Saturday, October 3, 2015

കോലീബി ഭായ്... ഭായ് - കാസര്‍കോട്

കാസര്‍കോട് > പ്രാദേശിക സര്‍ക്കാരുകള്‍ക്ക് എന്നും മാതൃക സൃഷ്ടിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുള്ള കാസര്‍കോട് ജില്ല കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് പുത്തന്‍ മാതൃക തീര്‍ത്താണ് പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ള ജില്ലാപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും ജന സേവന പാതയില്‍ പുതുവഴി തെളിയിച്ചാണ് പുതിയ ഭരണസമിതികള്‍ക്ക് വഴിമാറുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ നേരിയ മുന്‍തൂക്കം ജില്ലയുടെ സമഗ്ര വികസനത്തെ പിന്നോട്ട് വലിച്ചുവെന്ന് പറയാതിരിക്കാനും കഴിയില്ല. അഴിമതിയും തമ്മില്‍തല്ലും കെടുകാര്യസ്ഥതയും യുഡിഎഫ് പഞ്ചായത്തുകളില്‍ സ്ഥിരമായി.

മറ്റു ജില്ലകളില്‍നിന്ന് വ്യത്യസ്തമായി വര്‍ഗീയ ശക്തികള്‍ക്കും സ്വാധീന മേഖലകള്‍ ഉണ്ടെന്നതാണ് കാസര്‍കോടിന്റെ സവിശേഷത. നാലു താലൂക്കുകളുള്ള ജില്ലയില്‍ രണ്ടിടത്ത് ത്രികോണ മത്സരങ്ങള്‍ക്ക് വേദിയാകുന്നത് ഇതുമൂലമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായെങ്കിലും മുസ്ലിംലീഗിന് സ്വന്തം ഭരണം നടത്താന്‍ പറ്റുന്ന പഞ്ചായത്തുകളും നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലയിലുണ്ട്.

ഇടതുപക്ഷത്തിന്റെ സ്വാധീനം മറി കടക്കാന്‍ ബിജെപിയെ യുഡിഎഫ് പരസ്യമായി ഒപ്പം കൂട്ടുന്നതും കാസര്‍കോടിന്റെ പ്രത്യേകതയാണ്. പുത്തിഗെ, വോര്‍ക്കാടി, പുല്ലൂര്‍-പെരിയ തുടങ്ങിയ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യം പരസ്യമാണ്. അഡ്വ. പി പി ശ്യാമളാദേവി പ്രസിഡന്റായ ജില്ലാപഞ്ചായത്തിന്റെ ഭരണ മികവില്‍ രണ്ട് ദേശീയ അവാര്‍ഡും രണ്ട് സംസ്ഥാന ആവാര്‍ഡും കാസര്‍കോടിനെ തേടിയെത്തി. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് വീടൊരുക്കാന്‍ തണല്‍ പദ്ധതിയടക്കം ആരോഗ്യ, വിദ്യാഭ്യാസ, പട്ടിക വിഭാഗ മേഖലകളില്‍ ശ്രദ്ധേയ നേങ്ങളാണ് അഞ്ചുവര്‍ഷംകൊണ്ട് നേടിയത്.

ആറു ബ്ലോക്കുകളില്‍ മൂന്നെണ്ണം എല്‍ഡിഎഫിനും മൂന്നെണ്ണം യുഡിഎഫിനുമാണ്. നീലേശ്വരം, കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകളാണ് എല്‍ഡിഎഫിന്റേത്. കാസര്‍കോട്, പരപ്പ, മഞ്ചേശ്വരം ബ്ലോക്ക് യുഡിഎഫിനാണ്. മൂന്ന് നഗരസഭയില്‍ ഒന്നാണ് എല്‍ഡിഎഫിന് ലഭിച്ചത്. നീലേശ്വരം. 32 വാര്‍ഡുള്ള ഇവിടെ 20ല്‍ ജയിച്ചാണ് ഭരണം നേടിയത്. കാസര്‍കോട് 38 വാര്‍ഡില്‍ 23 യുഡിഎഫിനാണ്. രണ്ടിലാണ് എല്‍ഡിഎഫുള്ളത്. പതിനൊന്നിടത്ത് ബിജെപിയും. കാഞ്ഞങ്ങാട് ആര്‍ക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. 43 വാര്‍ഡുകളില്‍ 21 യുഡിഎഫ്, 17 എല്‍ഡിഎഫ്, അഞ്ച് ബിജെപി എന്നിങ്ങനെയാണ് കക്ഷിനില. ബാര്‍ വിവാദത്തെതുടര്‍ന്ന് മുസ്ലിംലീഗ് ചെയര്‍മാന്‍ രാജിവച്ചതിനെ തുടര്‍ന്ന് ജനതാദളിന്റെ ഏക അംഗമാണ് ഒന്നരവര്‍ഷമായി ചെയര്‍മാന്‍. കോണ്‍ഗ്രസ് പുറത്താക്കിയ പ്രഭാകരന്‍ ഇപ്പോഴും വൈസ്ചെയര്‍മാനായി തുടരുന്നു.

പഞ്ചായത്തുകളുടെ എണ്ണം 38. 663 വാര്‍ഡുകളാണ് ആകെയുള്ളത്. എല്‍ഡിഎഫ്-257, യുഡിഎഫ്-271, ബിജെപി-92, സ്വതന്ത്രര്‍-43 എന്നിങ്ങനെയാണ് സീറ്റുനില. ഇത്തവണ കാര്യമായ മാറ്റം ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പടന്ന പഞ്ചായത്തിന്റെ ഒരു വാര്‍ഡ് നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റം. ഇവിടെ ഒരു വാര്‍ഡ് വര്‍ധിപ്പിച്ചിട്ടുമുണ്ട്.

(എം ഒ വര്‍ഗീസ്)

കടലില്‍നിന്ന് ഒരു കുമ്പിള്‍ വെള്ളവുമായി...

ചെറുവത്തൂര്‍ > ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അത് നിറവേറ്റിക്കൊടുത്തു എന്നതാണ് പടന്ന പഞ്ചായത്ത് ഭരണസമിതിയുടെ മികവ്. അടിസ്ഥാന സൗകര്യങ്ങളില്‍ കുടിവെള്ളത്തിന് പ്രാധാന്യം ഏറെയാണ്. ഈ കുടിവെള്ള പ്രശ്നം പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചു എന്നതാണ് പഞ്ചായത്തിന്റെ വിജയ ജൈത്രയാത്രയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അതോടൊപ്പം പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെടാതെ അവയെ കാത്തുരക്ഷിക്കാനും പഞ്ചായത്ത് നടപ്പാക്കിയ പദ്ധതി പ്രശംസനീയം. ജലനിധിയുമായി കൈകോര്‍ത്താണ് പഞ്ചായത്ത് മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. ഇതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടോളം കുടിവെള്ള വിതരണ പദ്ധതികള്‍ സ്ഥാപിച്ച് വിപുലപ്പെടുത്തി. പടന്ന, എടച്ചാെക്കൈ, ഓരി, അഴീത്തല, കിനാത്തില്‍ ഉദിനൂര്‍, തെക്കേക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് പദ്ധതി വന്‍ വിജയമാക്കി നടപ്പിലാക്കുന്നത്.

കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി ജനങ്ങള്‍ക്കെത്തിക്കാന്‍ പഞ്ചായത് അഴീത്തലയില്‍ നടപ്പാക്കിയ പ്ലാന്റ് കേരളത്തില്‍ ആദ്യത്തേതാണ്. " കടല്‍വെള്ളത്തില്‍നിന്ന് കുടിവെള്ളം പദ്ധതി: 155 കുടുംബങ്ങളിലായി ആയിരത്തോളം പേര്‍ താമസിക്കുന്ന പ്രദേശമാണ് അഴിത്തല. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. ഇവരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന് മാതൃകയായ കുടിവെള്ള പദ്ധതി സാക്ഷാല്‍കരിച്ചത്.

അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റ് സ്ഥാപിച്ചത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായി കിടപ്പ് പരിശോധിച്ച് ഏത് വിധത്തില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ സാധിക്കും എന്ന ആലോചനയായിരുന്നു ആദ്യഘട്ടത്തില്‍. കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്ന പദ്ധതി മറ്റു സംസ്ഥാനങ്ങളില്‍ വിജയകരമായി നടത്തുന്നു എന്നത് പഞ്ചായത്തിന് പ്രചോദനമായി. തുടര്‍ന്ന് ഗുണഭോക്തൃ കമ്മിറ്റിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കാനായി പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ മധുരയിലെത്തി പ്രായോഗിക പഠനം നടത്തി. ഇത് വിജയകരമായി അഴിത്തലയില്‍ നടപ്പാക്കാന്‍ സാധിക്കും എന്ന പഠന റിപ്പോര്‍ടിന്റെ അടിസ്ഥാനത്തില്‍ പ്ലാന്റ് നിര്‍മാണം കാര്യക്ഷമമാക്കുകയും ചെയ്തു.

അഴിത്തല കടലിനോട് ചേര്‍ന്ന് അഞ്ച് സെന്റ് ഭൂമിയിലാണ് പ്ലാന്റ് നിര്‍മിച്ചത്. പ്ലാന്റിനുള്ളില്‍ കടലിനോട് ചേര്‍ന്ന് നിര്‍മിച്ച കിണറില്‍ കടല്‍ വെള്ളം ശേഖരിക്കും. മോട്ടോര്‍ ഉപയോഗിച്ച് കടല്‍ ജലം ആര്‍ഒ പ്ലാന്റിലേക്ക് പമ്പ് ചെയ്യും. പ്ലാന്റില്‍ സ്ഥാപിച്ച ശദ്ധീകരണ യന്ത്രം വഴി വെള്ളം പൂര്‍ണമായും ശുദ്ധീകരിക്കും. ശുദ്ധീകരിച്ച ശേഷമുള്ളവ കടലിലേക്ക് ഒഴുക്കും. ഇതിനാവശ്യമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ശുദ്ധീകരിച്ച കടല്‍വെള്ളം പൈപ്പ് മാര്‍ഗം മുഴുവന്‍ വീടുകളിലും എത്തിച്ചു.

പി വിജിന്‍ദാസ്

നീങ്ങി വരുന്നു സ്നേഹപഥം

ചെറുവത്തൂര്‍ > ബ്ലോക്ക് പഞ്ചായത്തിന് എങ്ങനെ ജനപക്ഷമാകാന്‍ കഴിയുമെന്നറിയണമെങ്കില്‍ നീലേശ്വരം ബ്ലോക്കിലേക്ക് വരണം. രാജ്യത്തിനാകെ മാതൃകയായ നന്മയുടെ നീരുറവക്കാണ് അഞ്ചു വര്‍ഷമായി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നല്‍കുന്നത്. അവശര്‍ക്കും ആലംബഹീനര്‍ക്കും സാന്ത്വനമായി ബ്ലോക്ക് നടപ്പാക്കിയ സ്നേഹപഥം പദ്ധതിയെ പ്രശംസിക്കാത്തവരാരും ഇല്ല.ചികിത്സതേടി രോഗികള്‍ ആശുപത്രിയിലെത്തുന്നതാണ് നാട്ടു നടപ്പ്. ഈ കാഴ്ചപ്പാടില്‍നിന്നുമാറി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഭസ്നേഹപഥം രോഗികളുടെ വീട്ടിലെത്തി പരിചരണം ലഭ്യമാക്കുകയാണ്.

ആയിരത്തോളം പേരാണ് ഗുണഫലം അനുഭവിക്കുന്നത്. 2011- 12 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്തിന് മാതൃകയായി സഞ്ചരിക്കുന്ന ആശുപത്രി എന്ന ആശയം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പിലിക്കോട്, ചെറുവത്തൂര്‍, വലിയപറമ്പ്, കയ്യൂര്‍- ചീമേനി, തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളിലെ നിരാലംബരായ രോഗികള്‍ക്ക് വലിയ ആശ്വാസമയി മാറി ഈ ആശുപത്രി. ജനകീയ സര്‍വേയിലൂടെ കണ്ടെത്തിയ പാവപ്പെട്ട രോഗികള്‍ക്കാണ് ആശുപത്രിയുടെ സേവനം ലഭിക്കുന്നത്. പി കരുണാകരന്‍ എംപി അനുവദിച്ച പ്രത്യേക ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനമാണ് സ്നേഹപഥമായി സഞ്ചരിക്കുന്നത്. കാസര്‍കോട് ജില്ലാആശുപത്രിയില്‍നിന്ന് സൂപ്രണ്ടായി വിരമിച്ച ഡോ. ടി വി സുരേന്ദ്രനാണ് സ്നേഹപഥത്തിന്റെ മെഡിക്കല്‍ ഓഫീസര്‍. ചികിത്സയും മരുന്നും ഈ ആശുപത്രിയിലൂടെ സൗജന്യമായി നല്‍കി വരുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്കെല്ലാം ഉപകരിക്കും വിധമാണ് ആശുപത്രി പ്രവര്‍ത്തനം. പനി പടര്‍ന്നുപിടിച്ചപ്പോള്‍ വഴിയോരങ്ങളില്‍ കാത്തു നിന്നവര്‍ക്കെല്ലാം ആശുപത്രിയുടെ സേവനം ലഭ്യമായി.

സാമ്പത്തിക വിഷമവും ജീവിത സാഹചര്യവുംമൂലം ജീവിതത്തില്‍ ഇനിയൊരിക്കലും ചികിത്സ ലഭിക്കില്ലെന്ന് കരുതിയ ഒരുപാടുപേര്‍ക്കരികിലേക്കാണ് സാന്ത്വന സ്പര്‍ശവുമായി സ്നേഹപഥം സഞ്ചരിച്ചെത്തുന്നത്.

താങ്ങും തണലും

കൈത്താങ്ങ്, തണല്‍, പ്രിസം, വിശ്രാന്തി, അനിര്‍വേദം, ആരണ്യകം... കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ തനതു പദ്ധതികളുടെ പട്ടിക നീളുന്നു

" 11 പഞ്ചായത്തുകള്‍; 110 വീട് 

2011 ല്‍ തുടങ്ങിയ തണല്‍ഭവനപദ്ധതിയില്‍ ആദ്യവര്‍ഷം 11 പഞ്ചായത്തില്‍ നാലുവീതം വീട് പണിതാണ് പദ്ധതി തുടങ്ങിയത്. എന്‍ഡോസള്‍ഫാന്‍ രോഗം മൂലം വലഞ്ഞ 110 വീട്ടുകാര്‍ക്ക് സ്വസ്ഥമായി കിടന്നുറങ്ങാമെന്ന സ്വപ്നമാണ് യാഥാര്‍ഥ്യമായത്. 12- 13ല്‍ രണ്ടുവീതം, 13-14ല്‍ രണ്ടുവീതം, 14-15ല്‍ ഒന്നുവീതം, 15-16ല്‍ ഒന്നുവീതം വീടണ് പഞ്ചായത്തുകളിലായി കെട്ടിക്കൊടുത്തത്. രണ്ടരലക്ഷമാണ് ജില്ലാപഞ്ചായത്ത് നല്‍കുന്നത്. എപിഎല്‍, ബിപിഎല്‍ മാനദണ്ഡമില്ലാതെ എല്ലാതരം ആള്‍ക്കാര്‍ക്കും വീട് നിര്‍മിച്ചു നല്‍കി. ഇതോടൊപ്പം ഭിന്നശേഷിക്കാര്‍ക്കായി വൈകല്യ സൗഹൃദ ഭവനം എന്ന പേരിലും വീടുകള്‍ നിര്‍മിച്ചു നല്‍കി. പഞ്ചായത്തിലും നഗരസഭയിലും രണ്ടെന്ന തോതിലാണ് മൂന്നുലക്ഷം വീതം വീടുനിര്‍മാണത്തിന് നല്‍കിയത്. വിവിധ ഭവനപദ്ധതികളില്‍ രണ്ടരലക്ഷം രൂപ മാത്രമേ വീടുനിര്‍മിക്കാര്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കൂ. ജില്ലാപഞ്ചായത്ത് പ്രത്യേക താല്‍പര്യമെടുത്ത് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് മൂന്നുലക്ഷം വീതം അനുവദിപ്പിച്ചത്."

സ്മാര്‍ട്ടാകാന്‍ ക്ലാസ്മുറി

വിദ്യാഭ്യാസം സ്മാര്‍ട്ടാക്കാന്‍ പത്താംക്ലാസില്‍ സ്മാര്‍ട്ട് ക്ലാസ്റൂം പദ്ധതി മാതൃകാപരമായി നടപ്പാക്കി. എല്‍സിഡി, പ്രൊജക്ടര്‍ തുടങ്ങി ആധുനിക ക്ലാസ് റൂം ഉപകരണങ്ങള്‍ നല്‍കി. അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ ഈ പദ്ധതി, കാലത്തിന് മുമ്പേ നടന്ന വികസന പരിപാടിയായി. പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു. ശ്രദ്ധ പതിപ്പിക്കേണ്ട മേഖലകളില്‍ പ്രത്യേകസൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി. 16 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലാബ് കെട്ടിടം പണിതു. സ്വന്തമായി ഹയര്‍സെക്കന്‍ഡറി കെട്ടിടമില്ലാത്ത സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കെട്ടിടം പണിതു. രണ്ടുകോടിയിലേറെ രൂപയുടെ ഫര്‍ണിച്ചറുകള്‍ നല്‍കി. വിശ്രാന്തി എന്ന പേരില്‍ തയ്യാറാക്കിയ പദ്ധതിയില്‍ ടോയ്ലറ്റ് സൗകര്യം അടക്കമുള്ള വിശ്രമമുറികള്‍ പെണ്‍കുട്ടികള്‍ക്കായി പണിതു. അനിര്‍വേദം എന്ന പേരില്‍ നാപ്കിന്‍ വൈന്‍ഡിങ് മെഷീനുകള്‍ സ്ഥാപിച്ചു. സ്കൂളുകളില്‍ ജൈവപച്ചക്കറിത്തോട്ടമൊരുക്കാന്‍ പ്രോത്സാഹനം നല്‍കി. ആരണ്യകം എന്ന പേരില്‍ കുട്ടിവനം പദ്ധതിയും മുന്നേറുന്നു. "

വിത്തിട്ടു; നന്മയിലേക്ക്

ജില്ലയിലെ ചെറിയ തോടുകളില്‍ ജലസമൃദ്ധി തീര്‍ത്ത് 33 ചെക്കുഡാമുകളാണ് ജില്ലാപഞ്ചായതിന്റെ ആഭിമുഖ്യത്തില്‍ പണിതത്. വെള്ളമില്ലാതെ വലഞ്ഞ വയലുകളും തോട്ടങ്ങളും ഇപ്പോള്‍ ജലസമൃദ്ധിയില്‍ വിളഞ്ഞു തുടങ്ങി. കാടുമൂടിയും നികന്നും അനാഥമായി കിടന്ന 180 ഏക്കര്‍ തരിശുനിലം ഈ അഞ്ചരവര്‍ഷത്തിനിടെ വയലായി. നെല്‍കൃഷി, പച്ചക്കറി അടക്കമുള്ള കൃഷി ഈ വയലുകളില്‍ സജീവമാണ്. കൊയ്യാനും മെതിക്കാനും ആളില്ലാത്തതിനാല്‍ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയ്ക്ക് പരിഹാരമായി കൊയ്ത്തു- മെതിയന്ത്രവും ജില്ലാപഞ്ചായത്ത് വാങ്ങി. നീലേശ്വരം ബ്ലോക്ക് ഓഫീസ് പരിധിയിലെ തൊള്ളായിരത്തോളം ഹെക്ടര്‍ പാടങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭ്യമാകും. സര്‍ക്കാരുകള്‍ കൈയൊഴിഞ്ഞ കവുങ്ങ് കര്‍ഷകര്‍ക്ക് നാലുവര്‍ഷമായി തുരിശും സ്പ്രെയറും വളവും സൗജന്യമായി നല്‍കി. അഞ്ചുപഞ്ചായത്തുകളിലെ കാര്‍ഷികകര്‍മസേനയ്ക്ക് ട്രാക്ടര്‍ നല്‍കി. വനിതകള്‍ക്ക് ജൈവപച്ചക്കറി കൃഷി ചെയ്യാന്‍ സഹായവും നല്‍കി. ക്ഷീര കര്‍ഷകര്‍ക്ക് അരലക്ഷം രൂപ കാലിത്തീറ്റ സബ്സിഡി നല്‍കി."

ക്ഷയരോഗം ഇനിയില്ല

ക്ഷയരോഗികള്‍ക്ക് സൗജന്യ പോഷകാഹാര പദ്ധതി തുടങ്ങിയ സംസ്ഥനത്തെ ആദ്യത്തെ തദ്ദേശ സ്ഥാപനമാണ് കാസര്‍കോട് ജില്ലാപഞ്ചായത്ത്. കൈത്താങ്ങ് എന്നുപേരിട്ട പദ്ധതി നിരവധി നിര്‍ധനരോഗികള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. കാസര്‍കോട് ജനറല്‍ആശുപത്രിയിലെ ടിബി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി വിജയകരമായി മുന്നേറുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ വികസനമാണ് മറ്റൊരു പൊന്‍തൂവല്‍. പ്രവര്‍ത്തനം കാര്യക്ഷമമായതോടെ ഒപി രോഗികളുടെ എണ്ണം കാര്യമായി വര്‍ധിച്ചു. ഡയാലിസിസ് കേന്ദ്രം തുടങ്ങാനുള്ള കെട്ടിടവും ഉപകരണവും വരെ ഏര്‍പ്പാടാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തത് പ്രവര്‍ത്തനത്തിന് തിരിച്ചടിയായി. 98 ലക്ഷം രൂപയുടെ കാരുണ്യ ഫണ്ട് കാത്തിരുന്ന ജില്ലാപഞ്ചായത്തിന് നയാപൈസപോലും ഇതുവരെ ലഭിച്ചില്ല. അടിയന്തരമായി 25 ലക്ഷം കിട്ടിയാല്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കാം.

അനധികൃത നിര്‍മാണത്തിന് കുടപിടിച്ച് നഗര ഭരണം

കാസര്‍കോട് > നഗര ഭരണം അനധികൃത കെട്ടിട നിര്‍മാണത്തിനുള്ളതാണെന്നാണ് കാസര്‍കോട് ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന്റെ ചിന്ത. ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികള്‍ പതിറ്റാണ്ടുകളായി ഭരിക്കുന്നത് യുഡിഎഫാണ്. ഈ രണ്ട് നഗരത്തിലുമുള്ള അനധികൃത കെട്ടിടങ്ങള്‍ എത്രയെന്ന് ആര്‍ക്കും നിശ്ചയമില്ല. വിജിലന്‍സ് കേസുകളും കോടതിവിധികള്‍ ഉണ്ടായിട്ടും അനധികൃത നിര്‍മാണത്തിനു കുറവുണ്ടാകുന്നില്ല. അനുമതിയില്ലാതെ കെട്ടിടം നിര്‍മിക്കാന്‍ അനുവദിക്കുക, കെട്ടിട നമ്പര്‍ നല്‍കുക എന്നീ ഏര്‍പ്പാടുകളാണ് ഇവിടെ നടക്കുന്നത്. ഭരണകക്ഷിയില്‍പെട്ട ചിലര്‍ ഇതുവഴി ലക്ഷങ്ങള്‍ സമ്പാദിക്കുന്നുവെന്നത് പരസ്യമാണ്.

കാഞ്ഞങ്ങാട് നഗരസഭയുടെ ഒന്നാം വാര്‍ഡില്‍ 20 അനധികൃത കെട്ടിടങ്ങളുണ്ടെന്ന് നഗരസഭയുടെ റവന്യുവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കഴിഞ്ഞ മാസമാണ്. ഇത് സംബന്ധിച്ച് റവന്യൂവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് നഗരസഭ അധികൃതര്‍ മുക്കിയ വിവാദമാണിപ്പോള്‍ അരങ്ങേറുന്നത്. മുമ്പ് പുതിയ ബസ്സ്റ്റാന്‍ഡിന്റെ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയതും അതിന്റെ ഫയല്‍ കാണാതായതും പിന്നീട് കണ്ടെത്തിയതുമൊക്കെ കാഞ്ഞങ്ങാട്ടെ വിവാദ സംഭവങ്ങളാണ്. ഇതിന്റെ പേരില്‍ വിജിലന്‍സ് കേസും ഉണ്ട്. കാസര്‍കോട് നഗരസഭയിലും സമാന സംഭവങ്ങളാണ് അരങ്ങേറുന്നത്. നഗരസഭയുടെ അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭ തയ്യാറാകുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയും നവീകരിച്ചും നടത്തിയ നിര്‍മാണപ്രവര്‍ത്തനം കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനോ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള പിഴ ഒടുക്കി കെട്ടിടനിര്‍മാണം രേഖയിലാക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല.

No comments:

Post a Comment