Monday, October 5, 2015

സിപിഐ എം പുറത്തിറക്കും ജനങ്ങളുടെ പ്രകടനപത്രിക

തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ സിപിഐ എം മുന്നോട്ടുവയ്ക്കുന്നത് ജനങ്ങളുടെ പ്രകടനപത്രിക. ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും തിരിച്ചറിഞ്ഞ് പൂര്‍ണമായും അതനുസരിച്ചുള്ള പ്രകടനപത്രിക പുറത്തിറക്കാന്‍ സിപിഐ എം ഒരുങ്ങുന്നു.ജനങ്ങളുടെ അഭിപ്രായങ്ങള്‍ വിവിധ മാര്‍ഗങ്ങളിലൂടെ സമാഹരിക്കുന്ന പ്രവര്‍ത്തനം നടക്കുന്നു. പ്രധാന കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചു. ഗ്രന്ഥശാലകള്‍, സാംസ്കാരികകേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, റേഷന്‍കട പരിസരം തുടങ്ങി ജനങ്ങള്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിലാണ് ഇവ സ്ഥാപിച്ചത്.

ജനങ്ങളില്‍നിന്നു ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് മാനിഫെസ്റ്റോക്ക് രൂപംനല്‍കുന്നതിന് അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സെമിനാര്‍ നടത്തും. സെമിനാറില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ കൂടി ക്രോഡീകരിച്ചാകും പ്രകടനപത്രിക പുറത്തിറക്കുക.തദ്ദേശഭരണത്തിലും വികസനത്തിലും ജനപങ്കാളിത്തത്തിനു മാത്രമാകണം പ്രഥമ പരിഗണനയെന്ന നിര്‍ബന്ധമാണ് ഇത്തരമൊരു ആശയത്തിനു പിന്നില്‍. 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ കാലത്തുതന്നെ അധികാരവികേന്ദ്രീകരണത്തിനും വികസനത്തിലെ ജനപങ്കാളിത്തത്തിനുമുള്ള പ്രാഥമികനടപടി ആരംഭിച്ചു.

1991ല്‍ ജില്ലാ കൗണ്‍സിലുകള്‍ രൂപീകരിച്ച് വിപുലമായ അധികാരവും സാമ്പത്തികസഹായവും നല്‍കിയത് അധികാരവികേന്ദ്രീകരണത്തിലെ കുതിച്ചുചാട്ടമായിരുന്നു. എന്നാല്‍, തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ജില്ലാ കൗണ്‍സിലുകളെ ഇല്ലാതാക്കി.ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ പ്രകാരമുള്ള പഞ്ചായത്തിരാജ്, നഗരപാലികാ സംവിധാനത്തില്‍ വിഭാവന ചെയ്യുന്ന വികേന്ദ്രീകരണം കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷ സര്‍ക്കാരുകള്‍ നേരത്തെ തന്നെ തുടങ്ങിവച്ചതാണ്. ഈ സംവിധാനം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയത് 1996മുതല്‍ 2001വരെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് 40 ശതമാനംവരെ ബജറ്റ് വിഹിതം നല്‍കി പ്രാദേശികവികസനത്തിന് വലിയ സഹായം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കി. ജനകീയാസൂത്രണപദ്ധതിയിലൂടെ പ്രാദേശികവികസനത്തില്‍ ജനങ്ങളുടെ പൂര്‍ണമായ പങ്കാളിത്തം ഉറപ്പുവരുത്തി. ഓരോ പ്രദേശത്തിനും ആവശ്യമായ വികസനപദ്ധതികള്‍ ഏതൊക്കെയെന്ന് അവിടത്തെ ജനങ്ങള്‍ കൂട്ടായി തീരുമാനിച്ചു. ഇതിനാവശ്യമായ വൈദഗ്ധ്യവും പ്രാദേശികമായിത്തന്നെ സമാഹരിക്കാന്‍ കഴിഞ്ഞു.

ഗ്രാമസഭകളിലൂടെ താഴേത്തട്ടുവരെ ഈ വികേന്ദ്രീകരണപ്രക്രിയ ഫലപ്രദമായി നടന്നു. ഇക്കാലത്ത് യാഥാര്‍ഥ്യമായ വികസനപദ്ധതികള്‍ എക്കാലത്തെയും മികച്ച മാതൃകകളായി.യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോഴെല്ലാം അധികാരവികേന്ദ്രീകരണ പ്രക്രിയക്ക് നേരിടുന്ന തിരിച്ചടിയിലും പതറാതെ നിന്ന് നേട്ടങ്ങളിലേക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ നയിച്ച ഒട്ടേറെ അനുഭവം കേരളത്തിലുണ്ട്. പുതിയ ഭരണസമിതികളുടെ കീഴിലും ജനപങ്കാളിത്തത്തോടെയുള്ള വികസനം സാധ്യമാക്കാനുള്ള മുന്നുറപ്പാണ് ജനങ്ങളുടെ പ്രകടനപത്രിക തയ്യാറാക്കല്‍. മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കുന്ന വികസനമാണോ ജനങ്ങള്‍ നിശ്ചയിക്കുന്ന തദ്ദേശസ്വയംഭരണമാണോ അഭികാമ്യം എന്ന ചോദ്യമാണ് ഉയരുന്നത്. അതിനുള്ള ഉത്തരംകൂടിയാകും തെരഞ്ഞെടുപ്പു ഫലം.

by വി ജയിന്‍ on 05-October-2015

No comments:

Post a Comment