലാപഞ്ചായത്തിനു 3.24കോടിരൂപ ലഭിച്ചു. ഇരുപത്കോടിരൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ മീന്‍വല്ലംപദ്ധതിക്ക് 7.79 കോടിരൂപ "നബാര്‍ഡ്'വായ്പയും എട്ട്കോടിരൂപ ജില്ലാ പഞ്ചായത്ത്ഫണ്ടും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായി 83ലക്ഷംരൂപയുംചേര്‍ന്നാണ് ഫണ്ട് സ്വരൂപിച്ചത്. ആദ്യവര്‍ഷംതന്നെ 3.24കോടിരൂപ ലഭിച്ചതിനാല്‍ വന്‍ലാഭത്തിലേക്ക് കുതിക്കുകയാണ്. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി നേരിട്ട് വാങ്ങുന്നു. യൂണിറ്റിന് 4.88രൂപയ്ക്കാണ് നല്‍കുന്നത്.

മണ്ണാര്‍ക്കാട്ടെ കരിമ്പ പഞ്ചായത്തിലെ മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ ജനറേറ്റര്‍ സ്ഥാപിച്ച് അതിലൂടെയാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. പാലക്കാട് സ്മാള്‍ ഹൈഡ്രോ പൊജക്ട് എന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മീന്‍വല്ലത്തിന്റെ മാതൃക പിന്തുടര്‍ന്ന് മറ്റൊരു ജലവൈദ്യുത പദ്ധതിക്കുകൂടി ജില്ലാ പഞ്ചായത്ത് നടപടി ആരംഭിച്ചു. കിഴക്കഞ്ചേരി പഞ്ചായത്തിലെ തിണ്ടില്ലം വെള്ളച്ചാട്ടത്തില്‍നിന്ന് ഒരു മൊഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയാണ് ആരംഭിക്കുന്നത്. ഇതുകൂടി പ്രാവര്‍ത്തികമായാല്‍ മറ്റൊരു തദ്ദേശസ്വയംഭരണസ്ഥാപനത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം പാലക്കാട് ജില്ലാ പഞ്ചായത്ത് സ്വന്തമാക്കും.

1703 പഞ്ചായത്തുവാര്‍ഡിലും 7 നഗരസഭയിലും തെരഞ്ഞെടുപ്പ്

ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് 1,703 പഞ്ചായത്തുവാര്‍ഡുകളിലേക്കും ഏഴ് നഗരസഭകളിലേക്കും. ജില്ലാ പഞ്ചായത്തിലെ വാര്‍ഡുകള്‍ 29ല്‍ നിന്ന് 30 ആയി വര്‍ധിച്ചു.പറളിയാണ് പുതുതായി വന്നത്. മുണ്ടൂര്‍, കിഴക്കഞ്ചേരിക്കാവ്, കിണാവല്ലൂര്‍, പിരായിരി, പറളി എന്നിവ ചേര്‍ത്താണ് പറളി ഡിവിഷന്‍ രൂപീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യത്തില്‍ മാറ്റമൊന്നുമില്ല. 13 ഡിവിഷനില്‍ തുടരുന്നു. എന്നാല്‍ ഡിവിഷനുകള്‍ അശാസ്ത്രീയമായി പുനര്‍നിശ്ചയിക്കാനുള്ള ശ്രമമുണ്ടായെങ്കിലും കോടതി ഇടപെട്ട് തടഞ്ഞു. മൂന്ന് നഗരസഭകള്‍ പുതുതായി രൂപീകരിച്ചപ്പോള്‍ പഞ്ചായത്തുകളുടെ എണ്ണം 91ല്‍ നിന്ന് 88ആയി കുറയുകയാണുണ്ടായത്. മൂന്നു പഞ്ചായത്തുകള്‍ പുതുതായി രൂപീകരിക്കാന്‍ ശ്രമമുണ്ടായെങ്കിലും കോടതി ഇടപെടല്‍ മൂലം നടന്നില്ല. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി, പട്ടാമ്പി എന്നിവയാണ് പുതിയ നഗരസഭകള്‍. മണ്ണാര്‍ക്കാട് പഞ്ചായത്തും (17 വാര്‍ഡുകള്‍) തെങ്കരപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും ചേര്‍ത്തതാണ് 29 ഡിവിഷനുള്ള മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി. പട്ടാമ്പി പഞ്ചായത്തിലെ 14വാര്‍ഡുകള്‍ 28 ഡിവിഷനാക്കിയാണ് പട്ടാമ്പി നഗരസഭ രൂപീകരിച്ചത്. ചെര്‍പ്പുളശേരി പഞ്ചായത്തും (19 വാര്‍ഡുകള്‍) തൃക്കടീരി പഞ്ചായത്തിലെ മൂന്നുവാര്‍ഡുകളം ചേര്‍ന്നാണ് 33 ഡിവിഷനടങ്ങുന്ന ചെര്‍പ്പുളശേരി നഗരസഭ. 2010ല്‍ 91 പഞ്ചായത്തുകളിലായി 1542 വാര്‍ഡുകളുണ്ടായിരുന്ന സ്ഥാനത്ത് പഞ്ചായത്തുകളുടെ എണ്ണം 88 ആയികുറഞ്ഞതോടെ വാര്‍ഡുകളുടെ എണ്ണം 1490 ആയി.

ബ്ലോക്ക് പഞ്ചായത്തില്‍183 മണ്ഡലങ്ങളാണുള്ളത്. 91,307 പേരുള്ള ലെക്കിടിയാണ് കൂടുതല്‍ ജനസംഖ്യയുള്ള മണ്ഡലം, 60,305 പേരുള്ള കുലുക്കല്ലൂര്‍ കുറവ് ജനസംഖ്യയുള്ള മണ്ഡലവുമാണ്.അനാഥ സ്ത്രീകള്‍ക്ക് നിര്‍ഭയ' ജീവിതംഅനാഥരായ സ്ത്രീകള്‍ ഒറ്റപ്പാലത്ത് എത്തിയാല്‍ ഇനി ഒറ്റപ്പെടില്ല. അത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന "നിര്‍ഭയ'പദ്ധതിയുണ്ട്. അനാഥരും സമൂഹത്തില്‍ ഒറ്റപ്പെട്ടവരുമായ പെണ്‍കുട്ടികള്‍ക്ക് വരുമാനമുണ്ടാക്കാനുള്ള സാഹചര്യം ഒരുക്കി പുനരധിവസിപ്പിക്കുകയാണിവിടെ.നാടിന് മുതല്‍ക്കൂട്ടാവുന്ന മറ്റൊരു പദ്ധതി കൂടി ക്ഷീരഗ്രാമത്തിലൂടെ നടപ്പാക്കുന്നു. ഓരോ വീടുകളിലും പശുവിനെ നല്‍കി കുടുംബത്തെ സ്വയംപര്യാപ്തമാക്കുന്നു

അമ്പലപ്പാറ, ചളവറ, വാണിയംകുളം പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ ക്ഷീര ഗ്രാമംപദ്ധതി നടപ്പാക്കിയത്. ഈ വര്‍ഷം ലെക്കിടി-പേരൂരില്‍ നടപ്പാക്കും. പാല്‍ സംഭരിക്കനായി ക്ഷീരസംഘങ്ങളും കളക്ഷന്‍ സെന്ററുകളും ഉണ്ടാക്കി. പച്ചക്കറി ഉല്‍പ്പാദനത്തിനായി "ഹരിതഗ്രാമം' പദ്ധതിയും നടപ്പാക്കി. ഭാരതപ്പുഴ സംരക്ഷിക്കാനായി മുളങ്കാട് ഉണ്ടാക്കുന്നുമുണ്ട്. 2500 മുളകള്‍ വച്ചു പിടിപ്പിച്ചു.

രാജ്യാന്തര ശ്രദ്ധ നേടിയ നൂതനപദ്ധതികള്‍

എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്തും പഞ്ചായത്തുകളും ബ്ലോക്ക്പഞ്ചായത്തുകളും നടപ്പാക്കിയ നൂതന പദ്ധതികളില്‍ പലതും രാജ്യാന്തര ശ്രദ്ധ നേടിയവ. രാജ്യത്ത് തന്നെ ആദ്യമായി ഒരുജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ജലവൈദ്യുതപദ്ധതി, മീന്‍വല്ലം വിജയകരമായി മുന്നോട്ടുപോകുന്നു. പാലക്കയത്ത് രണ്ടാമതൊരു പദ്ധതിക്കുകൂടി ഒരുങ്ങുകയാണ് പാലക്കാട് ജില്ലാ പഞ്ചായത്ത്. വിദ്യാഭ്യാസരംഗത്ത് പിന്നോക്കം നില്‍ക്കുന്ന ജില്ലയെ മുന്നോട്ടു നയിക്കുന്നതിന് നടപ്പാക്കുന്ന പദ്ധതികള്‍, കായികമേഖലയ്ക്ക് നല്‍കുന്ന പ്രോത്സാഹനം എന്നിവയൊക്കെ എടുത്തു പറയേണ്ടതാണ്. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളും ആരോഗ്യമേഖലയിലും കൃഷിയിലും അടിസ്ഥാന വികസനത്തിലും ഒട്ടേറെ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.

അതേ സമയം യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടക്കുന്നത് തമ്മിലടിയും വീതംവയ്പ്പും അഴിമതിയും മാത്രം. 2010ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 91 പഞ്ചായത്തുകളില്‍ 47ല്‍ എല്‍ഡിഎഫും 44ല്‍ യുഡിഎഫുമായിരുന്നു അധികാരത്തിലെത്തിയത്. പിന്നീട് എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം 49 ആയി ഉയര്‍ന്നു. കൊല്ലങ്കോട് പഞ്ചായത്തിന് പുറമേ ജനതാദള്‍ എസ് എല്‍ഡിഎഫിനൊപ്പം വന്നപ്പോള്‍ പെരുമാട്ടിയും ഇടതുപക്ഷത്തായി. ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെയുള്ള 13ല്‍ ഒമ്പത് എല്‍ഡിഎഫിനൊപ്പവും നാല് യുഡിഎഫിനൊപ്പവുമാണ്. നഗരസഭകളില്‍ ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവ എല്‍ഡിഎഫിനൊപ്പവും പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം എന്നിവ യുഡിഎഫിനൊപ്പവുമാണ്. തെരഞ്ഞെടുപ്പിന് ശേഷം ഷൊര്‍ണൂര്‍ നഗരസഭ ജനകീയ വികസനസമിതിയും കോണ്‍ഗ്രസും ചേര്‍ന്നാണ് ഭരിച്ചിരുന്നത്. എം ആര്‍ മുരളിയുടെ നേതൃത്വത്തിലുള്ള ജനകീയ വികസനസമിതി സിപിഐ എമ്മിലേക്ക് വന്നപ്പോള്‍ ഭരണം എല്‍ഡിഎഫിനായി.

ഒറ്റപ്പാലം നഗരസഭയില്‍ ഏറ്റവും വലിയകക്ഷി സിപിഐ എമ്മായിരുന്നുവെങ്കിലും യുഡിഎഫ് ഭരണസമിതിയായിരുന്നു തുടക്കത്തില്‍ ഭരിച്ചിരുന്നത്. യുഡിഎഫ് ഭരണത്തില്‍ മനം മടുത്ത മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും സ്വതന്ത്രയും പിന്തണച്ചതോടെ ഭരണം ഇടതുപക്ഷത്തിനായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 30 ഉപതെരഞ്ഞെടുപ്പാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ നടന്നത്. അതിലും എല്‍ഡിഎഫിനായിരുന്നു നേട്ടം. 15 എല്‍ഡിഎഫും 14 യുഡിഎഫും നേടി. സിപിഐ എം 11, സിപിഐ -1, ജനതാദള്‍ -3 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വിജയം, യുഡിഎഫില്‍ പത്ത് കോണ്‍ഗ്രസും മൂന്ന് മുസ്ലിംലീഗും നേടി. ലീഗ് വിട്ട ഒരാള്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു, പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 20 പഞ്ചായത്തുകളിലാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

നെല്ലിയാമ്പതിയില്‍ മൂന്നും അഗളി, അനങ്ങനടി, പെരുമാട്ടി, കടമ്പഴിപ്പുറം, വടകരപ്പതി എന്നിവിടങ്ങളില്‍ രണ്ട് വീതവും ഉപതെരഞ്ഞെടുപ്പ് നടന്നു. ബാക്കിയുള്ളവയില്‍ ഒരോന്ന ്വീതവും. ബ്ലോക്ക് പഞ്ചായത്തില്‍ ആലത്തൂര്‍, അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ആലത്തൂരില്‍ സിപിഐ എം ഉജ്വല ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തി. അട്ടപ്പാടിയില്‍ യുഡിഎഫും നിലനിര്‍ത്തി. ജില്ലാ പഞ്ചായത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നില്ല. ഈ തെരഞ്ഞെടുപ്പുകളിലൊന്നും ബിജെപിക്ക് ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചില്ല. 47 പഞ്ചായത്തുകളിലാണ് വനിതാ പ്രസിഡന്റുമാരുണ്ടായിരുന്നത്.2010ല്‍ 1556647 പേര്‍ (76.46ശതമാനം) വോട്ട് ചെയ്തപ്പോള്‍ എല്‍ഡിഎഫിന് 670130(43.05 ശതമാനം) വോട്ടും യുഡിഎഫിന് 680237(43.7) വോട്ടുമാണ് ലഭിച്ചത്. ബിജെപിക്ക് ലഭിച്ചതാകട്ടെ 97756(6.28) വോട്ടാണ്. എസ്ജെഡി 55229(3.55), സിഎംപി 19430(1.25),കെസിഎം15292(0.98) കെസിബി 146(0.01) എന്നീ പാര്‍ടികള്‍ അന്ന് യുഡിഎഫിനൊപ്പമായിരുന്നു. അവരില്‍ ഭൂരിപക്ഷവുംഇപ്പോള്‍ അവരുടെ ഒപ്പമില്ല.

പഞ്ചായത്തുകളില്‍ സിപിഐ എമ്മിന് 690ഉം സിപിഐക്ക് 44ഉം കോണ്‍ഗ്രസിന് 486 ഉം മുസ്ലിംലീഗിന് 126ഉം ആംഗങ്ങളുമുണ്ട്. ബിജെപിക്ക് ആകെയുള്ള അംഗങ്ങളുടെ എണ്ണം 24 ആണ്. ബ്ലോക്ക് പഞ്ചായത്തില്‍ ബിജെപിക്ക് അംഗങ്ങളില്ല. സിപിഐ എമ്മിന് 97ഉം സിപിഐക്ക് 10ഉം കോണ്‍ഗ്രസിന് 54ഉം ലീഗിന് 12ഉം അംഗങ്ങളുണ്ട്. മുനിസിപ്പാലിറ്റിയില്‍ സിപിഐഎമ്മിന് 37ഉം കോണ്‍ഗ്രസിന് 59ഉം ബിജെപിക്ക് 21ഉം സിപിഐക്ക് ഒന്നും അംഗങ്ങളാണുള്ളത്.

തട്ടിപ്പിലും വെട്ടിപ്പിലും 1st വികസനം പൊടിപോലുമില്ല

സംസ്ഥാനത്ത് വികസന മുരടിപ്പിലും അഴിമതിയിലും ഒന്നാംസ്ഥാനമെന്ന കുപ്രസിദ്ധി യുഡിഎഫ് ഭരിക്കുന്ന പാലക്കാട് നഗരസഭയ്ക്ക് മാത്രം സ്വന്തം. ഭരണം തുടങ്ങിയതു മുതല്‍ തമ്മിലടിച്ച ഭരണ കര്‍ത്താക്കള്‍അഞ്ചു വര്‍ഷവും അത് തുടര്‍ന്നു. കോണ്‍ഗ്രസിന്റെ രണ്ടുചെയര്‍മാന്‍ കസേരയിലിരുന്നിട്ടും വികസനം എത്തിനോക്കിയില്ല. പ്രധാന പ്രതിപക്ഷ പാര്‍ടിയായ ബിജെപി കൂടി അഴിമതിയില്‍ പങ്കാളിയായി. വീതം വയ്പ് തുല്യമല്ലെങ്കില്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധസ്വരമുയര്‍ത്തും. തുടര്‍ന്ന് ഒത്തുതീര്‍പ്പിലൂടെ എല്ലാ പരിഹരിക്കും. അതോടെ എല്ലാവരും മനഃപൂര്‍വം മറക്കും. ഇങ്ങനെയൊരു അഡ്ജസ്റ്റ്മെന്റ് ഭരണം സംസ്ഥാനത്ത് എവിടെ ഉണ്ടാകും.

ട്രഞ്ചിങ് ഗ്രൗണ്ട്, പരസ്യ കമ്പനിയുമായുള്ള അവിഹിത കൂട്ടുകെട്ട് തുടങ്ങി അഴിമതിയുടെ ഭാണ്ഡം തന്നെ ആദ്യചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസിനെതിരെ പാര്‍ടിക്കുള്ളില്‍നിന്ന് ഉയര്‍ത്തി. കോണ്‍ഗ്രസ് പാര്‍ടിക്കാര്‍ തന്നെ സ്വന്തം ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ശ്രമിച്ചു. രാജിവയ്ക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങിയ ചെയര്‍മാനെ താഴെയിറക്കാന്‍ മുഖ്യന്ത്രി മുതല്‍ രമേശ് ചെന്നിത്തലവരെ മാരത്തോണ്‍ ചര്‍ച്ച നടത്തി. അഴിമതി കേസുകളൊക്കെ ഒതുക്കാമെന്ന ഉറപ്പില്‍ ഖുദ്ദൂസ് സ്ഥാനമൊഴിഞ്ഞു. കോണ്‍ഗ്രസ് അംഗമായ പി വി രാജേഷിനെ ചെയര്‍മാന്‍ കസേരയിലിരുത്തി.

കടത്തുകാരായ അഛന്റെയും മകന്റെയും കഥപോലെയായിരുന്നു അഴിമതിയുടെ കാര്യത്തില്‍ ഇരുവരും. പി വി രാജേഷ് ഖുദ്ദൂസിനെ കടത്തിവെട്ടുന്നു. പത്രത്താളുകളില്‍ വികസന പ്രഖ്യാപനം വരുത്തുന്നതില്‍ രാജേഷ് ഒരുപടി മുന്നിലാണ്. പാര്‍ട്ണര്‍ കേരള പദ്ധതി, കാലമെത്താതെതന്നെ നഗരസഭയുടെ നൂറ്റമ്പതാം വാര്‍ഷികാഘോഷം എന്നിങ്ങനെ കോടികളുടെ അഴിമതിയാണ് ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. വാര്‍ഷികാഘോഷത്തിന് രസീതില്ലാതെ രണ്ടുകോടിയോളം രൂപ പിരിച്ചുവെന്ന് ആക്ഷേപമുണ്ട്.നാലുവര്‍ഷത്തെ നഗരസഭയുടെ ബജറ്റ് കണ്ണോടിച്ചാല്‍ അറിയാം ഒന്നും നടന്നിട്ടില്ല എന്ന്. കഴിഞ്ഞ പത്തുവര്‍ഷവും ബജറ്റില്‍ വനിതാ ഹോസ്റ്റല്‍ ഇടംനേടിയത് ഉദാഹരണം.

മാലിന്യ നിര്‍മാര്‍ജനത്തിന് പദ്ധതിപോലുമില്ല. നഗരം മാലിന്യ ക്കൂമ്പാരമാണ്. മഴ പെയ്താല്‍ അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകും. മഴക്കാല പൂര്‍വ ശുചീകരണം നടക്കാറില്ല. നഗരം രോഗങ്ങളുടെ പിടിയിലും. കുടിവെള്ളം, മാലിന്യസംസ്കരണം, വൈദ്യുതി, ഗതാഗതം തുടങ്ങി വികസനം താഴെ നിന്നുതന്നെ ഇനി തുടങ്ങണം. നഗരസഭയുടെ കാലപ്പഴക്കം ചെന്ന മാസ്റ്റര്‍ പ്ലാന്‍ ഇനിയെങ്കിലും പുതുക്കണം. ഗതാഗത സംവിധാനമാകെ കുത്തഴിഞ്ഞു. സിഗ്നല്‍ ലൈറ്റുകള്‍ കത്താറില്ല. തെരുവ് വിളക്കുകള്‍ പ്രകാശിക്കാറില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ വേറെ. പാലങ്ങളില്‍ പോലും വിളക്കുകളില്ല. കല്‍പ്പാത്തി, കണ്ണാടി പുഴകളിലേക്ക് മാലിന്യം ഒഴുകുന്നു.അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി അട്ടിമറിച്ചു.കുളങ്ങളൊക്കെ മാഫിയകള്‍ കൈയേറി നികത്തി. എല്ലാവര്‍ക്കും കുടിവെള്ളകണക്ഷന്‍ വാഗ്ദാനം മാത്രമായി.എംഎല്‍എ ഫണ്ടും എംപി ഫണ്ടുമൊക്കെ ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡുകളും മറ്റും സ്വന്തം അക്കൗണ്ടിലാക്കി മേനി കാണിക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഭരണാധികാരികള്‍.

ഭരണംപോലെ ചീഞ്ഞുനാറി ചെങ്ങന്നൂര്‍ നഗരം

ചെങ്ങന്നൂര്‍ > ഭരണവും നഗരവും ഒരുപോലെ ചീഞ്ഞുനാറി ചെങ്ങന്നൂര്‍ നഗരസഭ. നഗരശുചീകരണം അമ്പേ പരാജയപ്പെട്ട മട്ടാണ്. നഗരത്തിന്റെ വിവിധ കോണുകളില്‍ മാലിന്യം കുമിഞ്ഞുകൂടി. ചെറിയമഴയില്‍പോലും ഇവയില്‍നിന്നും മലിനജലം ഒഴുകിപ്പരന്ന് ദുര്‍ഗന്ധം പരത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഖരമാലിന്യസംസ്കരണകേന്ദ്രം. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും നഗരസഭ ഭരണനേതൃത്വം ഇതിന്മേല്‍ ചെറുവിരല്‍പോലും അനക്കിയിട്ടില്ല. ഖരമാലിന്യ സംസ്കരണകേന്ദ്രം ആരംഭിക്കണമെന്നുകാട്ടി ഹൈക്കോടതിയും ഓംബുഡ്സ്മാനും നിര്‍ദേശങ്ങളും ശാസനയും നല്‍കിയിട്ടും നഗരസഭാ നേതൃത്വത്തിന് കുലുക്കമില്ല.

2010ല്‍ ഇതിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനായി രൂപീകരിച്ച സബ്കമ്മിറ്റി അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരുതവണമാത്രമാണ് കൂടിയത്. നിലവില്‍ നഗരത്തിലെ മാലിന്യം തള്ളുന്നത് ചെങ്ങന്നൂരിലെ കായികപ്രേമികളുെൂട ചിരകാല സ്വപ്നമായ പെരുങ്കളം പാടത്താണ്. ഇതുമൂലം സമീപവാസികള്‍ക്ക് പകര്‍ച്ചവ്യാധിള്‍ പകരുന്നു. ആരോഗ്യരംഗത്ത് ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയുടെ സ്ഥിതിയും ദയനീയമാണ്. അടിസ്ഥാനസൗകര്യങ്ങളോ ഡോക്ടര്‍മാരോ ഇപ്പോഴും ഇവിടെയില്ല. നഗരസഭയുടെ കീഴിലുള്ള ഈ ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തുമെന്ന വാഗ്ദാനം ഉണ്ടായെങ്കിലും നടപടികള്‍ നീങ്ങിയിട്ടില്ല.

കുടിവെള്ളംപോലും ഇവിടെ പലപ്പോഴും കിട്ടാക്കനിയാണ്. ശ്മശാനം ഇല്ലാത്ത കേരളത്തിലെ നഗരസഭയായി ചെങ്ങന്നൂര്‍ നഗരസഭ മാറി. ഇതുമൂലം കഴിഞ്ഞദിവസം പാവപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തിയുടെ ശവശരീരം റോഡില്‍ ചിതകൂട്ടി ദഹിപ്പിക്കേണ്ട അവസ്ഥവരെയെത്തി നില്‍ക്കുന്നു. നഗരസഭയുടെ പ്രധാന വരുമാനസ്രോതസായ ശാസ്താപുരം ഷോപ്പിങ് കോംപ്ലക്സ് ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇതുമൂലം നഗരസഭയുടെ ഫണ്ടില്‍ തനതുവരുമാനത്തില്‍നിന്ന് ഒരുരൂപയുടെ മരാമത്തുജോലികള്‍പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. നികുതിപിരിവ് ഉള്‍പ്പെടെ കാര്യക്ഷമമാക്കാത്തതിന്റെ പോരായ്മയാണ് ഇതിന്റെ കാരണങ്ങളിലൊന്ന്.

കായിക സ്വപ്നങ്ങള്‍ക്കുള്ള മറുപടിയെന്ന നിലയില്‍ ദേശീയ ഗെയിംസ് സെക്രട്ടറിയറ്റിന്റെ സ്റ്റേഡിയം നിര്‍മാണത്തില്‍ കോടികളുടെ അഴിമതിയാണ് മണക്കുന്നത്. മണ്ണടിച്ച് പാടം നികത്തിയതല്ലാതെ കാര്യമായ പുരോഗതി ഇവിടെയും നടക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതൃത്വം വന്‍വാഗ്ദാനമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. റെയില്‍വേയുടെ "ശബരിമലയുടെ കവാടം' എന്ന നിലയിലുള്ള വികസനം, പാണ്ഡവന്‍പാറ കുടിവെള്ളപദ്ധതി, പട്ടികജാതി വിഭാഗങ്ങള്‍ക്കുവേണ്ടി പ്രത്യേക പാക്കേജ്, താലൂക്ക് കേന്ദ്രമെന്ന നിലയില്‍ റോഡുകളുടെ വികസനം, കെഎസ്ആര്‍ടിസി ബസ്സ്റ്റേഷന്‍ നവീകരണം തുടങ്ങി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണനേതൃത്വം ഇവ മറന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നാല് ചെയര്‍പേഴ്സണ്‍മാരും മൂന്ന് വൈസ് ചെയര്‍മാന്‍മാരും നാല് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുമാണ് ഇവിടെ മാറിമാറി വന്നത്.

വികസനമുരടിപ്പും അഴിമതിയും കാഞ്ഞൂരിലെ ജനം മടുത്തു

കാഞ്ഞൂര്‍ > കര്‍ഷക ഗ്രാമമായ പഞ്ചായത്തിനെ അഞ്ചുവര്‍ഷവും അവഗണിച്ചവരെന്ന നിലയിലാകും യുഡിഎഫ് ഭരണത്തെ കാഞ്ഞൂരിലെ ജനം വിലയിരുത്തുക. വികസനമുരടിപ്പും അഴിമതിയും നിറഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഭരണവാഗദ്ാനങ്ങളൊന്നും നിറവേറ്റാനായില്ലെന്ന കുറ്റപ്പെടുത്തലുകള്‍കൂടി ഏറ്റുവാങ്ങിയാണ് യുഡിഎഫ് ഭരണസമിതി പടിയിറങ്ങുന്നത്. ശ്രീനാരായണപുരം കോളനിയുടെ ശോച്യാവസ്ഥ, കാര്‍ഷിക മേഖലയിലെ നീക്കിയിരുപ്പിലെ കുറവ്, പ്രസിഡന്റിന്റെ ദുരിതാശ്വാസനിധി ഇല്ലാതാക്കിയത്, ഉപേക്ഷിക്കപ്പെട്ട ഇഎംഎസ് ഭവന പദ്ധതി എന്നിങ്ങനെ സാധാരണജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍നിന്ന് ഓടിയൊളിച്ചതിന് യുഡിഎഫിന് കാഞ്ഞൂരില്‍ മുറപടി നല്‍കേണ്ടിവരും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വാഗ്ദാനമായിരുന്നു ശ്രീനാരായണപുരം കോളനിയുടെ വികസനം. ഒരു കോടി രൂപ ചെലവഴിച്ച് കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനവുമുണ്ടായി. എന്നാല്‍, പ്രഖ്യാപനം മാത്രമായൊതുങ്ങി. കോളനിവാസികളുടെ ജീവിതം ഇന്നും ദുരിതപൂര്‍ണമാണ്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തില്‍ ഭക്ഷ്യസുരക്ഷയും കാര്‍ഷിക മേഖലയിലെ തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനുള്ള ഇടപെടലുകളൊന്നും ഭരണപക്ഷത്തുനിന്നുണ്ടായില്ല. കാര്‍ഷികമേഖലയെ പാടേ അവഗണിച്ച അഞ്ചുവര്‍ഷങ്ങളാണ് കടന്നുപോയത്. കാര്‍ഷിക മേഖലയിലേക്കുള്ള നീക്കിയിരിപ്പ് പ്രതിവര്‍ഷം കുറയ്ക്കുകയാണുണ്ടായത്. പഞ്ചായത്തിലെ ദുരിതബാധിതരെ സഹായിക്കാനായി മുന്‍ എല്‍എഡിഎഫ് ഭരണസമിതി കൊണ്ടുവന്ന പ്രസിഡന്റിന്റെ ദുരിതാശ്വാസനിധി യുഡിഎഫ് ഇല്ലാതാക്കി. ഇഎംഎസ് ഭവന പദ്ധതി ഉപേക്ഷിച്ചതോടെ പാവപ്പെട്ടവര്‍ക്ക് വീടെന്നത് സ്വപ്നം മാത്രമായി. സര്‍ക്കാര്‍ ഗ്യാരന്റിയോടെ കാഞ്ഞൂര്‍ സര്‍വീസ് സഹകരണബാങ്കില്‍നിന്ന് വായ്പയെടുത്ത് ഒരുകോടി ആറുലക്ഷം രൂപയ്ക്ക് വീട് പണിതുനല്‍കാനുള്ള പദ്ധതി ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പില്‍ ജനമനസ്സിന്റെ അംഗീകാരം തേടിയിറങ്ങുമ്പോള്‍ എല്‍ഡിഎഫ് അവതരിപ്പിക്കുന്നത് കാഞ്ഞൂരിന്റെ സമഗ്ര വികസനയമാണ്. അധികാരത്തിലേറിയാല്‍ കാഞ്ഞൂരിനെ സമ്പൂര്‍ണ ജൈവ കാര്‍ഷിക ഗ്രാമമാക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.

കാര്‍ഷിക സ്വയംപര്യാപ്ത ഗ്രാമമായി മാറാനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് കാഞ്ഞൂരില്‍ സ്ഥിരം വിപണനകേന്ദ്രവും തുറക്കും. നെല്‍കൃഷിക്കും ഇടവിളകൃഷികള്‍ക്കും ജൈവ പച്ചക്കറികൃഷിയ്ക്കും പ്രോത്സാഹനം നല്‍കി തരിശുഭൂമിരഹിത പഞ്ചായത്തായി മാറ്റും. മീന്‍വളര്‍ത്തലിനും മുട്ടക്കോഴി വളര്‍ത്തലിനും ക്ഷീരകൃഷിക്കും പ്രോത്സാഹനം നല്‍കും.പെരിയാറിനുകുറുകെ വല്ലംകടവ് പാലം യാഥാര്‍ഥ്യമാക്കും. പെരിയാറിനെ ഉപയോഗപ്പെടുത്തി ചെറുകിട പമ്പിങ് സ്റ്റേഷനുകള്‍ തുടങ്ങും. പൊതുമാര്‍ക്കറ്റും മിനിസിവില്‍സ്റ്റേഷനും നിര്‍മിക്കും. അവശേഷിക്കുന്ന പെരിയാര്‍ മണല്‍പ്പുറം സംരക്ഷിച്ച് കളിസ്ഥലവും പാര്‍ക്കും നിര്‍മിച്ച് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുമെന്നും എല്‍ഡിഎഫ് ഉറപ്പു നല്‍കുന്നു. 14.32 കിലോമീറ്റര്‍ വിസ്തൃതിയില്‍ പെരിയാറിനു തൊട്ടുത്തു കിടക്കുന്ന പഞ്ചായത്തില്‍ ജനസംഖ്യ 22,518. വോട്ടര്‍മാരുടെ എണ്ണമാകട്ടെ 16,307. 8355 സ്ത്രീ വോട്ടര്‍മാരും 7952 പുരുക്ഷ വോട്ടര്‍മാരുമാണുള്ളത്. പതിനഞ്ച് വാര്‍ഡുകളുള്ള പഞ്ചായത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലായാണ് കിടക്കുന്നത്. ഒരു ഭാഗം പാറക്കടവ് ബ്ലോക്കിലും മറ്റൊരുഭാഗം അങ്കമാലി ബ്ലോക്കിലും.

ആലുവയില്‍ കണ്ടത് അഴിമതിയുടെ ശിവരാത്രി

ആലുവ > സൗരോര്‍ജവിളക്കുമുതല്‍ കുട്ടികളുടെ പാര്‍ക്കിലേക്ക് കളിപ്പാട്ടം വാങ്ങിയതില്‍വരെ അഴിമതി. വികസനത്തിന്റെ പേരില്‍ ലണ്ടനിലേക്ക് ചെയര്‍മാന്റെയും കൂട്ടരുടെയും ഉല്ലാസയാത്ര. ആലുവ മുനിസിപ്പാലിറ്റിയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം ജനമനസ്സിലവശേഷിപ്പിക്കുന്നത് വികസനത്തിന്റെയും ക്ഷേമത്തിന്റെയും ചിത്രമല്ല, മറിച്ച് തൊട്ടതിലെല്ലാം അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ നാണക്കേടിന്റെ അടയാളമാണ്. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയിട്ടും കോണ്‍ഗ്രസിലെ എ-ഐ മൂപ്പിളമതര്‍ക്കമാണ് ഭരണത്തിലെ കൂട്ടുത്തരവാദിത്തത്തിന് തുരങ്കംവച്ചത്. മുരടിച്ചത് ആലുവയുടെ വികസനവും.

ഐ വിഭാഗം കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും കൗണ്‍സിലില്‍നിന്നും നഗരസഭയുടെ പൊതുപരിപാടികളില്‍നിന്നും പതിവായി വിട്ടുനില്‍ക്കുകയായിരുന്നു. ഭരണമേന്മ പരിശോധിക്കാനായി നാലുതവണ വീണുകിട്ടിയ ഉപതെരഞ്ഞെടുപ്പുകള്‍ മാത്രംമതി വോട്ടര്‍മാരുടെ മനസ്സറിയാന്‍. നാലില്‍ മൂന്നുതവണയും ജനം യുഡിഎഫിനെ കൈയൊഴിഞ്ഞു. അധികാരത്തിലേറിയ നാള്‍മുതല്‍ അഴിമതിയും തുടങ്ങി. മുനിസിപ്പാലിറ്റിക്ക് ചൂണ്ടിയിലുള്ള 87 സെന്റ് സ്ഥലം ചുളുവിലയ്ക്ക് ഭൂമാഫിയക്ക് വില്‍ക്കാനുള്ള നീക്കം കോടതിയില്‍നിന്ന് സ്റ്റേഓര്‍ഡര്‍ വാങ്ങിയാണ് എല്‍ഡിഎഫ് തടഞ്ഞത്. ചെയ്ത ജോലിക്ക് കൂലിചോദിച്ച കണ്ടിന്‍ജന്റ് ജീവനക്കാരനെ പൊലീസിനെക്കൊണ്ട് അറസ്റ്റ്ചെയ്യിച്ച് പീഡിപ്പിച്ച സംഭവവുമുണ്ടായി. പീഡനത്തില്‍ മനംനൊന്ത് മുരുകനെന്ന കണ്ടിന്‍ജന്റ് ജീവനക്കാരന്‍ ആത്മഹത്യചെയ്തു.

ലക്ഷങ്ങള്‍മുടക്കി കുട്ടികള്‍ക്കു വാങ്ങിയ നിലവാരമില്ലാത്ത കളിയുപകരണങ്ങള്‍ ദിവസങ്ങള്‍ക്കകം നശിച്ചു. പുളിഞ്ചോട് കവലയില്‍ സ്ഥാപിച്ച സൗരോര്‍ജവിളക്കുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച വിളക്കുകള്‍ ഒരുമാസമെത്തുംമുമ്പേ മിഴിയടച്ചു. അറ്റകുറ്റപ്പണിക്ക് കരാറുണ്ടാക്കാത്തതിനാല്‍ കരാറുകാരന്‍ കിട്ടിയ പണവുമായി പൊടിയും തട്ടിപ്പോയി. മൂക്കുപൊത്താതെ നഗരത്തില്‍ വഴിനടക്കാനാവില്ലെന്നതാണിപ്പോള്‍ സ്ഥിതി. മാലിന്യം നിറച്ച ചാക്കുകള്‍ ടൗണ്‍ഹാള്‍വളപ്പില്‍ കുന്നുകൂട്ടിയിരിക്കുന്നു. മാര്‍ക്കറ്റിനുമുന്നിലും ദേശീയപാതയോരത്തും മുനിസിപ്പാലിറ്റിയിലെ മാലിന്യംതള്ളല്‍ പതിവായിരുന്നു. മലിനജല ശുദ്ധീകരണപ്ലാന്റ് വര്‍ഷങ്ങളോളം നന്നാക്കാതെ കേടായിക്കിടന്നു. അദൈ്വതാശ്രമത്തിലെ സ്വാമിമാര്‍ പ്രതിഷേധിച്ചപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍നിന്നുള്ള ഏഴുലക്ഷം ചെലവഴിച്ച് പ്ലാന്റ് പുതുക്കിയെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ കേടായി.

ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനവുമായി തറക്കല്ലിട്ട പൊതുമാര്‍ക്കറ്റിന്റെ നിര്‍മാണം 14 മാസം കഴിഞ്ഞിട്ടും തുടങ്ങിയില്ല. എല്‍ഡിഎഫ് ഭരണകാലത്ത് കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനംനടത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കച്ചവടക്കാര്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. ബ്രിട്ടീഷ് ഹൈകമീഷനുകീഴിലുള്ള അറ്റ്കിന്‍സ് ഇന്റര്‍നാഷണലുമായി ചേര്‍ന്ന് നഗരവികസന മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയെന്നു വീമ്പുപറഞ്ഞവര്‍ ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ വികസനത്തെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടുന്നില്ല. ചെയര്‍മാനും പരിവാരങ്ങളും ഈ ചെലവില്‍ ലണ്ടന്‍യാത്ര നടത്തിയതുമാത്രം മിച്ചം. കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതി പണികഴിപ്പിച്ച ഇ എം എസ് സ്മാരക സാംസ്കാരികകേന്ദ്രവും ഓപ്പണ്‍എയര്‍ ഓഡിറ്റോറിയവും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാതെ കുപ്പത്തൊട്ടിയാക്കി. ആലുവ പട്ടണത്തിന്റെ തീരാശാപമായ വെള്ളക്കെട്ടിനു പരിഹാരംകാണാനുള്ള ചെറുശ്രമംപോലും നടത്താത്തതിനാല്‍ കച്ചവടക്കാരും പ്രതിഷേധത്തിലാണ്.

തിരുവനന്തപുരം: ജനമനസ്സറിഞ്ഞ് നഗരവികസനം

ജനമനസ്സറിഞ്ഞ് നഗരവികസനം തിരുവനന്തപുരം > അഭിമാനനേട്ടങ്ങളിലൂടെ മുന്നേറുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണത്തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫ് പ്രകടനപത്രിക ഒരുക്കുന്നത് നഗരവാസികള്‍. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 420 നിര്‍ദേശപ്പെട്ടിയില്‍നിന്ന് ലഭിച്ച 5642 നിര്‍ദേശം 19 മേഖലകളാക്കി തിരിച്ച് വിദഗ്ധരുടെയും പൊതുപ്രവര്‍ത്തകരുടെയും മുന്നില്‍വച്ച് ഒന്നൊന്നായി ചര്‍ച്ചചെയ്ത ശില്‍പ്പശാല ജനകീയവികസനത്തിന്റെ പുതുചരിത്രമായി. പാളയം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള ഒളിമ്പിയ ഹാളില്‍ പ്രകടനപത്രിക തയ്യാറാക്കുന്നതിനുവേണ്ടി ചേര്‍ന്ന ശില്‍പ്പശാലയില്‍ 178 വികസനപദ്ധതി നിര്‍ദേശമാണ് ക്രോഡീകരിക്കപ്പെട്ടത്. ഇവ വരുംദിവസങ്ങളില്‍ ഓരോ മേഖലയിലെയും സാങ്കേതികവിദഗ്ധരുടെകൂടി അംഗീകാരത്തോടെ എല്‍ഡിഎഫ് പ്രകടനപത്രികയായി പ്രസിദ്ധീകരിക്കും.

ജനകീയ കണ്‍വന്‍ഷനോടെയായിരുന്നു ശില്‍പ്പശാലയുടെ തുടക്കം. കണ്‍വന്‍ഷന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. സോളമന്‍ വെട്ടുകാട് അധ്യക്ഷനായി. പ്രകടനപത്രിക തയ്യാറാക്കുന്നതു സംബന്ധിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ആമുഖഭാഷണം നടത്തി. എല്‍ഡിഎഫ് നഗരസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കമ്മിറ്റി കണ്‍വീനര്‍ വി ശിവന്‍കുട്ടി എംഎല്‍എ ജനങ്ങളുടെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍, എല്‍ഡിഎഫ് നേതാക്കളായ ഡോ. എ നീലലോഹിതദാസന്‍ നാടാര്‍, വി സുരേന്ദ്രന്‍പിള്ള, എ സമ്പത്ത് എംപി, ആറ്റിങ്ങല്‍ രാമചന്ദ്രന്‍, പാളയം രാജന്‍, കാസിം, വി ഗംഗാധരന്‍നാടാര്‍, ജെ വേണുഗോപാലന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. മേയര്‍ കെ ചന്ദ്രിക സ്വാഗതം പറഞ്ഞു.കണ്‍വന്‍ഷനില്‍ നടന്ന ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ അഞ്ച് ഗ്രൂപ്പായി തിരിഞ്ഞ് ഓരോവിഷയവും ചര്‍ച്ചചെയ്തു. കൃഷി, മൃഗസംരക്ഷണം, മത്സ്യം, വ്യവസായം, ഗതാഗതം, വൈദ്യുതി, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലുറപ്പ്, പട്ടികജാതി- വര്‍ഗ ക്ഷേമം, വനിതാവികസനം, കുടുംബശ്രീ, അങ്കണവാടികള്‍, മദ്യപാനം, തെരുവുനായ്ക്കളുടെ ശല്യം, കല- കായിക രംഗം, ക്ഷേമപ്രവര്‍ത്തനങ്ങള്‍, ശുചിത്വം, പൊതുഭരണം, സമഗ്രപരിപാടി, വൈഫൈ ഇന്റര്‍നെറ്റ് സംവിധാനം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രകടനപത്രിക തയ്യാറാക്കുന്ന ചര്‍ച്ച. "എന്റെ നഗരം സുന്ദര നഗരം'&ൃറൂൗീ;പദ്ധതി പൂര്‍ണതയില്‍ എത്തിക്കുന്നതിനുവേണ്ടി അത്യാധുനിക പദ്ധതികള്‍ കൊണ്ടുവരുന്നതും വികേന്ദ്രീകരണപദ്ധതികള്‍ വിജയിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായി. ഡെപ്യൂട്ടി മേയര്‍ ജി ഹാപ്പികുമാര്‍ ഉള്‍പ്പെടെ നഗരഭരണത്തിലെ എല്‍ഡിഎഫ് പ്രതിനിധികള്‍ മുഴുവന്‍ ശില്‍പ്പശാലയില്‍ പങ്കാളികളായി. നിര്‍ദേശപ്പെട്ടികളില്‍ ലഭിച്ച നിര്‍ദേശങ്ങളില്‍ വാര്‍ഡുകളില്‍ ഒതുങ്ങുന്ന പദ്ധതികള്‍ വാര്‍ഡുകളിലെ എല്‍ഡിഎഫ് പ്രകടനപത്രികയ്ക്കായി കൈമാറിയിരുന്നു.

ജനങ്ങള്‍ക്കൊപ്പം ഇടതുപക്ഷം മാത്രം: വി എസ്

തിരുവനന്തപുരം > സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കുമൊപ്പം ഇടതുപക്ഷം മാത്രമാണുള്ളതെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷ മതേതര ജനാധിപത്യ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രകടനപത്രികയ്ക്ക് രൂപംകൊടുക്കുന്ന ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രക്ഷയില്ലാതെ വന്നപ്പോഴാണ് രാജ്യത്തെ ജനം കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നിറക്കിയത്. തുടര്‍ന്നുവന്ന ബിജെപി- സംഘപരിവാര്‍ സര്‍ക്കാരാകട്ടെ അധികാരം നിലനിര്‍ത്താനായി വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. അതിനായി ബിജെപി കിട്ടാവുന്ന മതസംഘടനകളെയെല്ലാം കൂട്ടുപിടിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപരേഖ തയ്യാറാക്കുന്നത്. അതിസമ്പന്നരായ ആഗോളശക്തികള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളെയും കര്‍ഷകരെയും സാധാരണക്കാരെയും പാവങ്ങളെയും സംരക്ഷിക്കാന്‍ ഇടതുപക്ഷം മാത്രമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേട്ടങ്ങള്‍ സംരക്ഷിക്കാനും പുതിയ മുന്നേറ്റങ്ങള്‍ സാധ്യമാക്കാനുമായി ഇടതുപക്ഷം ജനങ്ങളോടൊപ്പംനിന്ന് പ്രവര്‍ത്തിക്കുമെന്നും വി എസ് പറഞ്ഞു.

ജനം ആഗ്രഹിക്കുന്നത് നല്ലകാര്യങ്ങളുടെ തുടര്‍ച്ച: തോമസ് ഐസക്

തിരുവനന്തപുരം > കോര്‍പറേഷന്‍ അഞ്ചുവര്‍ഷംകൊണ്ടു നടത്തിയ നല്ലകാര്യങ്ങളുടെ തുടര്‍ച്ചയാണ് ജനം ആഗ്രഹിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പറഞ്ഞു. കോര്‍പറേഷനില്‍ എല്‍ഡിഎഫ് പ്രകടനപത്രികയ്ക്ക് രൂപംകൊടുക്കുന്ന ജനകീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ശുചിത്വനഗരങ്ങളില്‍ 79-ാം സ്ഥാനത്തുനിന്ന് എട്ടാംസ്ഥാനത്തേക്കാണ് തിരുവനന്തപുരം കോര്‍പറേഷനെ എല്‍ഡിഎഫ് ഭരണസമിതി ഉയര്‍ത്തിയത്. ഒന്നാമത്തേതായി അനന്തപുരിയെ മാറ്റുകയാണ് അടുത്ത ലക്ഷ്യം. ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്ന നല്ലകാര്യങ്ങളുടെ തുടര്‍ച്ചയിലൂടെ അതും സാധ്യമാകും. അതാണ് ജനം ആഗ്രഹിക്കുന്നത്. ഖരമാലിന്യ സംസ്കരണത്തില്‍ തിരുവനന്തപുരം സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു. മാലിന്യപ്രശ്നങ്ങളിലെ വെല്ലുവിളികളെ സ്വന്തം നിലയില്‍ അതിജീവിച്ചാണ് തിരുവനന്തപുരം ശുചിത്വനഗരപ്പട്ടികയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ചേരിനിര്‍മാര്‍ജനത്തിലും തലസ്ഥാനം സമാനതകളില്ലാത്ത മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. അധികാര വികേന്ദ്രീകരണത്തിലൂടെ കേരളം കരസ്ഥമാക്കിയ നേട്ടങ്ങളെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കി. തദ്ദേശവകുപ്പുകള്‍ ഭിന്നിപ്പിച്ച് പലവകുപ്പുകളാക്കിയത് അഴിമതിക്കായാണ്. ധനവിനിയോഗച്ചട്ടങ്ങളില്‍ മാറ്റംവരുത്തി തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് പണം നല്‍കാതെ സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ധനകമീഷന്‍ 30 ശതമാനം തുക തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഒറ്റവര്‍ഷംകൊണ്ട് സര്‍ക്കാര്‍ അതില്‍നിന്ന് 1200 കോടി രൂപയാണ് കവര്‍ന്നതെന്നും തോമസ് ഐസക് പറഞ്ഞു.