Monday, October 5, 2015

നെല്ലറയില്‍ കരുത്തോടെ ഇടതുപക്ഷം

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെന്നപോലെ തദ്ദേശ തെരഞ്ഞെടുപ്പിലുംഇടതുപക്ഷത്തിന് ഗംഭീര വിജയം സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിന്റെ നെല്ലറയായ പാലക്കാടന്‍ ഗ്രാമങ്ങള്‍. ഇടതുപക്ഷത്തിന്റെ സ്വാധീനവും ബഹുജനപിന്തുണയും കഴിഞ്ഞ കാലയളവില്‍ കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമുണ്ടായിരുന്ന പല സംഘടനകളും ഇന്ന് എല്‍ഡിഎഫിനൊപ്പമാണ്. കൂടാതെ പാര്‍ടി യില്‍നിന്ന് അകന്നുനിന്നവരെയൊക്കെ തിരിച്ചുകൊണ്ടുവരുവാന്‍ സിപിഐ എമ്മിന് സാധിച്ചു.അതിന്റെ പ്രതിഫലനംകഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ പ്രകടമാണ്.

2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങള്‍ എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ അഞ്ച്് മണ്ഡലങ്ങളാണ് യുഡിഎഫിന് ലഭിച്ചത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എം ബി രാജേഷും (106300 വോട്ടിന്റെ ഭൂരിപക്ഷം) ആലത്തൂര്‍ മണ്ഡലത്തില്‍ പി കെ ബിജു (ഭൂരിപക്ഷം 37312)വും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ലോക്സഭാതെരഞ്ഞെടുപ്പില്‍ 91 പഞ്ചായത്തുകളില്‍ 70 പഞ്ചായത്തുകളിലും നാലില്‍ മൂന്ന് നഗരസഭകളിലും എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം നേടാനായി.പാലക്കാട് നഗരസഭയിലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. ചിറ്റൂര്‍-തത്തമംഗലം നഗരസഭ മാത്രമാണ് യുഡിഎഫിന് അനുകൂലമായി നിന്നത്. 27 പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചു പൊല്‍പ്പുള്ളി, മാത്തൂര്‍, കണ്ണാടി, ചെര്‍പ്പുളശേരി, വെള്ളിനേഴി, തൃക്കടീരി, ചളവറ, മുതുതല, മുണ്ടൂര്‍, പുതുപ്പരിയാരം, മരുതറോഡ്, എലപ്പുള്ളി, കൊടുമ്പ്, കോങ്ങാട്, കേരളശേരി,നാഗലശേരി, വാണിയംകുളം, അമ്പലപ്പാറ, പെരുവെമ്പ്, പെരുമാട്ടി, തേങ്കുറുശി, എരിമയൂര്‍, പല്ലശന, എലവഞ്ചേരി, കണ്ണമ്പ്ര, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം എന്നിവയാണ് ഈ പഞ്ചായത്തുകള്‍. ഇവിടെ ജനപിന്തുണ കൂടുതല്‍ ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. അതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ അവഗണന എല്ലാ മേഖലയിലും പ്രകടമാണ്. കാര്‍ഷികമേഖലയിലാണ് ഇത് കൂടുതല്‍ പ്രതിഫലിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം പത്ത് കര്‍ഷകര്‍ കടത്തില്‍മുങ്ങി ആത്മഹത്യ ചെയ്തു. അട്ടപ്പാടിയില്‍ നവജാത ശിശുക്കളുടെ മരണം തുടരുന്നു. വ്യവസായമേഖലയായ കഞ്ചിക്കോട് കടുത്ത പ്രതിസന്ധിയിലാണ്. പരമ്പരാഗത വ്യവസായങ്ങളും തകര്‍ച്ചയിലാണ്.

പാലക്കാടിന്റെ സ്വന്തം വൈദ്യുതി

മീന്‍വല്ലം ചെറുകിട ജലവൈദ്യുതപദ്ധതിയില്‍നിന്ന് രണ്ട് പുതിയ വൈദ്യുതപദ്ധതികള്‍കൂടി ആരംഭിക്കുന്നതോടെ ഒന്നിനുപിറകെ മൂന്നിരട്ടി നേട്ടവുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്. ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിയ മീന്‍വല്ലത്തിന്റെ ഒന്നാംവാര്‍ഷികദിനത്തില്‍ ഇതിനുള്ള നടപടിതുടങ്ങി. മീന്‍വല്ലം പദ്ധതിയുടെ ടര്‍ബൈന്‍തിരിച്ച് പുഴയിലേക്ക് ഒഴുക്കിവിടുന്ന ഭാഗത്താണ് 40 കിലോവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പദ്ധതി ആരംഭിക്കുന്നത്. അതോടൊപ്പം മീന്‍വല്ലംപദ്ധതിയുടെ പവര്‍ ഹൗസിനുമുകളില്‍ സോളാര്‍പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുംആലോചിക്കുന്നു. അമ്പത് കിലോവാട്ട് ഉല്‍പ്പാദനശേഷിയുള്ള സോളാര്‍ പദ്ധതിയാണ് തുടങ്ങുക. രണ്ട് പദ്ധതികള്‍കൂടി ആരംഭിക്കുന്നതോടെ വൈദ്യുതോല്‍പ്പാദനരംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന രാജ്യത്തെ ആദ്യജില്ലാ പഞ്ചായത്ത് എന്ന പദവിയും പാലക്കാടിന് സ്വന്തമാകുന്നു. ഇതോടൊപ്പം കിഴക്കഞ്ചേരി പഞ്ചായത്തിലെ തിണ്ടില്ലത്തുനിന്നും ഒരുമെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിക്കുകൂടി നടപടി തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞവര്‍ഷം ആഗസ്ത് 29ന് കമീഷന്‍ചെയ്ത മീന്‍വല്ലം ചെറുകിട ജലവൈദ്യുതപദ്ധതി ഒരുവര്‍ഷംകൊണ്ട് 66 ലക്ഷംയൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. മൂന്ന് മെഗാവാട്ട് ശേഷിയുള്ള പദ്ധതി അതിന്റെ ലക്ഷ്യംകൈവരിച്ചു. ഒരുവര്‍ഷംകൊണ്ട് വൈദ്യുതി വിറ്റവകയില്‍ ജില്ലാപഞ്ചായത്തിനു 3.24കോടിരൂപ ലഭിച്ചു. ഇരുപത്കോടിരൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ മീന്‍വല്ലംപദ്ധതിക്ക് 7.79 കോടിരൂപ "നബാര്‍ഡ്'വായ്പയും എട്ട്കോടിരൂപ ജില്ലാ പഞ്ചായത്ത്ഫണ്ടും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായി 83ലക്ഷംരൂപയുംചേര്‍ന്നാണ് ഫണ്ട് സ്വരൂപിച്ചത്. ആദ്യവര്‍ഷംതന്നെ 3.24കോടിരൂപ ലഭിച്ചതിനാല്‍ വന്‍ലാഭത്തിലേക്ക് കുതിക്കുകയാണ്. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി നേരിട്ട് വാങ്ങുന്നു. യൂണിറ്റിന് 4.88രൂപയ്ക്കാണ് നല്‍കുന്നത്.

മണ്ണാര്‍ക്കാട്ടെ കരിമ്പ പഞ്ചായത്തിലെ മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ ജനറേറ്റര്‍ സ്ഥാപിച്ച് അതിലൂടെയാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. പാലക്കാട് സ്മാള്‍ ഹൈഡ്രോ പൊജക്ട് എന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മീന്‍വല്ലത്തിന്റെ മാതൃക പിന്തുടര്‍ന്ന് മറ്റൊരു ജലവൈദ്യുത പദ്ധതിക്കുകൂടി ജില്ലാ പഞ്ചായത്ത് നടപടി ആരംഭിച്ചു. കിഴക്കഞ്ചേരി പഞ്ചായത്തിലെ തിണ്ടില്ലം വെള്ളച്ചാട്ടത്തില്‍നിന്ന് ഒരു മൊഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയാണ് ആരംഭിക്കുന്നത്. ഇതുകൂടി പ്രാവര്‍ത്തികമായാല്‍ മറ്റൊരു തദ്ദേശസ്വയംഭരണസ്ഥാപനത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം പാലക്കാട് ജില്ലാ പഞ്ചായത്ത് സ്വന്തമാക്കും.

1703 പഞ്ചായത്തുവാര്‍ഡിലും 7 നഗരസഭയിലും തെരഞ്ഞെടുപ്പ്

ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് 1,703 പഞ്ചായത്തുവാര്‍ഡുകളിലേക്കും ഏഴ് നഗരസഭകളിലേക്കും. ജില്ലാ പഞ്ചായത്തിലെ വാര്‍ഡുകള്‍ 29ല്‍ നിന്ന് 30 ആയി വര്‍ധിച്ചു.പറളിയാണ് പുതുതായി വന്നത്. മുണ്ടൂര്‍, കിഴക്കഞ്ചേരിക്കാവ്, കിണാവല്ലൂര്‍, പിരായിരി, പറളി എന്നിവ ചേര്‍ത്താണ് പറളി ഡിവിഷന്‍ രൂപീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യത്തില്‍ മാറ്റമൊന്നുമില്ല. 13 ഡിവിഷനില്‍ തുടരുന്നു. എന്നാല്‍ ഡിവിഷനുകള്‍ അശാസ്ത്രീയമായി പുനര്‍നിശ്ചയിക്കാനുള്ള ശ്രമമുണ്ടായെങ്കിലും കോടതി ഇടപെട്ട് തടഞ്ഞു. മൂന്ന് നഗരസഭകള്‍ പുതുതായി രൂപീകരിച്ചപ്പോള്‍ പഞ്ചായത്തുകളുടെ എണ്ണം 91ല്‍ നിന്ന് 88ആയി കുറയുകയാണുണ്ടായത്. മൂന്നു പഞ്ചായത്തുകള്‍ പുതുതായി രൂപീകരിക്കാന്‍ ശ്രമമുണ്ടായെങ്കിലും കോടതി ഇടപെടല്‍ മൂലം നടന്നില്ല. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി, പട്ടാമ്പി എന്നിവയാണ് പുതിയ നഗരസഭകള്‍. മണ്ണാര്‍ക്കാട് പഞ്ചായത്തും (17 വാര്‍ഡുകള്‍) തെങ്കരപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും ചേര്‍ത്തതാണ് 29 ഡിവിഷനുള്ള മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി. പട്ടാമ്പി പഞ്ചായത്തിലെ 14വാര്‍ഡുകള്‍ 28 ഡിവിഷനാക്കിയാണ് പട്ടാമ്പി നഗരസഭ രൂപീകരിച്ചത്. ചെര്‍പ്പുളശേരി പഞ്ചായത്തും (19 വാര്‍ഡുകള്‍) തൃക്കടീരി പഞ്ചായത്തിലെ മൂന്നുവാര്‍ഡുകളം ചേര്‍ന്നാണ് 33 ഡിവിഷനടങ്ങുന്ന ചെര്‍പ്പുളശേരി നഗരസഭ. 2010ല്‍ 91 പഞ്ചായത്തുകളിലായി 1542 വാര്‍ഡുകളുണ്ടായിരുന്ന സ്ഥാനത്ത് പഞ്ചായത്തുകളുടെ എണ്ണം 88 ആയികുറഞ്ഞതോടെ വാര്‍ഡുകളുടെ എണ്ണം 1490 ആയി.

ബ്ലോക്ക് പഞ്ചായത്തില്‍183 മണ്ഡലങ്ങളാണുള്ളത്. 91,307 പേരുള്ള ലെക്കിടിയാണ് കൂടുതല്‍ ജനസംഖ്യയുള്ള മണ്ഡലം, 60,305 പേരുള്ള കുലുക്കല്ലൂര്‍ കുറവ് ജനസംഖ്യയുള്ള മണ്ഡലവുമാണ്.അനാഥ സ്ത്രീകള്‍ക്ക് നിര്‍ഭയ' ജീവിതംഅനാഥരായ സ്ത്രീകള്‍ ഒറ്റപ്പാലത്ത് എത്തിയാല്‍ ഇനി ഒറ്റപ്പെടില്ല. അത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന "നിര്‍ഭയ'പദ്ധതിയുണ്ട്. അനാഥരും സമൂഹത്തില്‍ ഒറ്റപ്പെട്ടവരുമായ പെണ്‍കുട്ടികള്‍ക്ക് വരുമാനമുണ്ടാക്കാനുള്ള സാഹചര്യം ഒരുക്കി പുനരധിവസിപ്പിക്കുകയാണിവിടെ.നാടിന് മുതല്‍ക്കൂട്ടാവുന്ന മറ്റൊരു പദ്ധതി കൂടി ക്ഷീരഗ്രാമത്തിലൂടെ നടപ്പാക്കുന്നു. ഓരോ വീടുകളിലും പശുവിനെ നല്‍കി കുടുംബത്തെ സ്വയംപര്യാപ്തമാക്കുന്നു

അമ്പലപ്പാറ, ചളവറ, വാണിയംകുളം പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ ക്ഷീര ഗ്രാമംപദ്ധതി നടപ്പാക്കിയത്. ഈ വര്‍ഷം ലെക്കിടി-പേരൂരില്‍ നടപ്പാക്കും. പാല്‍ സംഭരിക്കനായി ക്ഷീരസംഘങ്ങളും കളക്ഷന്‍ സെന്ററുകളും ഉണ്ടാക്കി. പച്ചക്കറി ഉല്‍പ്പാദനത്തിനായി "ഹരിതഗ്രാമം' പദ്ധതിയും നടപ്പാക്കി. ഭാരതപ്പുഴ സംരക്ഷിക്കാനായി മുളങ്കാട് ഉണ്ടാക്കുന്നുമുണ്ട്. 2500 മുളകള്‍ വച്ചു പിടിപ്പിച്ചു.

രാജ്യാന്തര ശ്രദ്ധ നേടിയ നൂതനപദ്ധതികള്‍

എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്തും പഞ്ചായത്തുകളും ബ്ലോക്ക്പഞ്ചായത്തുകളും നടപ്പാക്കിയ നൂതന പദ്ധതികളില്‍ പലതും രാജ്യാന്തര ശ്രദ്ധ നേടിയവ. രാജ്യത്ത് തന്നെ ആദ്യമായി ഒരുജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ജലവൈദ്യുതപദ്ധതി, മീന്‍വല്ലം വിജയകരമായി മുന്നോട്ടുപോകുന്നു. പാലക്കയത്ത് രണ്ടാമതൊരു പദ്ധതിക്കുകൂടി ഒരുങ്ങുകയാണ് പാലക്കാട് ജില്ലാ പഞ്ചായത്ത്. വിദ്യാഭ്യാസരംഗത്ത് പിന്നോക്കം നില്‍ക്കുന്ന ജില്ലയെ മുന്നോട്ടു നയിക്കുന്നതിന് നടപ്പാക്കുന്ന പദ്ധതികള്‍, കായികമേഖലയ്ക്ക് നല്‍കുന്ന പ്രോത്സാഹനം എന്നിവയൊക്കെ എടുത്തു പറയേണ്ടതാണ്. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളും ആരോഗ്യമേഖലയിലും കൃഷിയിലും അടിസ്ഥാന വികസനത്തിലും ഒട്ടേറെ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.

അതേ സമയം യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടക്കുന്നത് തമ്മിലടിയും വീതംവയ്പ്പും അഴിമതിയും മാത്രം. 2010ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 91 പഞ്ചായത്തുകളില്‍ 47ല്‍ എല്‍ഡിഎഫും 44ല്‍ യുഡിഎഫുമായിരുന്നു അധികാരത്തിലെത്തിയത്. പിന്നീട് എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം 49 ആയി ഉയര്‍ന്നു. കൊല്ലങ്കോട് പഞ്ചായത്തിന് പുറമേ ജനതാദള്‍ എസ് എല്‍ഡിഎഫിനൊപ്പം വന്നപ്പോള്‍ പെരുമാട്ടിയും ഇടതുപക്ഷത്തായി. ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെയുള്ള 13ല്‍ ഒമ്പത് എല്‍ഡിഎഫിനൊപ്പവും നാല് യുഡിഎഫിനൊപ്പവുമാണ്. നഗരസഭകളില്‍ ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവ എല്‍ഡിഎഫിനൊപ്പവും പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം എന്നിവ യുഡിഎഫിനൊപ്പവുമാണ്. തെരഞ്ഞെടുപ്പിന് ശേഷം ഷൊര്‍ണൂര്‍ നഗരസഭ ജനകീയ വികസനസമിതിയും കോണ്‍ഗ്രസും ചേര്‍ന്നാണ് ഭരിച്ചിരുന്നത്. എം ആര്‍ മുരളിയുടെ നേതൃത്വത്തിലുള്ള ജനകീയ വികസനസമിതി സിപിഐ എമ്മിലേക്ക് വന്നപ്പോള്‍ ഭരണം എല്‍ഡിഎഫിനായി.

ഒറ്റപ്പാലം നഗരസഭയില്‍ ഏറ്റവും വലിയകക്ഷി സിപിഐ എമ്മായിരുന്നുവെങ്കിലും യുഡിഎഫ് ഭരണസമിതിയായിരുന്നു തുടക്കത്തില്‍ ഭരിച്ചിരുന്നത്. യുഡിഎഫ് ഭരണത്തില്‍ മനം മടുത്ത മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും സ്വതന്ത്രയും പിന്തണച്ചതോടെ ഭരണം ഇടതുപക്ഷത്തിനായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 30 ഉപതെരഞ്ഞെടുപ്പാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ നടന്നത്. അതിലും എല്‍ഡിഎഫിനായിരുന്നു നേട്ടം. 15 എല്‍ഡിഎഫും 14 യുഡിഎഫും നേടി. സിപിഐ എം 11, സിപിഐ -1, ജനതാദള്‍ -3 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വിജയം, യുഡിഎഫില്‍ പത്ത് കോണ്‍ഗ്രസും മൂന്ന് മുസ്ലിംലീഗും നേടി. ലീഗ് വിട്ട ഒരാള്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു, പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 20 പഞ്ചായത്തുകളിലാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

നെല്ലിയാമ്പതിയില്‍ മൂന്നും അഗളി, അനങ്ങനടി, പെരുമാട്ടി, കടമ്പഴിപ്പുറം, വടകരപ്പതി എന്നിവിടങ്ങളില്‍ രണ്ട് വീതവും ഉപതെരഞ്ഞെടുപ്പ് നടന്നു. ബാക്കിയുള്ളവയില്‍ ഒരോന്ന ്വീതവും. ബ്ലോക്ക് പഞ്ചായത്തില്‍ ആലത്തൂര്‍, അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ആലത്തൂരില്‍ സിപിഐ എം ഉജ്വല ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തി. അട്ടപ്പാടിയില്‍ യുഡിഎഫും നിലനിര്‍ത്തി. ജില്ലാ പഞ്ചായത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നില്ല. ഈ തെരഞ്ഞെടുപ്പുകളിലൊന്നും ബിജെപിക്ക് ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചില്ല. 47 പഞ്ചായത്തുകളിലാണ് വനിതാ പ്രസിഡന്റുമാരുണ്ടായിരുന്നത്.2010ല്‍ 1556647 പേര്‍ (76.46ശതമാനം) വോട്ട് ചെയ്തപ്പോള്‍ എല്‍ഡിഎഫിന് 670130(43.05 ശതമാനം) വോട്ടും യുഡിഎഫിന് 680237(43.7) വോട്ടുമാണ് ലഭിച്ചത്. ബിജെപിക്ക് ലഭിച്ചതാകട്ടെ 97756(6.28) വോട്ടാണ്. എസ്ജെഡി 55229(3.55), സിഎംപി 19430(1.25),കെസിഎം15292(0.98) കെസിബി 146(0.01) എന്നീ പാര്‍ടികള്‍ അന്ന് യുഡിഎഫിനൊപ്പമായിരുന്നു. അവരില്‍ ഭൂരിപക്ഷവുംഇപ്പോള്‍ അവരുടെ ഒപ്പമില്ല.

പഞ്ചായത്തുകളില്‍ സിപിഐ എമ്മിന് 690ഉം സിപിഐക്ക് 44ഉം കോണ്‍ഗ്രസിന് 486 ഉം മുസ്ലിംലീഗിന് 126ഉം ആംഗങ്ങളുമുണ്ട്. ബിജെപിക്ക് ആകെയുള്ള അംഗങ്ങളുടെ എണ്ണം 24 ആണ്. ബ്ലോക്ക് പഞ്ചായത്തില്‍ ബിജെപിക്ക് അംഗങ്ങളില്ല. സിപിഐ എമ്മിന് 97ഉം സിപിഐക്ക് 10ഉം കോണ്‍ഗ്രസിന് 54ഉം ലീഗിന് 12ഉം അംഗങ്ങളുണ്ട്. മുനിസിപ്പാലിറ്റിയില്‍ സിപിഐഎമ്മിന് 37ഉം കോണ്‍ഗ്രസിന് 59ഉം ബിജെപിക്ക് 21ഉം സിപിഐക്ക് ഒന്നും അംഗങ്ങളാണുള്ളത്.

തട്ടിപ്പിലും വെട്ടിപ്പിലും 1st വികസനം പൊടിപോലുമില്ല

സംസ്ഥാനത്ത് വികസന മുരടിപ്പിലും അഴിമതിയിലും ഒന്നാംസ്ഥാനമെന്ന കുപ്രസിദ്ധി യുഡിഎഫ് ഭരിക്കുന്ന പാലക്കാട് നഗരസഭയ്ക്ക് മാത്രം സ്വന്തം. ഭരണം തുടങ്ങിയതു മുതല്‍ തമ്മിലടിച്ച ഭരണ കര്‍ത്താക്കള്‍അഞ്ചു വര്‍ഷവും അത് തുടര്‍ന്നു. കോണ്‍ഗ്രസിന്റെ രണ്ടുചെയര്‍മാന്‍ കസേരയിലിരുന്നിട്ടും വികസനം എത്തിനോക്കിയില്ല. പ്രധാന പ്രതിപക്ഷ പാര്‍ടിയായ ബിജെപി കൂടി അഴിമതിയില്‍ പങ്കാളിയായി. വീതം വയ്പ് തുല്യമല്ലെങ്കില്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധസ്വരമുയര്‍ത്തും. തുടര്‍ന്ന് ഒത്തുതീര്‍പ്പിലൂടെ എല്ലാ പരിഹരിക്കും. അതോടെ എല്ലാവരും മനഃപൂര്‍വം മറക്കും. ഇങ്ങനെയൊരു അഡ്ജസ്റ്റ്മെന്റ് ഭരണം സംസ്ഥാനത്ത് എവിടെ ഉണ്ടാകും.

ട്രഞ്ചിങ് ഗ്രൗണ്ട്, പരസ്യ കമ്പനിയുമായുള്ള അവിഹിത കൂട്ടുകെട്ട് തുടങ്ങി അഴിമതിയുടെ ഭാണ്ഡം തന്നെ ആദ്യചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസിനെതിരെ പാര്‍ടിക്കുള്ളില്‍നിന്ന് ഉയര്‍ത്തി. കോണ്‍ഗ്രസ് പാര്‍ടിക്കാര്‍ തന്നെ സ്വന്തം ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ശ്രമിച്ചു. രാജിവയ്ക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങിയ ചെയര്‍മാനെ താഴെയിറക്കാന്‍ മുഖ്യന്ത്രി മുതല്‍ രമേശ് ചെന്നിത്തലവരെ മാരത്തോണ്‍ ചര്‍ച്ച നടത്തി. അഴിമതി കേസുകളൊക്കെ ഒതുക്കാമെന്ന ഉറപ്പില്‍ ഖുദ്ദൂസ് സ്ഥാനമൊഴിഞ്ഞു. കോണ്‍ഗ്രസ് അംഗമായ പി വി രാജേഷിനെ ചെയര്‍മാന്‍ കസേരയിലിരുത്തി.

കടത്തുകാരായ അഛന്റെയും മകന്റെയും കഥപോലെയായിരുന്നു അഴിമതിയുടെ കാര്യത്തില്‍ ഇരുവരും. പി വി രാജേഷ് ഖുദ്ദൂസിനെ കടത്തിവെട്ടുന്നു. പത്രത്താളുകളില്‍ വികസന പ്രഖ്യാപനം വരുത്തുന്നതില്‍ രാജേഷ് ഒരുപടി മുന്നിലാണ്. പാര്‍ട്ണര്‍ കേരള പദ്ധതി, കാലമെത്താതെതന്നെ നഗരസഭയുടെ നൂറ്റമ്പതാം വാര്‍ഷികാഘോഷം എന്നിങ്ങനെ കോടികളുടെ അഴിമതിയാണ് ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. വാര്‍ഷികാഘോഷത്തിന് രസീതില്ലാതെ രണ്ടുകോടിയോളം രൂപ പിരിച്ചുവെന്ന് ആക്ഷേപമുണ്ട്.നാലുവര്‍ഷത്തെ നഗരസഭയുടെ ബജറ്റ് കണ്ണോടിച്ചാല്‍ അറിയാം ഒന്നും നടന്നിട്ടില്ല എന്ന്. കഴിഞ്ഞ പത്തുവര്‍ഷവും ബജറ്റില്‍ വനിതാ ഹോസ്റ്റല്‍ ഇടംനേടിയത് ഉദാഹരണം.

മാലിന്യ നിര്‍മാര്‍ജനത്തിന് പദ്ധതിപോലുമില്ല. നഗരം മാലിന്യ ക്കൂമ്പാരമാണ്. മഴ പെയ്താല്‍ അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകും. മഴക്കാല പൂര്‍വ ശുചീകരണം നടക്കാറില്ല. നഗരം രോഗങ്ങളുടെ പിടിയിലും. കുടിവെള്ളം, മാലിന്യസംസ്കരണം, വൈദ്യുതി, ഗതാഗതം തുടങ്ങി വികസനം താഴെ നിന്നുതന്നെ ഇനി തുടങ്ങണം. നഗരസഭയുടെ കാലപ്പഴക്കം ചെന്ന മാസ്റ്റര്‍ പ്ലാന്‍ ഇനിയെങ്കിലും പുതുക്കണം. ഗതാഗത സംവിധാനമാകെ കുത്തഴിഞ്ഞു. സിഗ്നല്‍ ലൈറ്റുകള്‍ കത്താറില്ല. തെരുവ് വിളക്കുകള്‍ പ്രകാശിക്കാറില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ വേറെ. പാലങ്ങളില്‍ പോലും വിളക്കുകളില്ല. കല്‍പ്പാത്തി, കണ്ണാടി പുഴകളിലേക്ക് മാലിന്യം ഒഴുകുന്നു.അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി അട്ടിമറിച്ചു.കുളങ്ങളൊക്കെ മാഫിയകള്‍ കൈയേറി നികത്തി. എല്ലാവര്‍ക്കും കുടിവെള്ളകണക്ഷന്‍ വാഗ്ദാനം മാത്രമായി.എംഎല്‍എ ഫണ്ടും എംപി ഫണ്ടുമൊക്കെ ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡുകളും മറ്റും സ്വന്തം അക്കൗണ്ടിലാക്കി മേനി കാണിക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഭരണാധികാരികള്‍.

No comments:

Post a Comment