Monday, October 5, 2015

വികസനമുരടിപ്പും അഴിമതിയും കാഞ്ഞൂരിലെ ജനം മടുത്തു

കാഞ്ഞൂര്‍ > കര്‍ഷക ഗ്രാമമായ പഞ്ചായത്തിനെ അഞ്ചുവര്‍ഷവും അവഗണിച്ചവരെന്ന നിലയിലാകും യുഡിഎഫ് ഭരണത്തെ കാഞ്ഞൂരിലെ ജനം വിലയിരുത്തുക. വികസനമുരടിപ്പും അഴിമതിയും നിറഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഭരണവാഗദ്ാനങ്ങളൊന്നും നിറവേറ്റാനായില്ലെന്ന കുറ്റപ്പെടുത്തലുകള്‍കൂടി ഏറ്റുവാങ്ങിയാണ് യുഡിഎഫ് ഭരണസമിതി പടിയിറങ്ങുന്നത്. ശ്രീനാരായണപുരം കോളനിയുടെ ശോച്യാവസ്ഥ, കാര്‍ഷിക മേഖലയിലെ നീക്കിയിരുപ്പിലെ കുറവ്, പ്രസിഡന്റിന്റെ ദുരിതാശ്വാസനിധി ഇല്ലാതാക്കിയത്, ഉപേക്ഷിക്കപ്പെട്ട ഇഎംഎസ് ഭവന പദ്ധതി എന്നിങ്ങനെ സാധാരണജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍നിന്ന് ഓടിയൊളിച്ചതിന് യുഡിഎഫിന് കാഞ്ഞൂരില്‍ മുറപടി നല്‍കേണ്ടിവരും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വാഗ്ദാനമായിരുന്നു ശ്രീനാരായണപുരം കോളനിയുടെ വികസനം. ഒരു കോടി രൂപ ചെലവഴിച്ച് കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനവുമുണ്ടായി. എന്നാല്‍, പ്രഖ്യാപനം മാത്രമായൊതുങ്ങി. കോളനിവാസികളുടെ ജീവിതം ഇന്നും ദുരിതപൂര്‍ണമാണ്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തില്‍ ഭക്ഷ്യസുരക്ഷയും കാര്‍ഷിക മേഖലയിലെ തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനുള്ള ഇടപെടലുകളൊന്നും ഭരണപക്ഷത്തുനിന്നുണ്ടായില്ല. കാര്‍ഷികമേഖലയെ പാടേ അവഗണിച്ച അഞ്ചുവര്‍ഷങ്ങളാണ് കടന്നുപോയത്. കാര്‍ഷിക മേഖലയിലേക്കുള്ള നീക്കിയിരിപ്പ് പ്രതിവര്‍ഷം കുറയ്ക്കുകയാണുണ്ടായത്. പഞ്ചായത്തിലെ ദുരിതബാധിതരെ സഹായിക്കാനായി മുന്‍ എല്‍എഡിഎഫ് ഭരണസമിതി കൊണ്ടുവന്ന പ്രസിഡന്റിന്റെ ദുരിതാശ്വാസനിധി യുഡിഎഫ് ഇല്ലാതാക്കി. ഇഎംഎസ് ഭവന പദ്ധതി ഉപേക്ഷിച്ചതോടെ പാവപ്പെട്ടവര്‍ക്ക് വീടെന്നത് സ്വപ്നം മാത്രമായി. സര്‍ക്കാര്‍ ഗ്യാരന്റിയോടെ കാഞ്ഞൂര്‍ സര്‍വീസ് സഹകരണബാങ്കില്‍നിന്ന് വായ്പയെടുത്ത് ഒരുകോടി ആറുലക്ഷം രൂപയ്ക്ക് വീട് പണിതുനല്‍കാനുള്ള പദ്ധതി ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പില്‍ ജനമനസ്സിന്റെ അംഗീകാരം തേടിയിറങ്ങുമ്പോള്‍ എല്‍ഡിഎഫ് അവതരിപ്പിക്കുന്നത് കാഞ്ഞൂരിന്റെ സമഗ്ര വികസനയമാണ്. അധികാരത്തിലേറിയാല്‍ കാഞ്ഞൂരിനെ സമ്പൂര്‍ണ ജൈവ കാര്‍ഷിക ഗ്രാമമാക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.

കാര്‍ഷിക സ്വയംപര്യാപ്ത ഗ്രാമമായി മാറാനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് കാഞ്ഞൂരില്‍ സ്ഥിരം വിപണനകേന്ദ്രവും തുറക്കും. നെല്‍കൃഷിക്കും ഇടവിളകൃഷികള്‍ക്കും ജൈവ പച്ചക്കറികൃഷിയ്ക്കും പ്രോത്സാഹനം നല്‍കി തരിശുഭൂമിരഹിത പഞ്ചായത്തായി മാറ്റും. മീന്‍വളര്‍ത്തലിനും മുട്ടക്കോഴി വളര്‍ത്തലിനും ക്ഷീരകൃഷിക്കും പ്രോത്സാഹനം നല്‍കും.പെരിയാറിനുകുറുകെ വല്ലംകടവ് പാലം യാഥാര്‍ഥ്യമാക്കും. പെരിയാറിനെ ഉപയോഗപ്പെടുത്തി ചെറുകിട പമ്പിങ് സ്റ്റേഷനുകള്‍ തുടങ്ങും. പൊതുമാര്‍ക്കറ്റും മിനിസിവില്‍സ്റ്റേഷനും നിര്‍മിക്കും. അവശേഷിക്കുന്ന പെരിയാര്‍ മണല്‍പ്പുറം സംരക്ഷിച്ച് കളിസ്ഥലവും പാര്‍ക്കും നിര്‍മിച്ച് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുമെന്നും എല്‍ഡിഎഫ് ഉറപ്പു നല്‍കുന്നു. 14.32 കിലോമീറ്റര്‍ വിസ്തൃതിയില്‍ പെരിയാറിനു തൊട്ടുത്തു കിടക്കുന്ന പഞ്ചായത്തില്‍ ജനസംഖ്യ 22,518. വോട്ടര്‍മാരുടെ എണ്ണമാകട്ടെ 16,307. 8355 സ്ത്രീ വോട്ടര്‍മാരും 7952 പുരുക്ഷ വോട്ടര്‍മാരുമാണുള്ളത്. പതിനഞ്ച് വാര്‍ഡുകളുള്ള പഞ്ചായത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലായാണ് കിടക്കുന്നത്. ഒരു ഭാഗം പാറക്കടവ് ബ്ലോക്കിലും മറ്റൊരുഭാഗം അങ്കമാലി ബ്ലോക്കിലും.

No comments:

Post a Comment