Sunday, October 4, 2015

തൃക്കാക്കര: വികസനത്തിന്റെ ശവപ്പറമ്പ്


ചട്ടംലംഘിച്ച് മേയര്‍

കൊച്ചി> തെരഞ്ഞെടുപ്പുചട്ടം ലംഘിച്ച് മേയര്‍ ടോണി ചമ്മണി വാര്‍ത്താസമ്മേളനത്തില്‍ സ്മാര്‍ട്ട് സിറ്റിക്കായി തെരഞ്ഞെടുത്ത സ്ഥലങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പു കമീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചശേഷമാണ് മേയര്‍ ചേംബറില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ശനിയാഴ്ച വൈകിട്ട് 4.15ന് ആരംഭിച്ച വാര്‍ത്താസമ്മേളനം 4.45ന് അവസാനിച്ചു. സ്മാര്‍ട്ട് സിറ്റീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ രണ്ടു പ്രദേശങ്ങളില്‍ വികസനം നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. ശനിയാഴ്ച വൈകിട്ട് നാലിന് തെരഞ്ഞെടുപ്പു കമീഷണര്‍ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുമെന്ന് ദിവസങ്ങള്‍ക്കു മുമ്പുതന്നെ അറിയാമായിരുന്നു.

അതിനുശേഷം മേയര്‍ വാര്‍ത്താസമ്മേളനം വിളിച്ച് സ്ഥലങ്ങള്‍ പ്രഖ്യാപിച്ചത് ബോധപൂര്‍വമാണെന്ന് ഇതോടെ വ്യക്തമായി. ആധുനിക ജലഗതാഗത സംവിധാനത്തിലൂടെ പശ്ചിമകൊച്ചിയുടെയുടെ വികസനവും എറണാകുളം ഡര്‍ബാര്‍ ഹാള്‍മുതല്‍ ഹൈക്കോടതിവരെയുള്ള ഭാഗത്തിന്റെ സമന്വയ വികസനവുമാണ് കൊച്ചിയുടെ സമാര്‍ട്ട്സിറ്റി പദ്ധതിയുടെ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മേയര്‍ പറഞ്ഞു.

ചേരികളുടെ നിര്‍മാര്‍ജനം, മട്ടാഞ്ചേരിയിലെയും ഫോര്‍ട്ട്കൊച്ചിയിലെയും പൊതുസ്ഥലങ്ങളുടെ സംരക്ഷണവും വികസനവും, കായല്‍-കടല്‍ തീരങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും, കനാലുകളുടെ പുനരുദ്ധാരണം, മട്ടാഞ്ചേരി തെരുവുകളുടെ പുനരുദ്ധാരണം, പെഡസ്ട്രിയന്‍ നെറ്റ്വര്‍ക്ക്, ശാസ്ത്രിയമായ ഡ്രൈനേജ് സംവിധാനം, മരങ്ങളുടെ സംരക്ഷണം, ജങ്ഷനുകളുടെയും നടപ്പാതകളുടെയും നവീകരണം, ഗതാഗതസംവിധാനങ്ങളുടെ ആധുനികവല്‍ക്കരണം, സൈക്കിള്‍ ട്രാക്സ് തുടങ്ങിയ ആധുനിക നഗരസംവിധാനങ്ങള്‍ പശ്ചിമകൊച്ചി ഭാഗത്തും ഡര്‍ബാര്‍ ഹാള്‍മുതല്‍ ഹൈക്കോടതിവരെയുള്ള ഭാഗത്തും നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള റോഡുകള്‍ വിപുലപ്പെടുത്താന്‍ പദ്ധതിയില്‍ നിര്‍ദേശം ഉണ്ടാകില്ല. എന്നാല്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും പുനരധിവസിപ്പിക്കേണ്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്യും. പൊതുജനപങ്കാളിത്തത്തോടെ 10 ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനിച്ച പദ്ധതി ചീഫ് സെക്രട്ടറി ചെയര്‍മാനായ ഹൈപ്പവര്‍ കമ്മിറ്റിക്കു കൈമാറുമെന്നും മേയര്‍ വ്യക്തമാക്കി.

പിന്നെ, നഗരസഭയ്ക്കെന്താ പണി?

കൊച്ചി> നഗരസഭ വമിപ്പിക്കുന്ന ദുര്‍ഗന്ധത്തിനുമുന്നില്‍ ഒടുവില്‍ ചീഫ് സെക്രട്ടറി ജിജി തോംസണും മൂക്കുപൊത്തി. നഗരസഭയുടെ കീഴിലുള്ള ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ ഖരമാലിന്യങ്ങള്‍ സംസ്കരിക്കാനും അവിടം വൃത്തിയാക്കാനും ചീഫ് സെക്രട്ടറി വരേണ്ടിവന്നു. ഇതു മാത്രമാണോ? കൊച്ചി കോര്‍പറേഷന്‍ അതിര്‍ത്തിയിലെ റോഡുകള്‍ നന്നാക്കിയത് ഇക്കുറി ഡിഎംആര്‍സിയാണ്. നഗരത്തിലെ നിരത്തുകളില്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് നേരിട്ട് ഇടപെട്ട് ഷെല്‍ട്ടറുകളും പണിതു. ഇതൊക്കെ കാണുന്ന നഗരവാസികള്‍ ചോദിച്ചുതുടങ്ങി; അല്ല, ഈ നഗരസഭക്കെന്താ പിന്നെ പണി?

എന്തിനിങ്ങിനെയൊരു നഗരസഭ. വികസനപ്രവര്‍ത്തനങ്ങള്‍ക്കുപകരം അഴിമതിയും വിജിലന്‍സ് കേസുകളും മാത്രമായി നീങ്ങുന്ന നഗരസഭാ ഭരണം ഇപ്പോള്‍ ആര്‍ക്കും കയറി മേയാവുന്ന പൊതുസ്ഥലമായി മാറി.കോര്‍പറേഷന്‍ നിര്‍ബന്ധമായും ചെയ്യേണ്ട ജോലികള്‍ പലതും കൃത്യമായി ചെയ്യാത്തതിനാലാണ് മന്ത്രിസഭയുടെ പ്രത്യേകാനുമതിയോടെ തനിക്ക് ശുചീകരണം നടത്തേണ്ടിവന്നതെന്ന് ബ്രഹ്മപുരം പ്ലാന്റിലെത്തിയ ചീഫ് സെക്രട്ടറിക്ക് സമ്മതിക്കേണ്ടിവന്നു. പ്ലാന്റില്‍നിന്നുള്ള അസഹ്യദുര്‍ഗന്ധം പരിസരവാസികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അടിയന്തര നടപടിയെന്ന് കോര്‍പറേഷന്റെ കെടുകാര്യസ്ഥതയെക്കുറിച്ച് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. നഗരത്തിലെ റോഡുകള്‍ കുണ്ടുംകുഴിയുമായി കിടന്നപ്പോഴും തിരിഞ്ഞുനോക്കാന്‍പോലും നഗരസഭാ ഭരണാധികാരികള്‍ക്ക് സമയമുണ്ടായിരുന്നില്ല. കാല്‍നടയാത്രപോലും ദുഷ്കരമാക്കി തകര്‍ന്നുകിടന്ന പ്രധാന റോഡുകളും ഇടറോഡുകളുമെല്ലാം പുതുക്കിപ്പണിതത് കെഎംആര്‍എല്‍ ആണ്്. ചെറിയ ഇടവഴിപോലും കോര്‍പറേഷന്‍ ഏറ്റെടുത്തില്ല. നഗരത്തിലെ സൈന്‍ബോര്‍ഡുകളിലൊന്നുപോലുമില്ല കോര്‍പറേഷന്റേതായി. എല്ലാം വച്ചത് കെഎംആര്‍എല്‍.

ദേശീയപാതയില്‍ കോര്‍പറേഷന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ബസ്ഷെല്‍ട്ടറുകള്‍ പൊളിഞ്ഞുകിടന്നിട്ടും അധികാരികള്‍ കണ്ടഭാവം നടിച്ചില്ല. പരാതികളേറിയപ്പോള്‍ അധികാരപരിധി മറികടന്ന് പൊതുമരാമത്തു മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഇടപെട്ട് ഷെല്‍ട്ടറുകള്‍ പുതുക്കിപ്പണിതു. തമ്മനം-പുല്ലേപ്പടി റോഡ് വികസനമെന്ന ചിരകാലസ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നാട്ടുകാര്‍ സ്വന്തം സ്ഥലം വിട്ടുനല്‍കിയപ്പോഴും മേയറും കൂട്ടരും കൈകെട്ടി നോക്കിയിരുന്നു. സ്ഥലം ഏറ്റെടുക്കാന്‍ അനുവദിച്ച തുക പാഴായിട്ടും കുലുക്കമുണ്ടായില്ല. എംജി റോഡ്മുതല്‍ ദേശീയപാതവരെ നാലുവരിപ്പാത നിര്‍മിക്കാനുള്ള ഫണ്ട് "ജനറം' പദ്ധതിയില്‍ ലഭിച്ചിരുന്നു. ലഭിച്ച 514 കോടി രൂപയില്‍ 302 കോടി രൂപയും പാഴാകുകയാണുണ്ടായത്.

തമ്മനം-പുല്ലേപ്പടി റോഡ് വികസനം നഗരസഭ ഉപേക്ഷിച്ചപ്പോള്‍ കാരണക്കോടം പാലത്തിന്റെ പകുതിഭാഗം പണിതുകൊടുത്തത് എറണാകുളം ചേംബര്‍ ഓഫ് കൊമേഴ്സ് ആണ്. അവര്‍ സൗജന്യമായി 100 ദിവസംകൊണ്ട് പണി തീര്‍ത്തുകൊടുത്തെങ്കിലും ബാക്കിഭാഗവും പൂര്‍ത്തിയാക്കാന്‍ ഭരണാധികാരികള്‍ മെനക്കെട്ടില്ല. ഏറ്റെടുത്തുനടത്തിയ ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ ബോട്ട്, ജങ്കാര്‍ സര്‍വീസാകട്ടെ ദിവസവും യന്ത്രം നിലച്ച് ഒഴുകുകയാണ്.

No comments:

Post a Comment